പഞ്ചക്ഷതങ്ങള്‍
ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)
ക്രൂശിതനായ ക്രിസ്തുവിന്റെ തിരുമുറിവുകളോട് സാമ്യമുള്ള അടയാളങ്ങളോ വേദനകളോ ക്രിസ്തുവിന്റെ തിരുമുറിവുകള്‍ സംഭവിച്ച അതേ ശരീരഭാഗങ്ങളില്‍ മറ്റു മനുഷ്യരില്‍ സംഭവിക്കുന്നതിനെയാണ് പഞ്ചക്ഷതങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്. കൈകള്‍, മണികണ്ഠം, പാദം എന്നിവടങ്ങളിലാണ് സാധാരണയായി പഞ്ചക്ഷതങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. സ്റ്റിഗ്മറ്റ എന്ന വാക്കാണ് പഞ്ചക്ഷതങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.
വി. പൗലോസിന്റെ സാക്ഷ്യം
ഗലാത്തിയക്കാര്‍ക്കുള്ള ലേഖനത്തില്‍ വി. പൗലോസ് ആണ് സ്റ്റിഗ്മറ്റ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. സ്റ്റിഗ്മറ്റ എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം പാട്, പച്ചകുത്തല്‍ എന്നൊക്കെയാണ്.
ആദ്യത്തെ പഞ്ചക്ഷതധാരി
വി. ഫ്രാന്‍സിസ് അസ്സീസിയാണ് ചരിത്രത്തിലെ ആദ്യത്തെ പഞ്ചക്ഷതധാരിയായി ഗണിക്കപ്പെടുന്നത്. നമ്മുടെ സമീപകാലത്ത് ഏറ്റവും പ്രശസ്തനായ പഞ്ചക്ഷതധാരി വി. പാേ്രദ പിയോ ആണ്. പഞ്ചക്ഷതങ്ങളെ കുറിച്ച് ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണങ്ങളിലൊന്ന് അവയ്ക്ക് ഒരിക്കലും പഴുപ്പ് ബാധിച്ചിരുന്നില്ലെന്നതാണ്.
മുന്‍പന്തിയില്‍ സ്ത്രീകള്‍
എണ്‍പത് ശതമാനത്തോളം പഞ്ചക്ഷതധാരികള്‍ സ്ത്രീകളാണ് എന്നതാണ് ഒരു പ്രത്യേകത. വി. ജെമ്മ ഗല്‍ഗനി, വി. കാതറിന്‍ ഓഫ് സീയെന്ന, കാസിയയിലെ വി. റീത്ത, മരിയ എസ്‌പെരാന്‍സ, വി. വെറോണിക്ക ഗ്വിലിയാനി തുടങ്ങിയ വനിതകളുടെ പഞ്ചക്ഷതങ്ങള്‍ പ്രസിദ്ധമാണ്. കേരളത്തില്‍ നമുക്ക് ഏവര്‍ക്കും സുപരിചിതയായ കഞ്ചിക്കോട് റാണിക്കും പഞ്ചക്ഷതങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എല്ലാ പഞ്ചക്ഷതങ്ങളും ഒരേ പോലെയല്ല എന്നത് ശ്രദ്ധേയമാണ്. പലര്‍ക്കും പല വിധത്തിലാണ് അത് പ്രത്യക്ഷപ്പെടുന്നത്. പീഡാനുഭവ സമയത്ത് യേശുവിന്റെ പാദങ്ങളിലും കൈകളിലും ആണികളാലുള്ള മുറിവുകളും മാറിടത്തില്‍ കുന്തം കൊണ്ടുള്ള മുറിവും നെറ്റിയില്‍ മുള്‍മുടിയുടെ മുറിവും ഏറ്റു.
നെറ്റിയില്‍ മുള്‍മുടി പോലെ മുറിവ് ഇരുപതാം നൂറ്റാണ്ടില്‍ മേരി റോസ് ഫെറന്‍ എന്ന സ്ത്രീക്ക് ഉണ്ടായി. രക്തം വിയര്‍ക്കുന്നതായും ചമ്മട്ടിയടിയേറ്റ് മുതുകിലുള്ള മുറിവുകളും കാണാറുണ്ട്.
പഞ്ചക്ഷതങ്ങള്‍ ഉള്ള പലര്‍ക്കും വി കുര്‍ബാന സ്വീകരിക്കാനുള്ള ആഗ്രഹം ഉണ്ടാകാറുണ്ട് എന്നത് ഒരു സവിശേഷതയാണ്. പലപ്പോഴും വി. കുര്‍ബാന സ്വീകരിച്ച ഉടനെ മുറിവുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കേരളത്തിലെ കഞ്ചിക്കോട് റാണിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വ്യാഴാഴ്ച മുതല്‍ വെള്ളി മുതല്‍
വ്യാഴാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച ഉച്ച കഴിയുന്നതു വരെ നിലനില്‍ക്കുന്ന അനുഭവമാണ് പലപ്പോഴും പഞ്ചക്ഷതധാരികള്‍ക്ക് ഉണ്ടാകുന്നത്. ഈശോയുടെ പീഡാനുഭവത്തിന്റെ സമയമാണിത്. കടുത്ത വേദനയാണ് ഈ സമയത്ത് പഞ്ചക്ഷതധാരികള്‍ അനുഭവിക്കുന്നത്. പലപ്പോഴും അവര്‍ സംശയത്തിന് ഇരയാകുന്നു എന്നതിനാല്‍ മാനസിക പീഡയും അനുഭവിക്കുന്നു. ചില വിശുദ്ധര്‍ തങ്ങള്‍ അനുഭവിക്കുന്ന വേദന പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ അദൃശ്യമായി മാത്രം ചിലരില്‍ മുറിവ് അനുഭവപ്പെടുന്നു.
ഫ്രാന്‍സിസ് അസ്സീസിയുടെ പഞ്ചക്ഷതങ്ങള്‍
ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ പഞ്ചക്ഷതങ്ങള്‍ വി. ഫ്രാന്‍സിസ് അസ്സീസിയുടേതാണ്. മരണത്തിന് രണ്ടു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് പഞ്ചക്ഷതങ്ങള്‍ ലഭിച്ചത്. ആ സംഭവത്തെ കുറിച്ച് പറയപ്പെടുന്നത് ഇങ്ങനെയാണ്. 1224 ല്‍, നാല്പത് ദിവസത്തെ ഉപവാസത്തിനായി അദ്ദേഹം അല്‍വേര്‍ണിയാ മലയിലേക്ക് പോയി. കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിവസം രാവിലെ ആറ് ചിറകുള്ള ഒരു മാലാഖ ക്രൂശിതനെ പോലെ പ്രത്യക്ഷപ്പെട്ടു. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം മാലാഖ മറഞ്ഞപ്പോള്‍ തന്റെ കൈകാലുകളിലും മാറിലും തിരുമുറിവുകള്‍ പ്രത്യക്ഷപ്പെട്ടതായി വിശുദ്ധന്‍ അറിഞ്ഞു.
പഞ്ചക്ഷതധാരിയായ പാദ്‌രേ പിയോ
ഇരുപതാം നൂറ്റാണ്ടിലെ വലിയ വിശുദ്ധരില്‍ ഒരാളാണ് പാദ്‌രേ പിയോ. പഞ്ചക്ഷതധാരികളില്‍ അതിപ്രശസ്തന്‍. അനേകം പ്രശസ്തരായ വൈദ്യശാസ്ത്രജ്ഞന്‍മാര്‍ അദ്ദേഹത്തിന്റെ ശരീരത്തിലെ തിരുമുറിവുകള്‍ പരിശോധിക്കുകയും പഠന വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആ മുറിവുകള്‍ ശാസ്ത്രത്തിന്റെ വിശകലനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും അപ്പുറമാണെന്ന് തെളിഞ്ഞു.