അണുബോംബില്‍ നിന്നു സംരക്ഷണം നല്‍കിയ മാതാവ്
സല്ലെ, ഹ്യൂബെര്‍ട്ട് ഷിഫെര്‍, വില്‍ഹെം ക്‌ളീന്‍സോര്‍ജ്, ഹ്യൂബെര്‍ട്ട് സീസില്‍ക്ക് എന്നീ നാലു ജസ്യൂട്ട് വൈദീകര്‍ അമലോത്ഭവമാതാവിന്റെ ദേവാലയത്തിലെ റെക്ടറിയിലായിരുന്നു താമസിച്ചിരുന്നത്. ചര്‍ച്ച് കലണ്ടര്‍ പ്രകാരം പുതിയനിയമത്തില്‍ ക്രിസ്തു ശിഷ്യന്‍മാര്‍ക്കു മുമ്പില്‍ സൂര്യനെ വെല്ലുന്ന ശോഭയോടെ പ്രത്യക്ഷപ്പെട്ടതിന്റെ അനുസ്മരണദിനമായിരുന്നു അന്ന്. രാവിലെയുള്ള ദിവ്യകുര്‍ബാനയ്ക്കുശേഷം പ്രാതലിനൊരുങ്ങുകയായിരുന്നു ജസ്യൂട്ട് വൈദീകനായ ഷിഫര്‍. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവലയങ്ങള്‍ക്കൊപ്പം ആ വൈദീകന്‍ വായുവിലേക്കെടുത്തെറിയപ്പെട്ടു.
ബോധം വീണ്ടുകിട്ടിയപ്പോള്‍ അവരുടെ കെട്ടിടമൊഴിച്ച് ബാക്കിയെല്ലാം ശ്മശാനഭൂമികണക്കെ തകര്‍ന്നുതരിപ്പണമായതാണ് കണ്ടത്. വൈദീകര്‍ താമസിച്ചിരുന്നിടത്തുനിന്നും പത്തിരട്ടി മൈല്‍ അകലെ വസിച്ചിരുന്നവര്‍ പോലും തല്‍ക്ഷണം മരണമടഞ്ഞു. എന്നിട്ടും ആക്രമണത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും കഷ്ടിച്ച് ഒരുമൈല്‍ മാത്രം അകലത്തായ ജസ്യൂട്ട് വൈദീകര്‍ അണുപ്രസരണത്തിന്റെ ഒരു തരി പോലും തീണ്ടാതെ സുരക്ഷിതരായി നിലകൊണ്ടു. പൊട്ടിയ ജനാലചില്ലില്‍ നിന്നുമേറ്റ മുറിവൊഴിച്ചാല്‍ അദ്ദേഹം സുരക്ഷിതനായിരുന്നു. ലോകത്തെ നടുക്കിയ ഹിരോഷിമാ ദുരന്തത്തിന്റെ വാര്‍ഷികാചരണവേളയില്‍ മാരകമായ അണുപ്രസരണത്തില്‍നിന്നും തങ്ങളെ കാത്തുപരിപാലിച്ച ജപമാലയുടെ ശക്തി വിവരിക്കുകയായിരുന്നു ആ നാലു ജസ്യൂട്ട് വൈദീകര്‍.
ആക്രമണത്തെ തുടര്‍ന്നുള്ള മാസങ്ങളില്‍ അനേകായിരങ്ങള്‍ അണുപ്രസരണത്തിന്റെ ഇരകളായി. അകാലത്തിലുള്ള മരണവും, കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളും വരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ഡോക്ടര്‍മാരുടെ നിഗമനങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ഈ വൈദീകര്‍ അതിജീവിച്ചത് മരണത്തെ മാത്രമല്ല അണുപ്രസരണത്തിന്റെ മാരകവിപത്തുകളെകൂടിയാണ്.
പ്രഗത്ഭരായ പല ഭിഷ്വഗരന്‍മാരും വര്‍ഷങ്ങളോളം നീണ്ട പഠനത്തിനു വൈദീകരെ വിധേയമാക്കി. ശാസ്ത്രത്തെ വിസ്മയിപ്പിച്ചുകൊണ്ട് മാരക പ്രഹരശേഷിയുള്ള ആറ്റംബോംബില്‍ നിന്നും പിന്നീടുള്ള വിപത്തുകളില്‍നിന്നും അനായാസം വിജയം കൈവരിച്ച ഈ ജസ്യൂട്ട് വൈദീകര്‍ തങ്ങളുടെ അതിജീവനത്തിനു സഹായകമായ അത്ഭുത രഹസ്യം ഫാത്തിമായിലെ സന്ദേശമാണെന്നു പ്രഖ്യാപിക്കുന്നു. റെക്ടറിയില്‍ എല്ലാ ദിവസവും അവര്‍ കൊന്ത ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു. ഓരോ ജപമണിയില്‍ അടങ്ങിയിരുന്ന അമ്മയുടെ സ്‌നേഹവായ്പും അപ്പന്റെ കരുതലും ആവോളം അവര്‍ അനുഭവിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.