നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട! (SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

ഉയിര്‍പ്പ് മൂന്നാം ഞായര്‍ സുവിശേഷ സന്ദേശം

ആമുഖം

അന്ത്യഅത്താഴവേളയില്‍ യേശു തന്റെ ശിഷ്യന്മാരെ സമാശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു, അവര്‍ക്കായി സ്ഥലം ഒരുക്കുന്നതിനായി അവിടുന്ന് പോകുന്നുവെന്ന്. താന്‍ മടങ്ങി വന്ന് അവരെ പിതാവിന്റെ പക്കലേക്ക് തന്നോടൊപ്പമായിരിക്കാന്‍ കൂട്ടി കൊണ്ടു പോകും എന്നും അവിടുന്ന് പറഞ്ഞു. പിതാവിലേക്കുള്ള ഏകവഴി താനാണെന്ന് യേശു തോമസിന് വെളിപ്പെടുത്തി. താനും പിതാവും ഒന്നാണെന്ന് ഫിലിപ്പിനോട് പറഞ്ഞു. യേശു ചെയ്യുന്ന പ്രവര്‍ത്തികള്‍ പിതാവിന്റെ പ്രവര്‍ത്തികള്‍ തന്നെയാണ്. തന്നില്‍ വിശ്വസിക്കുന്നവര്‍ ഇതിനേക്കാള്‍ വലിയവയും ചെയ്യും എന്നും അവിടുന്ന് ഉറപ്പു നല്‍കി.

ബൈബിള്‍ വായന
യോഹന്നാന്‍ 14: 1 – 14

“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍. എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നി്ങ്ങള്‍ക്ക് സ്ഥലം ഒരുക്കാന്‍ പോകുന്നുവെന്ന് ഞാന്‍ നിങ്ങളോട് പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കി കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടു പോകും. ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം. തോമസ് പറഞ്ഞു: കര്‍ത്താവേ, നീ എവിടെ പോകുന്നുവെന്ന് ഞങ്ങള്‍ക്കറിഞ്ഞു കൂട. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും? യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു, നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു. പീലിപ്പോസ് പറഞ്ഞു: പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചു തരിക. ഞങ്ങള്‍ക്ക് അതു മതി. യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോട് കൂടെ ഉണ്ടായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചു തരിക എന്ന് നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോട് പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല, പ്രത്യുത എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്. ഞാന്‍ പിതാവിലും പിതാവ് എന്നിലുമാണെന്ന് ഞാന്‍ പറയുന്നത് വിശ്വസിക്കുവിന്‍ അല്ലെങ്കില്‍ പ്രവൃത്തികള്‍ മൂലം വിശ്വസിക്കുവിന്‍. സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്ക് പോകുന്നതു കൊണ്ട് ഇവയെക്കാള്‍ വലിയവയും ചെയ്യും. നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനില്‍ മഹത്വപ്പെടാന്‍ വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനത് ചെയ്തു തരും.”

സുവിശേഷ സന്ദേശം

ശിഷ്യന്മാര്‍ അനുഭവിച്ചിരുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമാണ് യേശു നല്‍കുന്നത്. ദൈവത്തില്‍ വിശ്വസിക്കുന്നതു പോലെ യേശുവിലും വിശ്വസിക്കാന്‍ അവിടുന്ന് അവരോട് ആവശ്യപ്പെടുകയാണ്. കാരണം, പിതാവും യേശുവും ഒന്നു തന്നെയാണ്. യേശുവിലൂടെ പിതാവ് അവരെ വിശ്വാസജീവിതത്തിലെ പ്രയാസങ്ങളും വെല്ലുവിളികളും തരണം ചെയ്യാന്‍ ശക്തിപ്പെടുത്തും.

