മദര്‍ തെരേസയെ പോലുള്ളവരാണ് ചരിത്രം രചിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ
സ്കോപ്ജെ:കല്‍ക്കത്തയിലെ വി. മദര്‍ തെരേസയുടെ അപദാനങ്ങള്‍ വാഴ്ത്തി ഫ്രാന്‍സിസ് പാപ്പാ. വടക്കന്‍ മാസിഡോണിയന്‍ സന്ദര്‍ശനമധ്യേ മദറിന്റെ ജന്മനാട് സന്ദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പാ.
‘ഈ നാട് ഭാഗ്യം ചെയ്ത നാടാണ്. മദര്‍ തെരേസയെ പോലൊരാളെ ലോകത്തിനും സഭയ്ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞ നാടാണിത്. ദൈവത്തിന്റെ അഭിഷേകം ലഭിച്ച ഒരു ചെറിയ മനുഷ്യന് എല്ലായിടങ്ങളിലും സുവിശേഷഭാഗ്യങ്ങളുടെ സൗരഭ്യം പരത്താന്‍ കഴിഞ്ഞു’ പരിശുദ്ധ പിതാവ് പറഞ്ഞു.
‘എത്രയോ ജനങ്ങളാണ് മദറിന്റെ ആര്‍ദ്രമായ ഒരു നോട്ടം കൊണ്ട് ശാന്തി അനുഭവിക്കുകയും ഒരു തലോടല്‍ കൊണ്ട് സമാശ്വാസിക്കപ്പെടുകയും ചെയ്തത്. പ്രത്യാശയും വിശ്വാസവും മദര്‍ പകര്‍ന്നേകി. എല്ലാവരും മറന്നു എന്ന് കരുതിയവര്‍ക്കു പോലും മദറിന്റെ സാന്നിധ്യം ദൈവം തങ്ങളെ മറന്നിട്ടില്ല എന്ന് ഉറപ്പു നല്കി’ പാപ്പാ പറഞ്ഞു.
‘മദറിനെ പോലുള്ള ആളുകളാണ് ചരിത്രം രചിക്കുന്നത്. സ്നേഹത്തിനു വേണ്ടി സ്വജീവിതം അര്പിക്കാന് മടി കാണിക്കാത്തവര്‍. ഈ ഏറ്റവും എളിയവര്‍ക്ക് നാം ചെയ്തു കൊടുത്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് എന്ന യേശു വചനം സാക്ഷാത്കരിച്ചവര്’ പാപ്പാ വിശദീകരിച്ചു.