ഭ്രുണഹത്യ ചെയ്യുന്നത് വാടക കൊലയാളിയെ ഏല്പിക്കുന്നതിന് തുല്യമെന്ന് മാര്‍പാപ്പ
വത്തിക്കാന്‍: ഭ്രൂണഹത്യക്കെതിരെ ആഞ്ഞടിച്ച് ഫ്രാന്‍സിസ് പാപ്പാ. വിടര്‍ന്നു വരുന്ന അവസ്ഥയില്‍ നിഷ്കളങ്കരും നിസ്സഹായരുമായ ജീവിതങ്ങളെ അടിച്ചമര്‍ത്തുന്ന ക്രുരതയാണ് ഭ്രൂണഹത്യ എന്ന് പാപ്പാ കുറ്റപ്പെടുത്തി. ഒരു പ്രശ്നം പരിഹരിക്കാന്‍ മനുഷ്യജീവന് എടുക്കുന്നത് എന്ത് ന്യായമാണ് എന്ന് ചോദിച്ച പാപ്പാ ഭ്രൂണഹത്യ ചെയ്യുന്നവര്‍ കുഞ്ഞിനെ കൊല്ലാന്‍ വാടക കൊലയാളികളെ ഏല്പിക്കുന്നവരെ പോലെയാണെന്നും കൂട്ടിച്ചേര്‍ത്തു.
പലപ്പോഴും ഭയത്തില്‍ നിന്നാണ് അക്രമവും തിരസ്കാരവും ഉറവെടുക്കുന്നത്. തങ്ങളുടെ കുഞ്ഞിന് എന്തെങ്കിലും വൈകല്യം ഉണ്ടാകും എന്നറിയുമ്പോള്‍ കുഞ്ഞിനെ കൊന്നു കളയുന്നതിന് പകരം യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ സ്വയം മനസ്സിനെ പാകപ്പെടുത്തണം എന്നും ഭയത്തെ മറികടക്കണം എന്നും പാപ്പാ ആവശ്യപ്പെട്ടു.
അവകാശങ്ങള്‍ സംരക്ഷിക്കാനാണെന്ന ഭാവത്തില്‍ ഗര്‍ഭാവസ്ഥയില്‍ കഴിയുന്ന ജീവനുകളെ അടിച്ചമര്‍ത്തുന്നത് വിരോധാഭാസമാണെന്ന് പരിശുദ്ധ പിതാവ് കുറ്റപ്പെടുത്തി. കൊല്ലരുത് എന്ന അഞ്ചാം പ്രമാണത്തിന്റെ ലംഘനം തന്നെയാണ് ഭ്രൂണഹത്യ, പാപ്പാ പറഞ്ഞു.