വത്തിക്കാന്‍ അംഗീകരിച്ച നാല് മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍

അനേകം മരിയന്‍ ദര്‍ശനങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും നടക്കാറുണ്ട്. വ്യക്തികള്‍ക്ക് ലഭിക്കുന്ന ദര്‍ശനങ്ങളും ഉണ്ട്. അവയ്ക്കിടയില്‍ ശരിയായതും വ്യാജമായതുമായ ദര്‍ശനങ്ങളുണ്ട്. എല്ലാ ദര്‍ശനങ്ങളും മാതാവില്‍ നിന്ന് തന്നെ ആകണമെന്നുമില്ല. ലൂര്‍ദ്, ഫാത്തിമാ തുടങ്ങിയ മരിയന്‍ ദര്‍ശനങ്ങള്‍ ഏറെ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം വത്തിക്കാന്‍ അംഗീകരിച്ച മരിയന്‍ പ്രത്യക്ഷീകരണങ്ങളാണ്. വത്തിക്കാന്റെ അംഗീകാരം നേടിയ നാല് മരിയന്‍ ദര്‍ശനങ്ങളെ ഇത്തവണ പരിചയപ്പെടാം.

ഫ്രാന്‍സിലെ ലാവൂസ്
1664 ലെ മെയ് മാസത്തിലാണ് ഇടയകന്യകയായ ബെനോയ്റ്റ് റെന്‍ക്യുറേല്‍ എന്ന പെണ്‍കുട്ടിക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത്. ഉണ്ണിയെ കൈകളിലേന്തിയ നിലയിലായിരുന്നു മാതാവിന്റെ ദര്‍ശനം. ആ ദര്‍ശനങ്ങള്‍ ഏതാണ്ട് ഒരു വര്‍ഷക്കാലം നീണ്ടു നിന്നു. പ്രായശ്ചിത്തവും, മാനസാന്തരവുമായിരുന്നു മാതാവിന്റെ പ്രധാന സന്ദേശങ്ങള്‍. 1665 ല്‍ സ്ഥലത്തെ മെത്രാന്‍ ഈ ദര്‍ശനങ്ങളെ പരിശോധിച്ച് അംഗീകാരം നല്‍കി. വത്തിക്കാന്‍ അംഗീകരിച്ചത് 2008 ലാണ്.

പാരിസിലെ റൂ ഡു ബാക്ക്
1830 ജൂലൈ 18 ാം തീയതി ഫ്രാന്‍സില്‍, കാതറിന്‍ ലബൂര്‍ എന്ന ഒരു യുവ സന്ന്യാസിനിക്ക് മനോഹരിയായ ഒരു യുവതിയുടെ രൂപത്തില്‍ മാതാവ് പ്രത്യക്ഷയായി. അതു കൂടാതെ മറ്റനേകം ദര്‍ശനങ്ങളും കാതറിന് ലഭിക്കുകയുണ്ടായി. പ്രശസ്തമായ മിറക്കുലസ് മെഡല്‍ ഭക്തി കാതറിനുണ്ടായ ദര്‍ശങ്ങളില്‍ നിന്നും ഉത്ഭവിച്ചതാണ്. മിറക്കുലസ് മെഡല്‍ ധരിക്കുന്നവര്‍ക്ക് ഒട്ടേറെ അനുഗ്രഹങ്ങള്‍ മാതാവ് വാഗ്ദാനം ചെയ്തു. 1836 ല്‍ ഈ ദര്‍ശനങ്ങള്‍ക്ക് വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. അന്നു മുതല്‍ ലോകമെമ്പാടും ഏറെ ജനപ്രീതി നേടിയിട്ടുണ്ട്, ഈ മരിയഭക്തി.

ലിത്വേനിയയിലെ സിലുവ
1608 ല്‍ ഒരു കൂട്ടം ആട്ടിടയര്‍ ഒരു കുഞ്ഞിനെയും കൈയിലെടുത്ത് കരഞ്ഞു കൊണ്ടു നില്‍ക്കുന്ന ഒരു സ്ത്രീയെ ദര്‍ശനത്തില്‍ കണ്ടു. ആ ഗ്രാമത്തിലെ ആളുകള്‍ കത്തോലിക്കാ വിശ്വാസം കൈവെടിഞ്ഞതില്‍ താന്‍ അതിയായി ദുഖിക്കുന്നു എന്ന് പരിശുദ്ധ അമ്മ അവരോട് പറഞ്ഞു. വൈകാതെ ഭൂരിഭാഗം പേരും കത്തോലിക്കാ വിശ്വാസത്തിലേക്ക് മടങ്ങി വന്നു. 1775 ആഗസ്റ്റ് 17 ന് വത്തിക്കാന്‍ ഈ പ്രത്യക്ഷീകരണത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി.

പോളണ്ടിലെ ലെസായ്ക്ക്
1578 ല്‍ മരം വെട്ടുകാരനായിരുന്ന തോമസ് മിഷാലെക്ക് എന്നയാള്‍ക്ക് കാട്ടില്‍ വച്ച് മാതാവ് പ്രത്യക്ഷപ്പെട്ടു. ആ സ്ഥലത്ത് ഒരു ചാപ്പല്‍ പണി കഴിപ്പിക്കാന്‍ മാതാവ് ആവശ്യപ്പെട്ടു. ‘ഞാന്‍ ഈ സ്ഥലം തെരഞ്ഞെടുത്തിരിക്കുന്നു. ഇവിടെ എന്റെ പുത്രന്‍ ആദരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യും. എന്റെ മാധ്യസ്ഥം തേടുന്നവരെ ഞാന്‍ അനുഗ്രഹിക്കും’ എന്ന് മാതാവ് അരുള്‍ചെയ്തു. 1752ല്‍ വത്തിക്കാന്‍ ഈ ദര്‍ശനത്തിന് അംഗീകാരം നല്‍കി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles