അമേരിക്കൻ സീറോ മലബാർ വിശ്വാസികളുടെ സംഗമം ഹൂസ്റ്റണിൽ
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാർ രൂപത വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്വൻഷന് ഹൂസ്റ്റണിൽ ഒരുക്കംതുടങ്ങി. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ ഉണർവും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള കൺവൻഷന് അതിഥേയത്വം വഹിക്കുന്നതു ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനയാണ്. ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ ഹൂസ്റ്റണിലെ ഹിൽട്ടണ്‍ അമേരിക്കാസ് കണ്വൻഷൻ നഗറിലാണ് കണ്വൻഷൻ. അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാർ ഇടവകകളിൽനിന്നും നാല്പത്തിയഞ്ചോളം മിഷനുകളിൽ നിന്നുമാണു കണ്‍വൻഷനിൽ പങ്കെടുക്കാൻ വിശ്വാസികൾഎത്തുക.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് കണ്‍വൻഷന്റെ മുഖ്യ രക്ഷാധികാരി. ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് രക്ഷാധികാരിയായും സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ജനറൽ കണ്‍വീനറായും ഫൊറോനാ വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കണ്‍വീനറായും കമ്മിറ്റി പ്രവർത്തിക്കുന്നു. ഇടവകയിലെ മുപ്പതിൽപരം അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. ഇവരുടെ കീഴിൽ നാല്പതോളം കമ്മറ്റികൾ കഴിഞ്ഞ 18 മാസങ്ങളായി പരിപാടിയുടെ വിജയത്തിനു പ്രവർത്തിക്കുന്നു.
കണ്‍വൻഷനു തുടക്കം കുറിച്ചുകൊണ്ടുള്ള ഓപ്പണിംഗ് പ്രോഗ്രാം നയിക്കുന്നതു ധ്യാനഗുരുവും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫാ.ഷാജി തുന്പേച്ചിറയിലാണ്. ഹൂസ്റ്റണിലെ വിവിധ വേദികളിലായി റിഹേഴ്സൽ നടന്നുവരികയാണ്. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഇടവകയിലെ 320 പേരാണ് ഓപ്പണിംഗ് പരിപാടിയൊരുക്കുന്നത്. കേരളീയ നാടൻ കലാരൂപങ്ങൾക്കൊപ്പം നൂതന കലാരൂപങ്ങളും കോർത്തിണക്കി ഒന്നര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ദൃശ്യവിസ്മയമാണ് ഓപ്പണിംഗ് പരിപാടി.
കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കുമായി സെമിനാറുകളും കലാകായിക പരിപാടികളും നടക്കും. കേരളത്തിലെയും അമേരിക്കയിലെയും അറിയപ്പെടുന്ന സാമൂഹ്യ- ആത്മീയ പ്രഭാഷകർ സന്ദേശം നല്‍കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ജസ്റ്റീസ് കുര്യൻ ജോസഫ് തുടങ്ങിയവരും പ്രഭാഷണം നയിക്കും. തൈക്കൂടം ബ്രിഡ്ജിന്റെ സംഗീതനിശയും സമാപനദിനത്തിൽ അരങ്ങേറും.