തന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട് എന്ന് യേശു പറയുന്നു. പിതാവിന്റെ ഭവനം സ്വര്‍ഗത്തിലാണ്. കൊറിന്ത്യര്‍ക്കുള്ള 2 ാം ലേഖനത്തില്‍ 5.1 ല്‍ വി. പൗലോസ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ‘ഞങ്ങള്‍ വസിക്കുന്ന ഭൗമിക ഭവനം നശിച്ചു പോകുമെങ്കിലും കരങ്ങളാല്‍ നിര്‍മിതമല്ലാത്തതും ശാശ്വതവും ദൈവത്തില്‍ നിന്നുള്ളതുമായ സ്വര്‍ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്ന് ഞങ്ങള്‍ അറിയുന്നു,’ പൗലോസ് എഴുതുന്നു.
സ്വര്‍ഗത്തില്‍ വാസസ്ഥലങ്ങള്‍ നിരവധിയുണ്ട് എന്ന് യേശു വ്യക്തമാക്കുകയാണ്. ബെത്‌ലെഹേമില്‍ യേശുവിന് പിറക്കാന്‍ സ്ഥലം ലഭിച്ചില്ല എന്നു പറയുന്നതിന്റെ നേര്‍ വിപരീതമായ അവസ്ഥയാണിത്.

സ്ഥലം ഒരുക്കുന്നതിനെ കുറിച്ച് യേശു പറയുന്നുണ്ട്. അപ്പോസ്തലന്മാരുമൊത്ത് നടത്തിയ പുതിയ ഉടമ്പടി യഹൂദരുടെ വിവാഹ ഉടമ്പടിയെ അനുസ്മരിപ്പിക്കുന്നതാണ്. യഹൂദ ആചാരമനുസരിച്ച് വരന്റെ പിതാവ് വധുവിന്റെ കുടുംബത്തിന് ധനം കൊടുക്കണം. ഇസഹാക്കിന്റെ വിവാഹം ഓര്‍ക്കുക. (ഉല്‍പ. 24. 53) വിവാഹം നിശ്ചയിച്ചു കഴിഞ്ഞാല്‍ വരന്‍ തന്റെ പിതാവിന്റെ ഭവനത്തിലെത്തി ദമ്പതികള്‍ക്കായി സ്ഥലം ഒരുക്കും. അതിന് ശേഷം അപ്രതീക്ഷിതമായ ഒരു ദിവസം വരന്‍ വന്ന് വധുവിനെ കൂട്ടിക്കൊണ്ടു പോകും. അതു പോലെ യേശു പോയി തന്റെ വധുവായ സഭയ്ക്കായി പിതാവിന്റെ ഭവനത്തില്‍ സ്ഥലം ഒരുക്കും എന്നാണ് ഇവിടെ പറയുന്നത്.

സ്വര്‍ഗത്തില്‍ സ്ഥലം ഒരുക്കി കഴിയുമ്പോള്‍ അവിടുന്ന് വീണ്ടും വന്ന് അവരെ സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും. എന്നാല്‍ അതിനായി സഭ തന്നെതന്നെ വിശുദ്ധിയിലും മണവാളനോടുള്ള വിശ്വസ്തതയിലും കാത്തുപാലിക്കേണ്ടിയിരിക്കുന്നു.

അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ തന്റെ മരണത്തിനു മുമ്പായി വി. സ്റ്റീഫന്‍ സ്വര്‍ഗം തുറക്കപ്പെടുന്നതും യേശു പിതാവിന്റെ വലതു ഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്നതും കാണുന്നതായി നാം വായിക്കുന്നു.

പിതാവിലേക്കുള്ള ഏക വഴി താനാണ് എന്ന് യേശു പറയുന്നു. അവിടുത്തെ വഴി പീഡകളുടെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഇടുങ്ങിയ വഴിയാണ്. എന്നാല്‍ തോമസ് യേശുവിനോട് പറയുന്നു, വഴി ഞങ്ങള്‍ക്ക് അറിയില്ല എന്ന്. അതിന് മറുപടിയായി യേശു പറയുന്നു, ഞാനാണ് വഴിയും സത്യവും ജീവനും എന്ന്. തന്നിലൂടെയല്ലാതെ ആരും പിതാവിങ്കലേക്ക് വരുന്നില്ല എന്ന് അവിടുന്ന് വ്യക്തമായി പറയുന്നു.

