കൊറിയയില്‍ നിന്നൊരു വിശ്വാസ സാക്ഷ്യം
ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ട ആ നിമിഷം ക്രിസ്തുവിന്റെ മകളാകാന്‍ ഞാന്‍ തീരുമാനിച്ചു’’, മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍ക്കാഴ്ചയായി മാറിയ ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ട മി ജിന്‍ എന്ന നാല്പതുവയസ്സുകാരിയായ ഒരു നോര്‍ത്ത് കൊറിയന്‍ ഡിഫക്ടറുടെ വാക്കുകളാണിവ. ചൈനയിലെ ഒരു കൂട്ടം ക്രൈസ്തവവിശ്വാസികളുടെ സഹായത്താല്‍ ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ട മീ ജിന്‍ ക്രിസ്തുവിലൂടെ സാധ്യമായ തന്റെ രക്ഷയെ നന്ദിയോടെ സ്മരിക്കുന്നു.
മതത്തെക്കുറിച്ച് വികലമായ കാഴ്ച്ചപ്പാടാണ് മീ ജിന്നിനുണ്ടായിരുന്നത്. വിദ്യാഭ്യാസജീവിതം അവള്‍ക്ക് പകര്‍ന്ന് തന്നത് മതം ഒരു ലഹരി മാത്രമാണ് എന്ന അറിവാണ്. രക്ഷപ്പെടുന്നതിന് വളരെ കുറച്ച് ദിവസങ്ങള്‍ക്കുമുന്‍പ് ഉത്തര കൊറിയയില്‍ വച്ച് പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയിലൂടെ അവള്‍ ക്രിസ്തുവിനെ അറിഞ്ഞു. ക്രിസ്തുവിനെക്കുറിച്ചുള്ള കഥകള്‍ അവളെ ആവേശം കൊള്ളിക്കുകയും ആശ്ചര്യഭരിതയാക്കുകയും ചെയ്തു. തനിക്ക് രക്ഷ പ്രദാനം ചെയ്യാന്‍ കഴിവുളളവനാണ് ക്രിസ്തു എന്ന അറിവ് അസമത്വത്തിന്റെയും വിവേചനത്തിന്റെയും ചങ്ങലകളെ ഭേദിക്കാനുള്ള ധൈര്യം അവളില്‍ നിറച്ചു. ഒട്ടും സുതാര്യമല്ലാത്ത വ്യവസ്ഥിതിയില്‍ കഴിയുന്ന അടിച്ചമര്‍ത്തപ്പെട്ട അനേകം ജീവിതങ്ങളെ പുറംലോകത്തിനു കാണിച്ചുകൊടുത്തുകൊണ്ട് ദക്ഷിണ കൊറിയയിലെ ഡെയ്‌ലി എന്‍.കെ. എന്ന സ്ഥാപനത്തില്‍ അവര്‍ പത്രപ്രവര്‍ത്തകയായി സേവനമനുഷ്ഠിക്കുന്നു.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ ജപ്പാനില്‍നിന്നും സ്വതന്ത്രമാക്കപ്പെട്ടുവെങ്കിലും കൊറിയ ശീതയുദ്ധത്തിന്റെ ഇരയായി മാറി. കൊറിയയുടെ ദക്ഷിണഭാഗം അമേരിക്കയുടെ നിയന്ത്രണത്തിലും ഉത്തരഭാഗം റഷ്യയുടെ കൈകളിലുമായി. ഒരു കമ്മ്യൂണിസ്റ്റ് ഭരണവ്യവസ്ഥ ഉത്തരദേശത്ത് സ്ഥാപിച്ചുകൊണ്ട് റഷ്യ ഭരണം ചൈനയ്ക്കു കൈമാറി.
യുദ്ധത്തിനുശേഷം ദക്ഷിണകൊറിയ ഏകാധിപതികളുടെ കീഴില്‍ സാമ്പത്തികവളര്‍ച്ച കൈവരിച്ചു. എന്നാല്‍ മൂന്നു ദശാബ്ദങ്ങളായി ഉത്തര കൊറിയ കിം ഡൈനാസ്റ്റിയുടെ ഭരണത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. കിം ജോങിന്റെ നേതൃത്വത്തിലുള്ള നോര്‍ത്ത് കൊറിയന്‍ ഗവണ്‍മെന്റ് കഠിനമായ ശിക്ഷകളിലൂടെ ജനങ്ങളെ ഭീതിയിലാഴ്ത്തി അടക്കിവാഴുന്നു.
