സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയില്‍
~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ~
പ്രവീണ്‍ ഗോപിനാഥ് എന്ന ഒരു ചെറുപ്പക്കാരന്‍ കോളേജ് പഠനം കഴിഞ്ഞു ദുബായില്‍ ജോലിചെയ്യുന്ന അവസരം. ജോലി തുട ങ്ങിയിട്ട് അധിക ദിവസങ്ങളായില്ല. അപ്പോഴേക്കും കൈയിലുള്ള പണമെല്ലാം തീര്‍ന്നു. വാടക കൊടുക്കാനും ഭക്ഷണം വാങ്ങാനും പണമില്ല. ചെറിയ പ്രതിഫലത്തിനു തുടങ്ങിയ ജോലിയില്‍നിന്നു ശമ്പളം കിട്ടണമെങ്കില്‍ പിന്നെയും ദിവസങ്ങള്‍ കാത്തിരിക്കണം. അല്പമെങ്കിലും പരിചയമുള്ള പലരോടും വായ്പ ചോദിച്ചു. ആരും സഹായിച്ചില്ല.
അപ്പോഴാണു മുമ്പ് പരിചയപ്പെട്ട ഉദയനെ ഫോണില്‍ വിളിച്ചത്. ഒരു ഫ്‌ളവര്‍ ഷോപ്പില്‍ ജോലിചെയ്യുകയായിരുന്നു അയാള്‍. അയാളുടെ ശമ്പളവും തുച്ഛമായിരുന്നു. എങ്കിലും അയാളോടു മുന്നൂറു ദിര്‍ഹം പ്രദീപ് കടം ചോദിച്ചു. ഉടനെ താന്‍ താമസിക്കുന്ന മാംസാറില്‍ എത്തുവാന്‍ കൈയില്‍ കാശുണ്ടോ എന്ന് ഉദയന്‍ ചോദിച്ചു. പ്രദീപിന്റെ മറുപടി മൗനത്തില്‍ ഒതുങ്ങിയപ്പോള്‍ വേഗം ഒരു ടാക്‌സി വിളിച്ചു തന്റെ സ്ഥലത്തെത്തുവാന്‍ ഉദയന്‍ ആവശ്യപ്പെട്ടു.
പ്രദീപ് ഉദയന്റെ സ്ഥലത്തെത്തിയ ഉടനെ ഉദയന്‍ ടാക്‌സിയുടെ ചാര്‍ജ് നല്‍കി. അതിനു ശേഷം പ്രദീപിനെ ഒരു റെസ്റ്ററന്റില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങിച്ചുകൊടുത്തു. ഉദയന്‍ പതിവായി ഭക്ഷണം കഴിച്ചിരുന്ന സ്ഥലമായിരുന്നു അത്. ഭക്ഷണം കഴിച്ചതിനു ശേഷം ഉദയന്‍ അവിടത്തെ മാനേജരെ സമീപിച്ചുപറഞ്ഞു: ‘ഇവന്‍ എന്റെ അനിയനാണ്. ഇവന്‍ എപ്പോള്‍ ഇവിടെ വന്നാലും ഭക്ഷണം നല്‍കണം. കണക്കെഴുതി സൂക്ഷിച്ചാല്‍ മതി. ഞാന്‍ പിന്നീട് ആ തുക തന്നുകൊള്ളാം.
ഉദയന്‍ പ്രദീപിനു ചോദിച്ച തുക കടം നല്‍കി. അതുപോലെ, തന്റെ മുറിയില്‍ വന്നു താമസിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, പ്രദീപിനെ സംബന്ധിച്ചിടത്തോളം അതു പ്രായോഗികമായിരുന്നില്ല. പ്രദീപ് പണം വാങ്ങി ഉദയനു നന്ദി പറഞ്ഞു തന്റെ ജോലിസ്ഥലത്തേക്കു മടങ്ങി.
പതിനഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ പ്രദീപിനു ശമ്പളം ലഭിച്ചു. അപ്പോഴേക്കും നാട്ടിലേക്കു മടങ്ങാന്‍ പ്രദീപ് തീരുമാനിച്ചിരുന്നു. ഫ്‌ളൈറ്റിനുള്ള ടിക്കറ്റ് വാങ്ങി എയര്‍ പോര്‍ട്ടിലേക്കു പോകുന്ന വഴിയില്‍ പ്രദീപ് ഉദയനെ സമീപിച്ചു കടം വാങ്ങിയ തുക മടക്കിക്കൊടുക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ പണം വാങ്ങുവാന്‍ ഉദയന്‍ തയാറല്ലായിരുന്നു. പ്രദീപ് നിര്‍ബന്ധിച്ചപ്പോള്‍ ഉദയന്‍ ഇരുന്നൂറു ദിര്‍ഹം വാങ്ങി. ബാക്കി നൂറു ദിര്‍ഹം പ്രദീപ് സൂക്ഷിക്കണമെന്ന് ഉദയന്‍ നിര്‍ബന്ധംപിടിച്ചു. തന്നെ ജ്യേഷ്ഠസഹോദരനായി പ്രദീപ് കാണുന്നുണ്ടെങ്കില്‍ നൂറു ദിര്‍ഹമെങ്കിലും പ്രദീപ് സ്വീകരിക്കണമെന്നായിരുന്നു ഉദയന്റെ ശാഠ്യം.
ഉദയന്റെ നിര്‍ബന്ധത്തിനു വഴങ്ങി നൂറു ദിര്‍ഹം പ്രദീപ് തന്റെ കൈവശം സൂക്ഷിച്ചു. അതിനു ശേഷം ഉദയനോടു യാത്രപറഞ്ഞു പ്രദീപ് നാട്ടിലേക്കു യാത്രതിരിച്ചു. 2006 ല്‍ ആയിരുന്നു ഈ സംഭവം.
അഞ്ചുവര്‍ഷം പെട്ടെന്നു കടന്നുപോയി. ഇതിനകം പ്രദീപ് തിരുവനന്തപുരത്ത് ഒരു കച്ചവടം തുടങ്ങി സാമാന്യം നല്ല നില യിലെത്തി. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ഉദയന്‍ പ്രദീപിനെ തേടി പ്രദീപിന്റെ കടയിലെത്തി. ഉദയന് ഇതിനകം അയാളുടെ ജോലി നഷ്ടപ്പെട്ടിരുന്നു. അയാളും ഭാര്യയും രണ്ടു മക്കളും അപ്പോള്‍ ഭാര്യ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പ്രദീപി നെ കണ്ടയുടനെ ഉദയന്‍ പറഞ്ഞു: ‘അനിയാ, നീ പണമുണ്ടാക്കി. നീ ഇപ്പോള്‍ ധനികനാണ്!’
അപ്പോള്‍ പ്രദീപ് ചിരിക്കുക മാത്രം ചെയ്തു. ഉടനെതന്നെ പ്രദീപ് ഉദയനെ ഒരു റസ്റ്ററന്റിലേക്കു കൊണ്ടുപോയി. അവിടെ വച്ച് ഉദയന്‍ തന്റെ കദനകഥ വിവരിച്ചു. ജോലി നഷ്ടപ്പെട്ട കാര്യവും കുടുംബ സ്വത്തിന്റെ പേരിലുള്ള കേസ് നടക്കുന്ന കാര്യവും അതിനിടയില്‍ പരാമര്‍ശിക്കപ്പെട്ടു.
പ്രദീപ് ഉദയന് 1500 രൂപ നല്‍കി. യാതൊരു വൈമനസ്യവും കൂടാതെ ഉദയന്‍ ആ തുക സ്വീകരിച്ചു നന്ദിപറഞ്ഞു മടങ്ങി. നൂറു ദിര്‍ഹത്തിനു തുല്യമായി 1500 രൂപ ഉദയനു നല്‍കുവാന്‍ സാധിച്ചതില്‍ പ്രദീപു സന്തോഷിച്ചു.
കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉദയന്‍ വീണ്ടും പ്രദീപിനെ തേടിയെത്തി. ഇത്തവണ ഉദയന്‍ 500 രൂപ കടം വാങ്ങിച്ചു. പ്രദീപ് ആ തുക നല്‍കി. വീണ്ടും കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉദയന്‍ 1000 രൂപ കടം ചോദിച്ചു. പ്രദീപ് ആ തുകയും നല്‍കി.