യേശു താനാണ് സത്യം എന്ന് പറയുന്നതിലുടെ താനാണ് പരമസത്യമായ ദൈവം എന്ന് വ്യക്തമാക്കുകയാണ്. ദൈവത്തെയും ദൈവത്തിന്റെ സൃഷ്ടിയെയും മനസ്സിലാക്കാന്‍ മനുഷ്യര്‍ക്ക് പരിമിതിയുണ്ട്. എന്നാല്‍, ദൈവസ്‌നേഹവും മനുഷ്യസ്‌നേഹവും പ്രവര്‍ത്തിപഥത്തില്‍ കൊണ്ടു വന്നാല്‍ ഈ ഭൂമിയില്‍ നിന്ന് സ്വര്‍ഗത്തിലെ സത്യത്തിലേക്ക് എത്തിചേരാന്‍ സാധിക്കും എന്ന് യേശു വ്യക്തമാക്കുന്നു.

മൂന്നാമതായി യേശു പറയുന്നത്, താനാണ് ജീവന്‍ എന്നാണ്. ദൈവമാണ് പ്രപഞ്ചം മുഴുവന്റെയും എല്ലാ ജീവജാലങ്ങളുടെയും സ്രഷ്ടാവ്. തന്റെ വചനം കൊണ്ട് എല്ലാം സൃഷ്ടിച്ച ദൈവം ആ വചനത്തെ മനുഷ്യരൂപത്തില്‍ ഭൂമിയിലേക്കയച്ചു. യേശു ദൈവവും മനുഷ്യനുമായി ഭൂമിയിലെത്തി. പാപത്തിന്റെ ഫലമായ മരണത്തിന് അടിമപ്പെട്ട മനുഷ്യരെ രക്ഷിച്ച് നിത്യജീവന്‍ നല്‍കുന്ന ജീവനാണ് യേശു ക്രിസ്തു. യേശു നമ്മുടെ പുനരുദ്ധാനം ഉറപ്പു നല്‍കിയിരിക്കുന്നു.

തന്നെ അറിഞ്ഞാല്‍ ദൈവപിതാവിനെയും അറിയാന്‍ കഴിയും എന്ന് യേശു പറയുന്നു. മൂന്ന് വ്യക്തികളും ഒന്നായിരിക്കുന്ന ഏകദൈവമാണ് നമ്മുടേത്. ഒരാളെ അറിഞ്ഞാല്‍ അത് എല്ലാവരെയും അറിയുന്നത് തന്നെയാണ്.

പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചു തരിക എന്ന ഫിലിപ്പോസിന്റെ ചോദ്യത്തിന് മറുപടിയായി യേശു പറയുന്നു, എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു എന്ന്. സര്‍വശക്തനായ ദൈവം നമുക്ക് ഗ്രഹണത്തിന് അതീതനാണ്. എന്നാല്‍ മാംസം ധരിച്ച ദൈവത്തെ നമുക്ക് കാണാം, സ്പര്‍ശിക്കാം. അതിനാല്‍ യേശുവിനെ കാണുമ്പോള്‍ നാം പരിശുദ്ധ ത്രിത്വത്തെ തന്നെയാണ് കാണുന്നത്.

തന്നില്‍ വിശ്വസിക്കുന്നവര്‍ താന്‍ ചെയ്യുന്ന പ്രവര്‍ത്തികളും അവയെക്കാള്‍ വലിയവയും ചെയ്യും എന്ന് യേശു പറയുന്നു. അതഭുതപ്രവര്‍ത്തികള്‍ ചെയ്യാനുള്ള ശക്തിയും സിദ്ധിയും യേശു തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കുന്നു. രോഗികളെ സുഖപ്പെടുത്താനും മരിച്ചവരെ ഉയിര്‍പ്പിക്കാനും കുഷ്ഠരോഗികളെ സുഖമാക്കാനും പിശാചുക്കളെ ബഹിഷ്‌കരിക്കാനും (മത്താ. 10.8). തുടര്‍ന്ന് അവിടുന്ന് പറയുന്നത് തന്റെ നാമത്തില്‍ പിതാവിനോട് എന്തു ചോദിച്ചാലും അത് ലഭിക്കും എന്നാണ്. അതിന് ശേഷം അവിടുന്ന് വീണ്ടും പറയുന്നു, എന്റെ നാമത്തില്‍ നിങ്ങള്‍ എന്തു ചോദിച്ചാലും അത് ഞാന്‍ ചെയ്തു തരും എന്ന്.

