എസ്എംവൈഎം ”തണലേകാൻ യുവത്വം’പദ്ധതിക്കു തുടക്കമായി
കൊച്ചി: ആഗോള പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്എംവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ “തണലേകാൻ യുവത്വം’ പദ്ധതിക്കു തുടക്കമായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വൃക്ഷത്തൈ നട്ടു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പദ്ധതി ഉദ്ഘാടനം ചെയ്തു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനങ്ങളും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതു കാരണമാണെന്നു കർദിനാൾ ചൂണ്ടിക്കാട്ടി.
ശുദ്ധവായുവിനു മരങ്ങൾ അനിവാര്യമാണെന്നും അതിനാൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു പ്രകൃതിയുടെ സംരക്ഷണം യുവജനങ്ങൾ ഏറ്റെടുക്കണമെന്നും കർദിനാൾ യുവജനങ്ങളെ ആഹ്വാനം ചെയ്തു. പദ്ധതിയുടെ ഭാഗമായി എസ്എംവൈഎമ്മിന്റെ രൂപതാ, ഫൊറോന, യൂണിറ്റ് തലങ്ങളിൽ ആയിരക്കണക്കിനു വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ തീരുമാനമായി. ചടങ്ങിൽ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, റവ ഡോ. ഏബ്രഹാം കാവിൽപുരയിടം, ഫാ. തോമസ് മേൽവെട്ടം, ഫാ. ആന്റണി തലച്ചല്ലൂർ, ഫാ. ജോജി കല്ലുങ്കൽ, സിസ്റ്റർ കൊച്ചുറാണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരി, എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജൂബിൻ കൊടിയംകുന്നേൽ, ജനറൽ സെക്രട്ടറി മെൽബിൻ പുളിയംതൊട്ടിയിൽ, വൈസ് പ്രസിഡന്റ് അഞ്ചുമോൾ ജോണി പൊന്നന്പേൽ, ഡെപ്യൂട്ടി പ്രസിഡന്റ് ജിതിൻ മുടപ്പാലയിൽ, സെക്രട്ടറി ആൽബിൻ വറപ്പോളയ്ക്കൽ, ജിബിൻ താന്നിയ്ക്കാമറ്റത്തിൽ, കൗണ്‍സിലർമാരായ ആൽവിൻ ഞായർകുളം, ദിവ്യ വിജയൻ കൊടിത്തറ എന്നിവർ നേതൃത്വം നൽകി.