ഉദയന്‍ വീണ്ടും കടം ചോദിക്കുവാന്‍ പ്രദീപിനെ സമീപിച്ചു. ഉദയന്‍ ചോദിച്ച തുക പ്രദീപ് നല്‍കിയെങ്കിലും ഉദയന്റെ പോക്കിനെക്കുറിച്ചു പ്രദീപിനു ആശങ്കയുണ്ടായി. ഉദയന്‍ എപ്പോഴും തന്നെ മദ്യപിച്ചായിരുന്നു പ്രദീപിന്റെ പക്കല്‍നിന്നു പണം കടംവാങ്ങുവാന്‍ എത്തിയിരുന്നത്.
ഉദയനു പണം നല്‍കുന്നതിനെക്കുറിച്ചു പ്രദീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അവരുടെ അതൃപ്തി അറിയിച്ചു. ഉദയന്‍ പ്രദീപിനെക്കൊണ്ടു മുതലെടുക്കുകയാണ് എന്നായിരുന്നു അവരുടെ വാദം. എന്നാല്‍, പ്രദീപിന്റെ ചിന്താഗതി വേറൊരു രീതിയി ലായിരുന്നു. തന്റെ ഇല്ലായ്മയില്‍നിന്നായിരുന്നു ഉദയന്‍ പ്രദീപിന് ആദ്യം 300 ദിര്‍ഹം കടം നല്‍കിയതും പിന്നീട് 100 ദിര്‍ഹം സമ്മാനം നല്‍കിയതും. തന്മൂലം ഉദയന്‍ കടം ചോദിച്ചപ്പോഴോക്കെ പ്രദീപ് നല്‍കി അതിനിടയില്‍ ഉദയന്റെ പോക്കിനെക്കുറിച്ചു പ്രദീപ് സ്‌നേഹപൂര്‍വം ഉപദേശിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടൊ ന്നും വലിയ ഫലമുണ്ടായില്ല. ഉദയന്‍ ഓരോതവണ പ്രദീപിനെ സമീപിക്കുമ്പോഴും പ്രദീപിന് ഒരു ചോക്ലേറ്റു നല്‍കി ചെറുതും വലുതുമായ തുകകള്‍ കടമായി ചോദിച്ചു വാങ്ങിക്കൊണ്ടിരുന്നു.
ഒരു ദിവസം ഉദയന്‍ പ്രദീപിനെ കാണുവാന്‍ വന്നപ്പോള്‍ പ്രദീപ് അവിടെ ഇല്ലായിരുന്നു. തന്മൂലം താന്‍ കൊണ്ടുവന്നിരുന്ന പായ്ക്കറ്റ് പ്രദീപിനു നല്‍കണമെന്നു പറഞ്ഞ് അതു കടയിലെ ജീവനക്കാരെ ഏല്‍പ്പിച്ചു. പായ്ക്കറ്റില്‍ ചോക്ലേറ്റോ ബിസ്‌ക്കറ്റോ ആയിരിക്കുമെന്നാണു ജീവനക്കാരും പ്രദീപും കരുതിയത്.
എന്നാല്‍ പ്രദീപ് പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ അതില്‍ കണ്ടത് ഒരുലക്ഷം രൂപയും ഉദയന്‍ പലപ്പോഴായി കടംവാങ്ങിയ തുകയുടെ കണക്കുമായിരുന്നു. ഉദയന്‍ കൃത്യമായി കുറിച്ചുവച്ചിരുന്ന കണക്കനുസരിച്ച് 77,350 രൂപയായിരുന്നു ഉദയന്‍ പ്രദീപില്‍ നിന്നു കടംവാങ്ങിയിരുന്നത്.
