കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍! (SUNDAY HOMILY)
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
ഉയിര്‍പ്പ് രണ്ടാം ഞായര്‍ സുവിശേഷ സന്ദേശം
ആമുഖം
തനിക്ക് യേശുവിനെ നേരില്‍ കാണാനും അവിടുത്തെ തിരുമുറിവുകളില്‍ സ്പര്‍ശിക്കുകയും ചെയ്യാന്‍ കഴിഞ്ഞാലല്ലാതെ താന്‍ ഉയിര്‍ത്തെഴുന്നേല്‍പില്‍ വിശ്വസിക്കുകയില്ല എന്ന തോമസ് ശ്ലീഹയുടെ നിലപാട് യേശുവിന്റെ ഉത്ഥാനത്തിന്റെ ശക്തമായ തെളിവായി മാറുന്നു. യേശുവാകട്ടെ തോമസിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ തക്കവിധം എളിമയുള്ളവനാണ്. തോമസ് കര്‍ത്താവിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിക്കുന്നു. ആ വിശ്വാസവുമായി കടലുകള്‍ കടന്നു ചെന്ന് സുവിശേഷം പ്രസംഗിച്ച് അദ്ദേഹം ഏഡി 72 ല്‍ രക്തസാക്ഷിത്വം വഹിക്കുന്നു.
ബൈബിള്‍ വായന
യോഹന്നാന്‍ 20: 19 – 29
“ആഴ്ചയുടെ ആദ്യദിവസമായ അന്ന് വൈകിട്ട് ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോട് പറഞ്ഞു, നിങ്ങള്‍ക്ക് സമാധാനം! ഇപ്രകാരം പറഞ്ഞു കൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്മാര്‍ സന്തോഷിച്ചു. യേശു വീണ്ടും അവരോട് പറഞ്ഞു, നിങ്ങള്‍ക്ക് സമാധാനം! പിതാവ് എന്നെ അയച്ചതു പോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇത് പറഞ്ഞിട്ട് അവരുടെ മേല്‍ നിശ്വസിച്ചു കൊണ്ട് അവരോട് അരുളിച്ചെയതു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍! നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും. പന്ത്രണ്ടു പേരിലൊരൂവനും ദിദിമോസ് എന്ന് വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോള്‍ അവരോട് കൂടെ ഉണ്ടായിരുന്നില്ല. അതു കൊണ്ട് മറ്റു ശിഷ്യന്മാര്‍ അവരോട് പറഞ്ഞു. ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല. എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്റെ ശിഷ്യന്മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോട് കൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നു കൊണ്ട് പറഞ്ഞു. നിങ്ങള്‍ക്ക് സമാധാനം! അവന്‍ തോമസിനോട് പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടു വരിക. എന്റെ കൈകള്‍ കാണുക. നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ! യേശു അവനോട് പറഞ്ഞു: നീ എന്നെ കണ്ടതു കൊണ്ട് വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.”
സുവിശേഷ വിചിന്തനം
ഞായറാഴ്ച രാവിലെ സംഭവിച്ച യേശുവിന്റെ പുനരുത്ഥാനം പുതിയൊരു യുഗപ്പിറിവിയാണ്. അതു കൊണ്ടാണ് ആഴ്ചയുടെ ആദ്യദിവസം തന്നെ അത് സംഭവിക്കുന്നത്. അതിനാല്‍ ക്രിസ്ത്യാനികളെ സംബന്ധിച്ച് സാബത്തിന് പകരമായി ഞായറാഴ്ച മാറുന്നു.
