‘വിറച്ചു പോയി ഞാന്‍!’ മാര്‍പാപ്പ തന്റെ കാലില്‍ ചുംബിച്ചതിനെ കുറിച്ച് സുഡാന് പ്രസിഡന്റ്
ജൂബ, തെക്കാന്‍ സുഡാന്: ഗുരുവും ദൈവവുമായ യേശു ശിഷ്യന്മാരുടെ പാദം കഴുകിയപ്പോള്‍ അവരുടെ മനസ്സിലൂടെ കടന്നു പോയ വികാരം എന്തായിരിക്കും? യേശുവിനെ തടഞ്ഞു കൊണ്ട് ശിമയോന് പത്രോസ് പറയുന്ന വാക്കുകള്‍ നാം പെസഹാ വ്യാഴാഴ്ച വായിച്ചു കേള്‍ക്കാറുള്ളതാണ്. എന്നാല്‍ ലോകത്തെ അതിശയിപ്പിച്ചു കൊണ്ട് കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പാ തെക്കന്‍ സുഡാന് നേതാക്കളുടെ പാദങ്ങളില്‍ ചുംബിച്ചപ്പോള്‍ അവരുടെ മനസ്സിലൂടെ കടന്നു പോയ വികാരം എന്തായിരുന്നു?
‘ഞാന്‍ അടിമുടി വിറച്ചു പോയി’ എന്നാണ് തെക്കന്‍ സുഡാന് പ്രസിഡന്റ് തന്റെ പാപ്പാ അനുഭവത്തെ കുറിച്ച് പ്രസിഡന്റ് സാല്വ കീര്‍ പറഞ്ഞത്. ഇബ്ല്യൂടിഎന് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് കീര്‍ തന്റെ ഹൃദയം തുറന്നത്. ലോകസമാധാനത്തിനായി ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് പാപ്പാ നേതാക്കളുടെ പാദം ചുംബിച്ചത്.
‘പരിശുദ്ധ പിതാവിന്റെ എളിമ കണ്ട് ഞാന്‍ ഇല്ലാതായിപ്പോയി. നിലത്തു കുനിഞ്ഞ് എന്റെ പാദം ചുംബിക്കുക! ഇങ്ങനെയൊന്ന് എന്റെ ജീവിതത്തില്‍ ഇതു വരെ സംഭവിച്ചിട്ടില്ല. യേശു മുട്ടു കുത്തി നിന്ന് തന്റെ ശിഷ്യന്മാരുടെ പാദം കഴുകിയപ്പോള്‍ മാത്രമാണ് അത് മുമ്പ് സംഭവിച്ചിട്ടുള്ളത്. ഇതാണ് പാപ്പാ എന്റെ പാദം ചുംബിച്ചപ്പോള്‍ എനിക്ക് ഓര്മ വന്നത്.’ കീര്‍ പറഞ്ഞു.
ഏപ്രില്‍ 10, 11 തീയതികളില്‍ വത്തിക്കാനില്‍ വച്ച് നടന്ന ധ്യാനത്തില്‍ പ്രസിഡന്റ് സാല്വ കീറും മുന്‍ പ്രസിഡന്റ് റീക്ക് മച്ചാറും പാപ്പയോടൊപ്പം പങ്കെടുത്തിരുന്നു. തദവസരത്തിലാണ് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് പാപ്പാ നേതാക്കളുടെ പാദങ്ങള്‍ ചുംബിച്ചത്.