കണക്കു വായിച്ച ഉടനെ പ്രദീപ് ഉദയനെ ഫോണില്‍ വിളിച്ചു. അപ്പോള്‍ ചിരിച്ചു കൊണ്ട് ഉദയന്‍ പറഞ്ഞു: ‘ഞാന്‍ എന്റെ പിതൃസ്വത്ത് വിറ്റ് 45 ലക്ഷം രൂപ കിട്ടി. നിന്റെ തുക തിരിച്ചുതരുവാനും രണ്ടുവര്‍ഷക്കാലം എന്നോടു ക്ഷമാപൂര്‍വം പെരുമാറിയതിനു നിനക്കു നന്ദിപറയുവാനുമായിരുന്നു ഞാന്‍ നിന്നെ അന്വേഷിച്ചുവന്നിരുന്നത്’.
അപ്പോള്‍ പ്രദീപ് ചോദിച്ചു: ‘പക്ഷേ, എന്തിനാണ് എനിക്കു കൂടുതല്‍ തുക തന്നത്?’ ഉടനെ ചിരിച്ചുകൊണ്ട് ഉദയന്‍ പറഞ്ഞു: ‘നീ എന്റെ അനുജനാണ്. നിനക്കു ജ്യേഷ്ഠനില്‍നിന്നു പണം സ്വീകരിക്കാം. എന്നാല്‍ ജ്യേഷ്ഠന് അനുജനില്‍നിന്നു വെറുതെ പണം സ്വീകരിക്കാനാവില്ല. നീ പോയി മിച്ചമുള്ള തുകയ്ക്കു ചോക്ലേറ്റു വാങ്ങി കഴിച്ചുകൊള്ളൂ’.
സുധാ മൂര്‍ത്തി എഡിറ്റുചെയ്ത ‘സംതിംഗ് ഹാപ്പന്‍ഡ് ഓണ്‍ ദ വേ ടു ഹെവന്‍’ എന്ന പുസ്തകത്തില്‍ പ്രദീപ് തന്നെ എഴുതിയിരിക്കുന്ന സ്വന്തം അനുഭവ കഥയുടെ ചുരുക്കമാണു മുകളില്‍ കൊടുത്തിരിക്കുന്നത്. ഈ സംഭവകഥ വായിക്കുമ്പോള്‍ ഈ കഥയിലെ ഏതു കഥാപാത്ര മായിരിക്കും നമ്മുടെ ശ്രദ്ധ കൂടുതല്‍ ആകര്‍ഷിക്കുക? അന്യനായ പ്രദീപിനെ എപ്പോഴും സ്വന്തം അനുജനായി കരുതിയ ഉദയനോ അതോ ഒരു ആപത്ഘട്ടത്തില്‍ തന്നെ സഹായിച്ചതിനും പ്രതിനന്ദിയായി സ്വയം മറന്ന് ഉദയനെ സഹായിച്ച പ്രദീപോ?
തിരിച്ചു കൊടുക്കാമെന്നു പറഞ്ഞായിരുന്നില്ല ഉദയന്‍ പ്രദീപില്‍നിന്നു പലപ്പോഴായി വലിയ തുകകള്‍ കടം വാങ്ങിയിരുന്നത്. അതുപോലെ തിരിച്ചു ലഭിക്കും എന്ന പ്രതീക്ഷയോടെയോ ആയിരുന്നില്ല പ്രദീപ് ഉദയനു കടം നല്‍കിയത്. രക്തബന്ധമുള്ള രണ്ടു വ്യക്തികളായിരുന്നില്ല അവര്‍. എന്നാല്‍, അവരുടെ ബന്ധം രക്തബന്ധത്തിനും അപ്പുറം പോകുന്നതായിരുന്നു. വ്യത്യസ്ത മായ സാഹചര്യങ്ങളായിരുന്നെങ്കിലും അവര്‍ ഇരുവരും സ്വയം മറന്നു പരസ്പരം സഹായിച്ചു. അതാണ് ഇരുവരുടെയും മഹത്വം വര്‍ധിപ്പിച്ചത്.
ഉദയനില്‍നിന്നും പ്രദീപില്‍നിന്നും നമുക്കു പഠിക്കുവാന്‍ പല കാര്യങ്ങളുണ്ട്. അവരുടെ ജീവിതകഥ നമുക്കു പ്രചോദനമായി മാറട്ടെ.