വാതിലുകള്‍ അടച്ചിരുന്ന സമയത്താണ് ഉത്ഥിതനായ യേശു ശിഷ്യന്മാരുടെ മുറിയിലേക്ക് കയറി വന്നതെന്ന് സുവിശേഷം പറയുന്നു. യഹൂദന്മാരെ ഭയന്നാണ് അവര്‍ കതകടച്ചിരുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതേ ശരീരം തന്നെയാണ് യേശുവിന് ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍ നിന്ന് ശാരീരിക പരിമിതകളെല്ലാം മാഞ്ഞു പോയിരുന്നു. അതിനാല്‍, ഭിത്തിയിലൂടെ കടന്നു വരാന്‍ യേശുവിന് സാധിച്ചു. യേശുവിന്റെ രണ്ടാം വരവില്‍ നമ്മുടെ ശരീരങ്ങളും അതു പോലെയായിത്തീരും.
സമാധാനം നിങ്ങളോട് കൂടെ! എന്നാണ് യേശു ആശംസിക്കുന്നത്. ഇത് യഹൂദരുടെ പതിവ് അഭിവാദനം ആയിരുന്നു. ദൈവത്തോട് അനുസരണയുള്ളയുള്ളവരായിരുന്നപ്പോഴെല്ലാം ഇസ്രയേലിന് സമാധാനം ഉണ്ടായിരുന്നു.
തുടര്‍ന്ന് യേശു അവരെ തന്റെ കൈകളും പാര്‍ശ്വവും കാണിച്ചു കൊടുക്കുന്നു. ശിഷ്യന്മാര്‍ അടയാളം ചോദിക്കും മുമ്പേ യേശു തന്റെ തിരുമുറിവുകള്‍ അവര്‍ക്ക് കാട്ടികൊടുക്കുന്നു. മഹത്തായ ്‌സനേഹത്തിന്റെ നിത്യമായ അടയാളങ്ങളായിരുന്നു അവ. അത് കണ്ട് അവര്‍ക്ക് കൂടുതല്‍ ബോധ്യമാകുന്നു.
പിതാവ് തന്നെ അയച്ചതു പോലെ താനും അവരെ അയക്കുന്നു എന്നു പറഞ്ഞു കൊണ്ട് യേശു അവരുടെ മേല്‍ നിശ്വസിക്കുന്നു. പരിശുദ്ധാത്മാവിനെ സ്വീകരിക്കുക എന്ന് അവിടുന്നു പറയുന്നു. ആദത്തിന്റെ നാസാരന്ധ്രങ്ങളിലേക്ക് ജീവവായു ഊതിയവനാണ് ദൈവം. അനശ്വരമായ ആത്മാവിനെയാണ് ദൈവം ആദമിലേക്ക് നിവേശിപ്പിച്ചത്. അതു പോലെ യേശു അവരിലേക്ക് പുതിയ ആത്മീയ ജീവിതം പകര്‍ന്നു കൊടുക്കുകയാണ്.
അന്ത്യ അത്താഴ സമയത്ത്, യേശു ശിഷ്യന്മാര്‍ക്ക് വാഴ്ത്തിയ അപ്പവും വീഞ്ഞും നല്‍കി കൊണ്ട് തന്റെ ശരീര രക്തങ്ങള്‍ സ്വീകരിക്കാന്‍ പറയുന്നു. ഈ നിമിഷത്തില്‍, അവിടുന്ന് പരിശുദ്ധാത്്മാവിനെ സ്വീകരിക്കാന്‍ അവരോട് പറഞ്ഞിട്ട് ദിവ്യകാരുണ്യത്തില്‍ തുടര്‍ച്ചയും പരിപൂര്‍ണതയും സൂചിപ്പിക്കുന്നു.
പാപികളെ രക്ഷിക്കാനാണ് പിതാവായ ദൈവം യേശുവിനെ ഭരമേല്‍പിച്ചിരിക്കുന്നത്. യേശുവാകട്ടെ തന്റെ അധികാരം ശിഷ്യന്മാര്‍ക്ക് പകര്‍ന്നു കൊടുക്കുന്നു. അവരുടെ ദൗത്യം ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല, പ്രഭാഷണവും ജ്ഞാനസ്‌നാനവും പാപമോചനവും വഴി അവരെ രക്ഷിക്കാനാണ്.
പാപമോചനത്തിന് പശ്ചാത്താപം അത്യന്താപേക്ഷിതമാണ്. ദൈവത്തോട് അനുരഞ്ജനപ്പെടാന്‍ തയ്യാറാകാത്തവരുടെ പാപങ്ങളാണ് പിടിക്കപ്പെട്ടിരിക്കുന്നത്.
യേശു ആദ്യതവണ വന്നപ്പോള്‍ തോമസ് അവരോടൊപ്പം ഇല്ലായിരുന്നു. തോമസ് എന്നത് ഹീബ്രൂ നാമമാണ്. ദിദീമസ് എന്നത് ഗ്രീക്ക് പേരും. രണ്ടു പേരിന്റെയും അര്‍ത്ഥം ഇരട്ട എന്നാണ്. തോമസ് തന്റെ കുടുംബത്തില്‍ ഒരു ഇരട്ടയായിരുന്നു. യഹൂദന്മാര്‍ക്ക് രണ്ടു പേരുകള്‍ ഉണ്ടായിരുന്നു. ഒരു യഹൂദ നാമവും ഒരു വിജാതീയ പേരും. യൂദയായില്‍ അവര്‍ യഹൂദനാമത്തിലും ഗലീലിയിലും മറ്റ് യഹുദേതര സ്ഥലങ്ങളിലും വിജാതിയ പേരിലുമാണ് അവര്‍ അറിയപ്പെട്ടിരുന്നത്. സാവുള്‍, പൗലോസ് എന്നീ പേരുകള്‍ ഉദാഹരണം.
യേശു വന്നപ്പോള്‍ തോമസ് അവിടെ ഉണ്ടായിരുന്നില്ല. യൂദാസും പത്രോസും മാത്രമല്ല തങ്ങളുടെ വാക്കുകളില്‍ തോറ്റു പോയത്. തോമസുമുണ്ട്. നമുക്ക് അവനോടു കൂടെ പോയി മരിക്കാം എന്ന് പറഞ്ഞ തോമസും ഓടിയൊളിച്ചിരുന്നു. എന്നാല്‍ ഏഡി 72 ല്‍ അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചു. ചിലപ്പോള്‍ തന്റെ തെറ്റില്‍ മനം നൊന്ത് തോമസ് ഏകാന്തതയില്‍ സമയം ചെലവഴിക്കുകയായിരുന്നിരിക്കാം.
മറ്റു ശിഷ്യന്മാര്‍ യേശു ഉത്ഥാനം ചെയ്ത് പ്രത്യക്ഷപ്പെട്ട കാര്യം തോമസിനോട് പറഞ്ഞപ്പോള്‍ തനിക്ക് യേശുവിനെ നേരില്‍ കാണാനും അവിടുത്തെ തിരുമുറിവുകളില്‍ സ്പര്‍ശിക്കുകയും ചെയ്യാന്‍ കഴിഞ്ഞാലല്ലാതെ താന്‍ ഉയിര്‍ത്തെഴുന്നേല്‍പില്‍ വിശ്വസിക്കുകയില്ല എന്നാണ് തോമസ് പറയുന്നത്. കണ്ടാല്‍ മാത്രം പോര തൊട്ടു നോക്കണം എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
യേശു രണ്ടാം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നത് ഈസ്റ്ററിന് ശേഷം വരുന്ന ഞായറാഴ്ചയിലാണ്. അപ്പോള്‍ തോമസും അവരുടെ കൂടെ ഉണ്ടായിരുന്നു. ഇത്തവണയും വാതില്‍ അടഞ്ഞു കിടന്നു. സമാധാനം ആശംസിച്ചു കൊണ്ട് യേശു അവരുടെ മുന്നില്‍ പ്രത്യക്ഷനാകുന്നു.
