വി. പാദ്രെ പിയോയുടെ മരിയ ഭക്തി

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍

 

ആധുനിക കാലഘട്ടത്തിലെ മഹാവിശുദ്ധനാണ് വി. പാദ്രെ പിയോ. പഞ്ചക്ഷതധാരിയായ വിശുദ്ധന്‍ അസാധാരണമാം വിധം ലോകത്തെ സ്വാധീനിച്ചു. എല്ലാ വിശുദ്ധരെയും പോലെ പാദ്രെ പിയോവും പരിശുദ്ധ മാതാവിന്റെ ഭക്തനായിരുന്നു. മാത്രമല്ല, പരി. അമ്മ പലപ്പോഴും പാദ്രെ പിയോയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് ജീവിചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നുണ്ട്.

പാദ്രെ പിയോയുടെ ആത്മീയ ഗുരുവായിരുന്ന പാദ്രെ അഗസ്റ്റിനോ ഒരിക്കല്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ നിഷ്‌കളങ്കനായ പാദ്രെ പിയോയുടെ മറുപടി കൗതുകകരമായിരുന്നു. ‘ങേ, അപ്പോള്‍ അങ്ങ് അമ്മയെ നേരില്‍ കണ്ടില്ലേ? അതെന്താ അങ്ങ് കാണാതിരുന്നത്?’ ഇല്ല എന്ന് മറുപടി കൊടുത്ത ശേഷവും പാദ്രെ പിയോയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്, ‘അമ്മയെ കാണുന്നില്ല എന്ന് പറയുന്നത് തന്നെ ദൈവനിഷേധം ആണ്.’

അമ്മ കൊടുത്ത ജപമാല
വി. പാദ്രെ പിയോയുടെ അമ്മ മറിയത്തിന്റെ അതീവ ഭക്തനായിരു ന്നു. കുഞ്ഞുനാള്‍ മുതലേ അദ്ദേഹത്തിനും ആ ചൈതന്യം ലഭി ച്ചിരുന്നു. വൈദികനാകാന്‍ തീരുമാനമെടുത്തപ്പോള്‍ അമ്മ അദ്ദേഹ ത്തിന് സമ്മാനിച്ചത് ഒരു ജപമാലയായിരുന്നു. പിന്നീടുള്ള ജീവിതത്തില്‍ ജപമാല ഒരു ഭാഗമായി തീര്‍ന്നു. ആശ്രമത്തിലും, ദേവാലയത്തിലും, കുമ്പസാരക്കൂട്ടിലും എന്നിങ്ങനെ എല്ലായിടത്തും അദ്ദേഹത്തിന്റെ കൈവശം ജപമാലയുണ്ടായിരുന്നു. മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ നിന്ന്‌കൊണ്ട് ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുന്നത് പതിവായിരുന്നു. ഒരുദിവസം നാല്പതോളം ജപമാലവരെ അദ്ദേഹം അര്‍പ്പിച്ചിരുന്നു. കൂടാതെ ഭക്ഷണത്തിനു മുമ്പിലിരുന്ന് കൊണ്ട് ഒരു മുഴുവന്‍ ജപമാല കാഴ്ച്ചവെച്ചതിനു ശേഷമേ, അദ്ദേഹം എന്തെങ്കിലും കഴിച്ചിരുന്നുള്ളു. ഓരോ പ്രഭാതവും അദ്ദേഹം ജപമാലയില്‍ ആരംഭിച്ചു. മരിയ ഭക്തി വളര്‍ത്തുന്നതിന് മറ്റുള്ളവരെ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു.

