വി. ചാവറ പിതാവിനെ കുറിച്ച് സിനിമ വരുന്നു
കുമരകം: വിശുദ്ധ ചാവറയച്ചന്റെ ജീവിതം ഇതിവൃത്തമാക്കിയ സിനിമയുടെ ചിത്രീകരണം കുമരകം ചീപ്പുങ്കൽ പ്രദേശങ്ങളിൽ പുരോഗമിക്കുന്നു. മാന്നാനത്തുനിന്നു കൈനകരി, പള്ളിപ്പുറം പ്രദേശങ്ങളിലേക്കുള്ള യാത്രാമധ്യേ കുമരകത്ത് എത്തിയിരുന്ന ചാവറയച്ചന് ഏറെ പ്രിയങ്കരമായിരുന്നു പാടങ്ങളും കായലും നിറഞ്ഞ ചീപ്പുങ്കൽ. തിങ്കളാഴ്ച മാന്നാനത്ത് ചിത്രീകരണം തുടങ്ങിയ സിനിമ ജൂലൈ അവസാനം തീയേറ്ററുകളിലെത്തും. കേരളത്തിന്റെ നാവോത്ഥാന നായകനായാണു ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ സിനിമയിൽ അവതരിപ്പിക്കുന്നത്. ബാല്യകാലമാണ് ഇപ്പോൾ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്.
അജി കെ. ജോസാണ് സംവിധാനം. സിഎംഐ തിരുവനന്തപുരം പ്രൊവിൻസ് കൾചറൽ ആൻഡ് എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റാണ് നേതൃത്വം വഹിക്കുന്നത്. അനിൽ ചേർത്തലയുടെതാണു കഥയും തിരക്കഥയും സംഭാഷണവും. സംഗീതം ഗിരീഷ് നാരായണൻ. ചിറ്റു ഏബ്രഹാം, ജോസഫ് തൃശൂർ, രമേശ് കോട്ടയം, ഫാ. സിബിച്ചൻ കളരിക്കലും ചാവറയച്ചന്റെ വിവിധ പ്രായങ്ങളിൽ വേഷമിടുന്നു. ചാവറയച്ചന്റെ അമ്മാവനായി ബേബിച്ചൻ ഏർത്തയിലും പേരൂർക്കരയച്ചനായി അജിഷ് കൊട്ടാരക്കരയും അഭിനയിക്കുന്നു.