തോമസ് ചോദിച്ച കാര്യം അറിഞ്ഞ യേശു തോമസിനോട് അദ്ദേഹത്തിന്റെ വിരല്‍ തന്റെ കൈയിലെ മുറിവുകള്‍ ഇടാനും പാര്‍ശ്വത്തില്‍ കൈ വയ്ക്കുവാനും ആവശ്യപ്പെടുന്നു. തോമസിനെ ഇത്തവണ യേശു പേരു ചൊല്ലി വിളിക്കുകയാണ്. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക എന്നു യേശു തോമസിനോട് പറയുന്നു.
എന്റെ കര്‍ത്താവേ, എന്റെ ദൈവമേ! എന്ന് പറഞ്ഞു കൊണ്ടാണ് തോമസ് പ്രതികരിക്കുന്നത്. താന്‍ നേരിട്ടു പറയാതെ തന്നെ തന്റെ മനോഗതം അറിഞ്ഞ കര്‍ത്താവിന്റെ പ്രവര്‍ത്തിയില്‍ തോമസ് അമ്പരന്നു പോയിക്കാണും. അതു മാത്രമല്ല, തനിക്ക് വേണ്ടി വീണ്ടും പ്രത്യക്ഷപ്പെടാന്‍ തക്കവിധം ദൈവം എളിമയുള്ളവനായിരിക്കുന്നു. തൊടാന്‍ തുനിയാതെ തോമസ് ഉടനെ തന്നെ തന്റെ വിശ്വാസം പ്രഖ്യാപിക്കുകയാണ്.
കര്‍ത്താവ്, ദൈവം എന്നീ രണ്ടു വാക്കുകള്‍ക്ക് വ്യത്യസ്ഥമായ അര്‍ത്ഥങ്ങളാണ്. ദൈവം എന്ന വാക്കിന് ഹീബ്രുവില്‍ എലോഹിം എന്നും ഗ്രീക്കില്‍ തെയോസ് എന്നുമാണ്. കര്‍ത്താവ് എന്നതിന് ഹീബ്രുവില്‍ അഡോനായ് എന്നും ഗ്രീക്കില്‍ കുറിയോസ് എന്നുമാണ്. യാഹ്വേ എന്നും ഉപയോഗിക്കുന്നുണ്ട്. എലോഹിം എന്ന് വാക്ക് വരുന്നത് പുരോഹിത പാരമ്പര്യത്തില്‍ നിന്നും യാഹ്വേ എന്നത് യാഹ്വേയിക പാരമ്പര്യത്തില്‍ നിന്നുമാണ് വരുന്നത്. സങ്കീര്‍ത്തനം 35 ല്‍ രണ്ടു വാക്കുകളും ഉപയോഗിക്കുന്നു. (35. 23).
സാധാരണ ഗതിയില്‍ യേശുവിനെ കര്‍ത്താവ് എന്നാണ് ശിഷ്യന്മാര്‍ അഭിസംബോധന ചെയ്തിരുന്നത്. ഉന്നത സ്ഥാനീയന്‍, ദൈവപുത്രന്‍ എന്നെല്ലാമാണ് അതിലൂടെ അവര്‍ അര്‍ത്ഥമാക്കിയത്. എന്നാല്‍ ഉത്ഥിതനായ യേശുവിനെ കണ്ടപ്പോള്‍ തോമസ് കര്‍ത്താവിനെ ദൈവമായി തന്നെ അംഗീകരിച്ചു പ്രഖ്യാപിക്കുകയാണ്. യേശുവിനെ കുറിച്ചുള്ള തോമസിന്റെ ധാരണയും അറിവും വികസിക്കുകയാണ്. യേശുവിന്റെ ദൈവത്വത്തിലുള്ള വിശ്വാസമാണ് തോമസ് പ്രഖ്യാപിക്കുന്നത്.