വിശുദ്ധന്‍ പറയുന്നു, ‘പരിശുദ്ധ അമ്മയെ സ്‌നേഹിക്കുക. ആ സ്‌നേഹം അനുഭവിക്കുക. എപ്പോഴും ജപമാല ചൊല്ലുക. ജപമാല ഭക്തിയില്‍ കഴിയുന്നത്ര വ്യാപൃതരാകുക. ശത്രുവിന്റെ മേല്‍ വിജയം നേടുവാന്‍ അമ്മ തന്ന ആയുധമായ ജപമാല കൈവശം വയ്ക്കുക’

എല്ലാ ദിവസവും നിരന്തരം ജപമാല ചൊല്ലുന്ന പാദ്രെ പിയോ സഹപ്രവര്‍ത്തകര്‍ക്ക് ഒരതിശയമായിരുന്നു. ‘താങ്കള്‍ക്ക് എങ്ങനെയാ ണ് ഇത്രയധികം മാതാവിനോട് പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നത്?’ ഒരിക്കല്‍ ഒരു വൈദികന്‍ അദ്ദേഹത്തോട് ചോദിച്ചു.  നിങ്ങള്‍ക്ക് എങ്ങനെയാണ് പ്രാര്‍ത്ഥിക്കാതെയിരിക്കാന്‍ കഴിയുന്ന ത് എന്നായിരുന്നു അദ്ദേഹം തിരിച്ചു ചോദിച്ചത്. വി. പാദ്രെ പിയോയും ജപമാലയും തമ്മിലുള്ള സുദീര്‍ഘമായ ബന്ധത്തിന് നിരവധി ഉദാഹരണങ്ങളുണ്ട്.

ഇറ്റലിയിലെ പിയെത്രള്‍ചിനാ എന്ന ഗ്രാമത്തിലാണ് ഫ്രാന്‍സിസ് എന്ന വി. പാദ്രെ പിയോയുടെ ജനനം. കര്‍ഷകരായിരുന്ന മാതാപിതാക്കള്‍ അത്യന്തം കഷ്ടപെട്ടായിരുന്നു തന്റെ മകനെ വളര്‍ത്തിയിരുന്നത്. പ്രാര്‍ത്ഥനയുടെയും സ്‌നേഹത്തിന്റെയും തീക്ഷ്ണതയില്‍ കുട്ടിക്കാലം മുതല്‍ക്കേ അവന്‍ വളര്‍ന്നുവന്നു. രാവിലെയും വൈകുന്നേരവും മാലാഖമാരുടെ പള്ളിയില്‍ പോയി അല്പ സമയം പ്രാര്‍ത്ഥിക്കുക ഫ്രാന്‍സിസിന്റെ ശീലമായിരുന്നു. മുതിര്‍ന്നപ്പോള്‍ കപ്പൂച്ചിന്‍ ആശ്രമത്തില്‍ ചേര്‍ന്ന് പഠിക്കുകയും പിയോ എന്ന നാമം സ്വീകരിച്ചു വൈദികനായി തീരുകയും ചെയ്തു. അതിനുശേഷം വിശുദ്ധന്റെ ആരോഗ്യനില മോശമാകാന്‍ തുടങ്ങി. പലവിധത്തിലുള്ള രോഗങ്ങള്‍ അദ്ദേഹത്തില്‍ വന്നും പോയുമിരുന്നു. അതിനിടയില്‍ ഒന്നാം ലോകമഹായുദ്ധ കാലത്ത് വൈദ്യശുശ്രൂഷകരോടൊപ്പം അയക്കപ്പെടുകയും എന്നാല്‍ കടുത്ത രോഗബാധകള്‍ മൂലം അദ്ദേഹം തിരികെ വരുകയും ചെയ്തു. 1918 സെപ്റ്റബര്‍ ഇരുപതാം തീയതി ദിവ്യബലിക്കുശേഷം ക്രൂശിത നായ ക്രിസ്തുവിന്റെ അഞ്ചു മുറിപ്പാടുകള്‍ വിശുദ്ധന്റെ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടു. 1968ല്‍ അദ്ദേഹം ഈശോയുടെയും മാതാവിന്റെയും നാമങ്ങള്‍ ഉച്ചരിച്ചു കൊണ്ട് മരണമടഞ്ഞു. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1999ല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും 2002ല്‍ വിശുദ്ധനായും പ്രഖ്യാപിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles