ഫിലിപ്പൈന്‍സില്‍ കന്യാമറിയത്തിന്റെ ജനനത്തിരുനാള്‍ അവധിദിനമാകും
മനില: പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാള്‍ ഫിലിപ്പൈന്‍സ് അവധിദിവസമായി പ്രഖ്യാപിക്കും. ഇക്കാര്യത്തെ കുറിച്ചുള്ള ഔദ്യോഗിക ബില്‍ രാജ്യത്തെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് വൈകാതെ പാസാക്കും.
കന്യാമറിയത്തിന്റെ പിറവിത്തിരുനാളായ സെപ്തംബര്‍ 8 ാം തീയതി അവധിയായി പ്രഖ്യാപിക്കുന്നതിനുള്ള ബില്‍ എതിരില്ലാതെ 19 – 0 എന്ന നിലയില്‍ സെനറ്റ് നേരത്തെ തന്നെ പാസ്സാക്കിയിരുന്നു.
ഇനി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുത്തെര്ത്തേയുടെ ഒപ്പ് കൂടി വേണം. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്ത് അവധിദിനമായി പ്രഖ്യാപിക്കപ്പെടുന്ന രണ്ടാമത്തെ മരിയന്‍ തിരുനാളായി മാറും, കന്യാമറിയത്തിന്റെ പിറവിത്തിരുനാള്‍. മാതാവിന്റെ അമലോത്ഭവ തിരുനാളാണ് ഫിലിപ്പൈന്‍സില്‍ അവധിയായ മറ്റൊരു തിരുനാള്‍.
1942 സെപ്തംബര്‍ 12 ന് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയാണ് പരിശുദ്ധ കന്യാമാതാവിനെ ഫിലിപ്പൈന്‍സിന്റെ സ്വര്‍ഗീയമധ്യസ്ഥയായി പ്രഖ്യാപിച്ചത്. 80 ശതമാനം റോമന്‍ കത്തോലിക്കരുള്ള രാജ്യമാണ് ഫിലിപ്പൈന്‍സ്.