ഈ ഞായറാഴ്ചയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ദൈവകരുണയടെ ഞായര്‍ കൂടിയാണിത്. സി. മരിയ ഫൗസ്റ്റിന് കോവാല്‍സ്‌ക എന്ന വിശുദ്ധയ്ക്ക് ലഭിച്ച ദര്‍ശനങ്ങളെ അടസ്ഥാനമാക്കിയുള്ളതാണ് ഈ ഭക്തി. 1980 നവംബര്‍ 30 വി. ജോണ്‍ പോള്‍ മാര്‍പാപ്പാ ദൈവകരുണയെ കുറിച്ച് ഒരു ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു. ഫൗസ്റ്റിനയ്ക്ക് ലഭിച്ച സന്ദേശം അനുസരിച്ച് ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് ദൈവകരുണയുടെ ഭക്തി ആചരിക്കുന്നത്.
സന്ദേശം
പുനരുത്ഥാനത്തിനു ശേഷം യേശു ശിഷന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടതെല്ലാം ആഴ്ചയിലെ ആ്ദ്യ ദിവസമായ ഞായറാഴ്ചകളിലായിരുന്നു. നമുക്ക് ഞായറാഴ്ചകള്‍ വിശുദ്ധമായി ആചരിക്കാം.
തോമസ് തന്റെ സഹോദരന്മാരോട് അകന്നിരിക്കുമ്പോളാണ് യേശു അവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. ആ അവസരം തോമസിന് നഷ്ടമായി. യേശുവിന്റെ സാന്നിധ്യം നഷ്ടമാകാതിരിക്കുന്നതിനു വേണ്ടി നമുക്ക് എപ്പോഴും സാഹോദര്യത്തിലായിരിക്കാം.
കടുംപിടുത്തം കാണിച്ച തോമസിനോട് യേശു കരുണയാണ് കാണിക്കുന്നത്. വീണ്ടും പ്രത്യക്ഷപ്പെട്ട് തോമസ് ആവശ്യപ്പെട്ടത് നല്‍കാന്‍ മാത്രം യേശു എളിമപ്പെടുന്നു. നമുക്കും കുടുംപിടുത്തക്കാരാകാതെ എളിമയുള്ളവരായിരിക്കാം.
തോമസിന്റെ അനുഭവവവും ദൈവകരുണയുടെ ഭക്തിയും നല്‍കുന്ന സന്ദേശം ഒന്നു തന്നെയാണ്. ദൈവത്തില്‍ ആശ്രയിക്കുക, ദൈവകരുണ അന്വേഷിക്കുക എന്നത്. മറ്റുള്ളവരോടും നമുക്ക് കരുണ കാണിക്കാം.
തോമസും സി. ഫൗസ്റ്റിനയും യേശുവിന്റെ മുറിവേറ്റ ഹൃദയം കണ്ടവരാണ്. അവിടുത്തെ ത്യാഗനിര്‍ഭരനായ സ്‌നേഹം അപരനെ സ്‌നേഹിക്കാനും സേവിക്കാനും നമുക്ക് പ്രചോദനം അരുളുന്നു.
പ്രാര്‍ത്ഥന
ഉത്ഥിതനായ യേശുനാഥാ,
അവിടുത്തെ തിരുമുറിവുകളില്‍ സ്പര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ച അപ്പോസ്തലനായ തോമസ് പിന്നീട് ശക്തമായ വിശ്വാസം സ്വന്തമാക്കുകയും ഭാരതത്തില്‍ വന്ന് ആ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തുവല്ലോ. ഈ വിശുദ്ധനെ പോലെ ശക്തമായ വിശ്വാസം കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ. അനേകരുടെ മുന്നില്‍ അങ്ങേക്ക് സാക്ഷ്യം വഹിക്കാന്‍ ഞങ്ങള്‍ക്ക് കൃപ തന്നരുളണമേ.
ആമ്മേന്‍
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.