‘സോങ് ബണ്‍’ എന്ന വര്‍ഗ്ഗീകരണതന്ത്രമുപയോഗിച്ച് കിം ഭരണകൂടം ജനവിഭാഗത്തെ മൂന്നു തട്ടുകളിലായി വേര്‍തിരിച്ചിരിക്കുന്നു. ആനുകൂല്യങ്ങളും, അവകാശങ്ങളും മേലെത്തട്ടിലുള്ളവരായ റൂളിങ് ക്ലാസിന്റെ മാത്രം കുത്തകയായിതീര്‍ന്നു. യുണൈറ്റഡ് നേഷന്‍സ് ഈ വര്‍ഗീകരണ തന്ത്രത്തെ ശക്തമായി അപലപിക്കുകയും ഇതിന് അന്ത്യം വരുത്തണമെന്ന് താക്കീത് നല്‍കുകയും ചെയ്തു. എന്നാല്‍ താക്കീതുകളെ പുച്ഛിച്ചുതള്ളിക്കൊണ്ട് കിം വാഴ്ച തുടരുന്നു. വിവേചനത്തിന് ഇരകളായ അനേകര്‍ ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. നോര്‍ത്ത് കൊറിയന്‍ ഡിഫക്ടേഴ്‌സ് എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. പിടിക്കപ്പെട്ടാല്‍ അവരുടെ അവസ്ഥ പരിതാപകരമായിരിക്കും. ഉത്തരകൊറിയയില്‍ നിന്നും രക്ഷപ്പെടുന്ന സ്ത്രീകള്‍ ചൈനക്കാരുമായി വിവാഹിതരാകാന്‍ നിര്‍ബന്ധിതരാകുന്നു. അല്ലെങ്കില്‍ അവര്‍ സെക്‌സ് ട്രേഡിലെ ഇരകളാകും. അത്തരം വിവാഹങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് നിയമാനുസൃതമായ അംഗീകാരം ലഭിക്കില്ല. വിദ്യാഭ്യാസത്തിനോ മെഡിക്കല്‍ സേവനങ്ങള്‍ക്കോ ഈ കുഞ്ഞുങ്ങള്‍ക്കു അര്‍ഹതയുണ്ടാകില്ല. ഉത്തരകൊറിയയിലേക്ക് തിരികെ മടങ്ങേണ്ടിവന്നാല്‍ ലഭിക്കുന്നത് വിസ്താരം, തടവുശിക്ഷ, ക്രൂരമായ ശാരീരിക പീഢനങ്ങള്‍, ലൈംഗീക ചൂഷണം എന്നിവയാണ്.
യു. എന്നിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഉത്തരകൊറിയയിലെ പൊളിറ്റിക്കല്‍ പ്രിസണിലെ അന്തേവാസികളുടെ എണ്ണം എണ്‍പതിനായിരം മുതല്‍ ഒരുലക്ഷത്തിഇരുപതിനായിരത്തോളം വരും.
ദക്ഷിണ കൊറിയയിലെ ഒരു വിഭാഗം കൊറിയന്‍ കന്യാസ്ത്രീകളുടെ സഹായത്താല്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കിയ മീ. ജിന്‍ ജ്ഞാനസ്‌നാനശേഷം അവളേറ്റവും ഇഷ്ടപ്പെടുന്ന പുണ്യവതിയായ തെരേസയുടെ നാമം സ്വീകരിച്ചു. 2014ല്‍ ഫ്രാന്‍സിസ് പാപ്പ ദക്ഷിണ കൊറിയ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം മീ ജിന്നിനുണ്ടായി. കൊറിയയില്‍ രക്തസാക്ഷികളായ നൂറ്റിഇരുപത്തിനാലുപേരുടെ നാമകരണചടങ്ങുകള്‍ക്ക് ദൃക്‌സാക്ഷിയാകാനുളള കൊറിയന്‍ ബിഷപ്പുമാരുടെ പ്രത്യേക ക്ഷണത്തെ ഏറ്റം ആദരവോടെയാണ് അവള്‍ സ്വീകരിച്ചത്. സിയോളിലെ ചരിത്രപ്രസിദ്ധമായ മയോങ്‌ഗോങ് ദേവാലയത്തില്‍ പാപ്പയോടൊപ്പം ജിന്‍ ദിവ്യബലിയില്‍ പങ്കുകൊണ്ടു.
കൊറിയയുടെ ഏകീകരണം പ്രത്യാശയോടെ നോക്കികാണുന്ന മീ ജിന്‍ പറയുന്നത് ഇപ്രകാരമാണ്, ” ഉത്തരകൊറിയയില്‍ സഹായം ആവശ്യമുള്ള വളരെയധികം ജനങ്ങളുണ്ട്. അവരുടെ ആവശ്യങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ ശ്രമിക്കുന്ന അനേകം മാധ്യമങ്ങളും. അവര്‍ക്ക് നമ്മുടെ പിന്തുണ ആവശ്യമാണ്”. ആണവായുധങ്ങള്‍ ഉപേക്ഷിച്ച് ഉത്തരകൊറിയന്‍ ജനങ്ങളുടെ ജീവനും, സ്വാതന്ത്രത്തിനും വിലകല്‍പ്പിക്കുന്ന ജനാധിപത്യവത്കരണത്തിന് ഊന്നല്‍ കൊടുക്കുന്ന ഒരു പുതിയ ഭരണപരിഷ്‌കരണത്തിലേക്ക് കിം പിന്തിരിയുമെന്ന പ്രത്യാശപൂര്‍വം കാത്തിരിക്കുന്നു മീ ജിന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.