കൊരട്ടിയില്‍ മുന്തിരി കൊണ്ട് ദിവ്യകാരുണ്യപ്പന്തല്‍
കൊച്ചി: കൊരട്ടിയിലെ അമലോത്ഭവ മാതാ ദേവാലയം കഴിഞ്ഞ ദിവസം അപൂര്‍വമായൊരു ദിവ്യകാരുണ്യ ആരാധനയ്ക്ക് സാക്ഷ്യം വഹിച്ചു. ആയിരം കിലോ മുന്തിരിക്കുലകള്‍ കൊണ്ട് അലങ്കരിച്ച ദിവ്യകാരുണ്യപ്പന്തലിലൂടെ ദിവ്യകാരുണ്യനാഥന്‍ എഴുന്നള്ളി. കൊരട്ടി ദേവാലയത്തിലെ സ്‌നേഹസമൂഹ കൂട്ടായ്മയാണ് മുന്തിരിപ്പന്തലൊരുക്കിയത്.
ജൂണ്‍ 2 ന് രാവിലെ നടന്ന ദിവ്യബലിയില്‍ ഫാ. ജോസ് പള്ളിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അതിനു ശേഷം വികാരി ഫാ. ബിജു തട്ടാശ്ശേറി, ഫാ. മിഥുന്‍ ചെമ്മനത്ത് എന്നിവരുടെ നേതൃത്വത്തില്‍ മുന്തിരിക്കുലകള്‍ നിറഞ്ഞു നിന്ന പന്തലിലൂടെ ദിവ്യകാരുണ്യപ്രദക്ഷണം നടന്നു.
ബൈബിളില്‍ മുന്തിരിക്ക് വളരെ പ്രാധാന്യമുണ്ട്. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ അതിന്റെ ശാഖകളും ആണെന്ന് യേശു പറഞ്ഞിട്ടുണ്ട്. കാനായിലെ കല്യാണവേളയില്‍ യേശു മുന്തിയ തരം മുന്തിരിവീഞ്ഞ് സൃഷ്ടിച്ച് വിവാഹം മംഗളമാക്കുന്നുണ്ട്.
പടക്കവും മറ്റ് പ്ലാസ്റ്റിക് തോരണങ്ങളും ഒഴിവാക്കിയാണ് തികച്ചും പ്രകൃതിദത്തമായ മുന്തിരിപ്പന്തല്‍ ഒരുക്കിയത്.