കൂട്ടായ്മയാണ് സഭയുടെ ശക്തി: ആർച്ച്ബിഷപ് മാർ ഞരളക്കാട്ട്
തലശേരി: സഭയുടെ ശക്തി കൂട്ടായ്മയാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്. സീറോ മലബാർ സഭയുടെ തലശേരി പ്രവിശ്യാ സംയുക്ത വൈദികസമിതി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രവിശ്യയിൽ തലശേരി, മാനന്തവാടി, താമരശേരി, മാണ്ഡ്യ, ഭദ്രാവതി, ബൽത്തങ്ങാടി എന്നിങ്ങനെ ആറു രൂപതകളാണുള്ളത്. തലശേരി സന്ദേശഭവനിൽ നടന്ന സമ്മേളനത്തിൽ എല്ലാ രൂപതകളിലെയും മെത്രാന്മാരും വൈദികസമിതി അംഗങ്ങളും പങ്കെടുത്തു.
സീറോ മലബാർ സഭയുടെ കൂട്ടായ്മയും ഐക്യവും വ്യത്യസ്ത തലങ്ങളിൽ വളർത്തുന്നതിനാവശ്യമായ മാർഗങ്ങൾ യോഗം ചർച്ച ചെയ്തു. സീറോ മലബാർ സഭയിലെ കാലികപ്രശ്നങ്ങളിൽ വൈദികസമിതി ഉത്കണ്ഠ രേഖപ്പെടുത്തി. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച യോഗം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയും പ്രഖ്യാപിച്ചു. കൂട്ടായ്മയുടെ ചൈതന്യത്തെ അപഹരിച്ച് സഭയെ ആത്മീയമായും സമുദായത്തെ ആന്തരികമായും ദുർബലപ്പെടുത്തുന്ന എല്ലാ ശൈലികളും പ്രവർത്തനങ്ങളും സഭയൊന്നാകെ ബഹിഷ്കരിക്കണമെന്നും സംയുക്ത വൈദികസമിതി ആവശ്യപ്പെട്ടു.
ബൽത്തങ്ങാടി ബിഷപ് മാർ ലോറൻസ് മുക്കുഴി അധ്യക്ഷത വഹിച്ചു. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം , താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവർ പ്രസംഗിച്ചു.
മാണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി വിഷയാവതരണം നടത്തി.
സഭയിലെ ഭിന്നതകളെ സഭയുടെ ശത്രുക്കൾ ഉപകരണങ്ങളാക്കുകയാണെന്നും നിസാരകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ച് ഊർജം പാഴാക്കുന്ന നാം അതിപ്രധാനമായ പലതും കാണുന്നില്ലെന്നും യോഗം വിലയിരുത്തി. സഭാ കൂട്ടായ്മക്കെതിരേ സംഭവിക്കുന്ന സംഘടിതമായ ആക്രമണങ്ങളെ അവഗണിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അന്തഃഛിദ്രങ്ങൾ നമ്മെ ദുർബലപ്പെടുത്തുന്നതിനാൽ സഭയ്ക്കുള്ളിൽ നടക്കുന്ന സംഘർഷങ്ങൾ സഭയെ പൊതുസമൂഹത്തിൽ അപമാനിതയാക്കുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി.
കർഷകർ നേരിടുന്ന വിവിധപ്രശ്നങ്ങളായ വിലത്തകർച്ച, വന്യമൃഗശല്യം, കുടിയൊഴിപ്പിക്കൽ ഭീഷണി തുടങ്ങിയവയെ സംഘാതമായി പ്രതിരോധിക്കണമെന്നും യോഗം തീരുമാനിച്ചു.