 

സന്ദേശം

നമ്മുടെ മനസ്സ് അസ്വസ്ഥമായിരിക്കുമ്പോള്‍ നമ്മുടെ സമാശ്വാസം യേശുവില്‍ മാത്രം ആയിരിക്കണം. യേശുവിലൂടെ നമ്മുടെ ആശ്വാസം പിതാവിലും ആയിരിക്കണം.

ഈ ലോകത്തില്‍ നമ്മുടെ വാസം താല്ക്കാലികമാണ്. യേശു നമ്മുടെ ലക്ഷ്യസ്ഥാനമായ സ്വര്‍ഗത്തിലേക്ക് സ്ഥലമൊരുക്കുവാനായി പോയിരിക്കുന്നു. ദൈവരാജ്യത്തില്‍ ്പ്രവേശിക്കാനാവശ്യമായ കാര്യങ്ങളില്‍ നാം വ്യാപൃതരാകണം.

താന്‍ വീണ്ടും വന്ന് നമ്മെ സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും എന്ന് യേശു വാഗ്ദാനം ചെയ്തിരിക്കുന്നു. ഈ പ്രത്യാശയോടെ നമുക്ക് നമ്മുടെ ദൗത്യത്തോട് വിശ്വസ്തത പുലര്‍ത്താം.

താനാണ് പിതാവിലേക്കുള്ള ഒരേയൊരു വഴി എന്ന് യേശു പറഞ്ഞിരിക്കുന്നു. ഈ വഴിയില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം.

യേശു പിതാവിനെ പ്രതിനിധീകരിക്കുന്നതു പോലെ നമുക്കും നമ്മുടെ ജീവിതത്തില്‍ യേശുവിനെ പ്രതിനിധീകരിക്കാം. യേശുവിന്റെ കരങ്ങളും പാദങ്ങളും നാവും നമ്മള്‍ തന്നെയാണ്. നമുക്ക് ഇവയിലൂടെ യേശുവിന്റെ കാരുണ്യസന്ദേശങ്ങള്‍ ലോകത്തിന് കൈമാറാം.

ദൈവത്തിന്റെ മഹത്വത്തിനായി തന്റെ നാമത്തില്‍ ചോദിക്കുന്നതെന്തും നല്‍കപ്പെടും എന്ന് യേശു വാഗ്ദാനം ചെയ്തിരിക്കുന്നു. നമുക്ക് ദൈവഹിതത്തിന് പ്രാധാന്യം നല്‍കി ദൈവരാജ്യത്തിനു വേണ്ടി പ്രയത്‌നിക്കാം.

പ്രാര്‍ത്ഥിക്കാം

നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍. എന്നിലും വിശ്വസിക്കുവിന്‍ എന്നരുളിച്ചെയ്ത യേശുനാഥാ, ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പല വിധ ഭയങ്ങളാലും ആകുലതകളാലും ഞങ്ങളുടെ ഹൃദയങ്ങള്‍ അസ്വസ്ഥമാണ്. ഞങ്ങളുടെ അസ്വസ്ഥമായ ഹൃദയങ്ങളെ അങ്ങ് സമാശ്വസിപ്പിക്കുകയും ശാന്തിയും സമാധാനവും കൊണ്ട് നിറയ്ക്കുകയും ചെയ്യണമേ. ലോകത്തെ കാര്‍ന്നു തിന്നുന്ന ഈ മഹാമാരിയെ ശമിപ്പിക്കാന്‍ അവിടുത്തെ സര്‍വശക്തമായ കരങ്ങള്‍ ഉയര്‍ത്തണമേ. മനുഷ്യരുടെ ഹൃദയങ്ങളില്‍ ശാന്തി നിറയ്ക്കണമേ. വഴിയും സത്യവും ജീവനുമായ യേശുവേ, ഞങ്ങളുടെ രക്ഷയും അഭയവും ആയിരിക്കണമേ.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles