സുവിശേഷവല്ക്കരണത്തെ സജീവമാക്കുന്നത് പരിശുദ്ധാത്മാവ്: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: സുവിശേഷവല്‍ക്കരണത്തിന് ജീവന്‍ പകരുന്നതും ശക്തിയേകുന്നതും മനുഷ്യന്റെ വാഗ്ചാതുര്യമോ പ്രസംഗകലയോ അല്ല, പരിശുദ്ധാത്മാവാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ.
മനുഷ്യന്റെ വാക്കിനെ ശുദ്ധീകരിക്കാനും അതിന്റെ ജീവന്റെ സംവാഹകമാക്കാനും പരിശുദ്ധാത്മാവിന് സാധിക്കും. ബൈബിളിനെ ചരിത്രമെന്ന നിലയില്‍ നിന്ന് മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തന്നതും പാവനാത്മാവാണ്. വാക്കിനെ വിശുദ്ധയുടെ വിത്തായും ജീവന്റെ വിത്തായും ഊര്‍ജസ്വലമായും രൂപാന്തരപ്പെടുത്തുന്നത് പരിശുദ്ധാത്മാവ് തന്നെയാണ്, പാപ്പാ പറഞ്ഞു.
അപ്പസ്‌തോലരുടെ നടപടി പുസ്തകം ധ്യാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ. വി. ലൂക്കാ രചിച്ച ഈ പുസ്തകം യേശുവിന്റെ ഉയിര്‍പ്പിനും സ്വര്‍ഗാരോഹണത്തിനും ശേഷം നടന്ന കാര്യങ്ങള്‍ വിവരിക്കുന്നു. സഭയിലേക്ക് യേശു പകര്‍ന്നു നല്‍കിയ സമൃദ്ധമായ ജീവനെ കുറിച്ചാണ് ഈ പുസ്തകം പറയുന്നത്, പാപ്പാ വിശദീകരിച്ചു.
സുവിശേഷം ലോകത്തില്‍ യാത്ര ചെയ്ത സംഭവങ്ങള്‍ ഈ പുസ്തകം വിവരിക്കുന്നു. ദൈവവചനവും പരിശുദ്ധാത്മാവും തമ്മിലുള്ള അത്ഭുതകരമായ ഐക്യം നാം ഇവിടെ കാണുന്നു. ശരിക്കും അപ്പോസ്തലന്മാരല്ല ഈ പുസ്തകത്തിലെ നായകര്‍. ദൈവവചനവും പരിശുദ്ധാത്മാവുമാണ്, പാപ്പാ വ്യക്തമാക്കി.