ഈ മുസ്ലിം പള്ളി ഇനി അറിയപ്പെടുക പരിശുദ്ധ അമ്മയുടെ പേരില്‍!
അബുദാബിയിലെ ഒരു മുസ്ലിം പള്ളിക്ക് യേശുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ പേര്. അബുദാബിയുടെ കിരീടാവകാശിയും യുഎഇ ആംഡ് ഫോഴ്സിന്റെ സുപ്രം കമാണ്ടറുമായ ഷെയ്ക്ക് മൊഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്റെ കല്പന പ്രകാരമാണ് അബുദാബിയിലെ മുസ്ലം പള്ളി കന്യാമറിയത്തിന്റെ നാമത്തില്‍ പുനര്‍നാമകരണം ചെയ്തത്.
മുസ്ലിം പള്ളിക്ക് യേശുവിന്റെ അമ്മയായ മറിയത്തിന്റെ പേര് നല്‍കിയത് ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണെന്ന് ഷെയ്ക്ക് മൊഹമ്മദ് ബിന്‍ പറഞ്ഞു.
‘ഇരു വിശ്വാസങ്ങള്‍ക്കും തമ്മില്‍ പൊതുവായ ഘടകമായ മറിയത്തോടുള്ള ആദരവ് ആഘോഷിക്കപ്പെടുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്,’ റവ. കാനന്‍ ആന്‍ഡ്രൂ തോംസന് പറഞ്ഞു. ‘രണ്ട് മതങ്ങളിലും മറിയം ദൈവത്തോടുള്ള അനുസരണയുടെ പ്രതീകമാണ’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ മോസ്കിന് സമീപത്തുള്ള സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തിലെ പുരോഹിതനാണ് റവ. കാനന്‍.
പുനര്‍നാമകരണം ചെയ്യപ്പെട്ട മോസ്കിന്റെ മുമ്പത്തെ പേര് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായെദ് മോസ്ക് എന്നായിരുന്നു.