തീരദേശ സംരക്ഷണത്തിനു സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകണം: മാർ പെരുന്തോട്ടം
ആലപ്പുഴ: നിരന്തരം കടൽക്ഷോഭത്തിന് ഇരയാകുന്ന തീരദേശ നിവാസികളുടെ ജീവൽപ്രശ്നത്തിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
ആലപ്പുഴയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമായ ഒറ്റമശേരി ഭാഗത്ത് ആർച്ച്ബിഷപ് സന്ദർശനം നടത്തി. തീരമേഖലയിൽ വസിക്കുന്ന വരുടെ പാർപ്പിടങ്ങളുടെയും ജീവന്റെയും സംരക്ഷണം ഉറപ്പാക്കണം.
ഓരോ വർഷവും നിരവധി വീടുകൾ കടൽ വിഴുങ്ങുന്നു. രോഗികളും വയോധികരും നിസഹായാവസ്ഥയിലാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ നിരാശരും നിരാലംബരുമാക്കുന്ന അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
വാഗ്ദാനങ്ങൾ ആവർത്തിക്കുന്നു, പ്രായോഗിക നടപടി ഉണ്ടാകുന്നില്ല. ഒറ്റമശേരി, ചെല്ലാനം, തൈക്കൽ തുടങ്ങിയ തീരപ്രദേശങ്ങൾ രൂക്ഷമായ കടലാക്രമണത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ഒറ്റമശേരി ഭാഗത്ത് 800 മീറ്ററോളം കടൽത്തീരം ശക്തമായ പുലിമുട്ടും കടൽഭിത്തിയും നിർമിച്ച് തിരമാലകളെ പ്രതിരോധിക്കേണ്ടത് അടിയന്തരാവശ്യമാണ്. കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവനും നീതിക്കും വേണ്ടിയുള്ള രോദനം സർക്കാർ കേൾക്കാതെ പോകരുതെന്നും ആർച്ച്ബിഷപ് പറഞ്ഞു.