മെഡ്ജുഗോറിയന് തീര്‍ത്ഥാടനത്തിന് പാപ്പാ അനുമതി നല്കി
മെഡ്ജുഗോറിയയിലേക്ക് തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ പച്ചക്കൊടി. സഭ ഔദ്യോഗികമായി മെഡ്ജുഗോറിയയിലെ മരിയന്‍ ദര്‍ശനങ്ങള്‍ അംഗീകരിച്ചിട്ടില്ല. പേപ്പല്‍ അനുമതി ലഭിച്ചു എന്നതു കൊണ്ട് സഭയുടെ അംഗീകാരം ഈ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന് ലഭിച്ചു എന്നര്‍ത്ഥമില്ല എന്ന് പേപ്പല്‍ വക്താവ് അലസ്സാന്‍ഡ്രോ ജിസ്സോട്ടി പറഞ്ഞു.
മധ്യയൂറോപ്പിന്റെ തെക്കുഭാഗത്തുള്ള ബാൾക്കൻ രാജ്യമായ ബോസ്നിയ-ഹെർസഗോവിന രാജ്യത്താണ് മെഡ്ജുഗോറിയ. 1981 ജൂൺ 24-ന് ഇവിടെ ആറു കുട്ടികൾക്ക് സമാധാനരാജ്ഞിയായ പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്നു. ഇതുസംബന്ധിച്ച് വത്തിക്കാൻ കർദിനാൾ കമില്ലോ റൂയിനിയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ നിയോഗിച്ചു പഠിച്ചിരുന്നു. നാലു വർഷത്തെ പഠനത്തിനു ശേഷം 2017-ൽ കമ്മീഷൻ നല്കിയ റിപ്പോർട്ട് വിശ്വാസ തിരുസംഘം പരിശോധിച്ചുവരികയാണ്.