ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പായെ അറിയുമോ?

1963 കത്തോലിക്കാ സഭയെ സംബന്ധിച്ച് നിര്‍ണായകമായ വര്‍ഷമായിരുന്നു. സഭയുടെ വാതിലുകളും കാതുകളും സകലജനങ്ങള്‍ക്കുമായി തുറന്നിട്ട രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടന്നു കൊണ്ടിരിക്കുന്ന കാലഘട്ടം ആയിരുന്നു അത്. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായെ പിന്‍ചെന്ന് 1963 ജൂണ്‍ 21 ന് പോള്‍ ആറാമന്‍ കത്തോലിക്കാ സഭയുടെ പുതിയ മാര്‍പാപ്പയായി സ്ഥാനമേറ്റു.

ജനനവും വളര്ച്ചയുടെ കാലവും
വടക്കന്‍ ഇറ്റലിയിലെ സരേസ്സോയില്‍ ഒരു പ്രഭുകുടുംബത്തിലാണ് പോള്‍ ആറാമന്‍ പാപ്പയുടെ പിറവി. അന്ന് അദ്ദേഹത്തിന്റെ പേര് ജിയോവനി മോന്തീനി എന്നായിരുന്നു. 1916 ല്‍ അദ്ദേഹം പുരോഹിതനായി. മിലാനില്‍ വച്ച് അദ്ദേഹം കാനോനിക നിയമത്തില്‍ ഡോക്ടററേറ്റ് നേടി. മികച്ച സംഘാടക നൈപുണ്യം ഉണ്ടായിരുന്ന ജിയോവനി വൈകാതെ പേപ്പല്‍ സിവില്‍ സര്‍വീസ് കൂരിയയില്‍ നിയമിതനായി. 1937 ല്‍ പില്‍ക്കാലത്ത് പന്ത്രണ്ടാം പീയൂസ് പാപ്പാ ആയി മാറിയ കര്‍ദിനാള്‍ പച്ചേലിയുടെ സഹായിയായി ജീയോവനി സേവനം ചെയ്തു. കര്‍ദിനാള്‍ പച്ചേലി മാര്‍പാപ്പാ ആയപ്പോള്‍ ജീയവോനി സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു.

മിലാനിലെ ആര്ച്ച് ബിഷപ്പ്
1954 ല്‍ മോന്തീനി മിലാനിലെ ആര്‍ച്ച്ബിഷപ്പായി നിയമിതനായി. ഒപ്പം അദ്ദേഹം ഇറ്റാലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മിലാന് എന്റെ വ്യക്തിപരമായ ഉപഹാരം എന്നാണ് പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ മോന്തീനിയെ വിശേഷിപ്പിച്ചത്. പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ മരണമടഞ്ഞപ്പോള്‍ കര്‍ദിനാള്‍ റൊന്‍കാളി ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന പേര് സ്വീകരിച്ച് മാര്‍പാപ്പായായി. ഉടന്‍ തന്നെ അദ്ദേഹം മൊന്തീനിയെ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി.

മാര്പാപ്പാ പദവിയിലേക്ക്
ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ വിളിച്ചു ചേര്‍ത്ത രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ കര്‍ദിനാള്‍ മൊന്തീനി സര്‍വാത്മനാ പിന്തുണച്ചിരുന്നു. 1963 ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞപ്പോള്‍ കര്‍ദിനാള്‍ മൊന്തീനി പോള്‍ ആറാമന്‍ എന്ന പേര് സ്വീകരിച്ച് മാര്‍പാപ്പയായി.

വിപ്ലവകരമായ മാറ്റങ്ങള്;
രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ നയിച്ച പോള്‍ ആറാമന്‍ മാര്‍പാപ്പാ പ്രതീക്ഷാ പൂര്‍വകമായ മാറ്റങ്ങള്‍ സഭയില്‍ കൊണ്ടു വന്നു. 1968 ജൂലൈ 24 ാം തീയതി ആണ് പോള്‍ ആറാമന്റെ ഏറ്റവും വിപ്ലവകരമായ തീരുമാനത്തിന് ലോകം സാക്ഷ്യം വഹിച്ചത്. ഹുമാനേ വീത്തേ എന്ന ചാക്രികലേഖനത്തിലൂടെ കൃത്രിമ മാര്‍ഗത്തിലൂടെയുള്ള ജനന നിയന്ത്രണത്തെ അദ്ദേഹം എതിര്‍ത്തു. ലൈംഗികതയുടെ പവിത്രത ഉയര്‍ത്തിപ്പിടിക്കുന്ന ചാക്രിക ലേഖമായി ഹുമാനേ വിത്താ വാഴ്ത്തപ്പെടുന്നു. 1965 ല്‍ അദ്ദേഹം വേള്‍ഡ് സിനഡ് ഓഫ് ബിഷപ്പ്‌സ് സ്ഥാപിച്ചു. 75 വയസ്സ് കഴിഞ്ഞാല്‍ മെത്രാന്‍മാര്‍ വിരമിക്കണം എന്ന് നിയമം കൊണ്ടു വന്നു.

ഇന്ത്യ സന്ദര്ശിച്ച ആദ്യ മാര്പാപ്പ
പോള്‍ ആറാമന്‍ ആണ് ഇന്ത്യയില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ. 38 ാമത് അന്താരാഷ്ട്ര യൂക്കരിസ്റ്റിക് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ബോംബെയില്‍ എത്തിയത്. 1964 ഡിസംബര്‍ 2 മുതല്‍ 5 വരെ അദ്ദേഹം മുംബൈയില്‍ സന്ദര്‍ശനം നടത്തി. ഇന്ത്യയുടെ അന്നത്തെ വൈസ് പ്രസിഡന്റ് ആയിരുന്ന ഡോ. സക്കീര്‍ ഹുസൈന്‍, പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി, മഹരാഷ്ട്ര ഗവര്‍ണര്‍ ഡോ പിവി ചെറിയാന്‍, മുഖ്യമന്ത്രി വിപി നായിക്ക്, ഇന്ദിരാ ഗാന്ധി, വിജയലക്ഷ്മി പണ്ഡിറ്റ് തുടങ്ങിയവര്‍ മാര്‍പാപ്പയെ സ്വീകരിക്കാന്‍ ബോംബെ സാന്താക്രൂസ് വിമാനത്താവളത്തില്‍ എത്തിയിരുന്നു.

തീര്ത്ഥാടകനായ പാപ്പാ
വി. ജോണ്‍ പോള്‍ രണ്ടാമന് മുമ്പ് തീര്‍ത്ഥാടകനായ മാര്‍പാപ്പാ എന്ന് പേര് ലഭിച്ച പാപ്പാ ആയിരുന്നു, പോള്‍ ആറാമന്‍. അഞ്ച് ഭൂഖണ്ഡങ്ങളും സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പാ ആയിരുന്നു, പോള്‍ ആറാമന്‍. 1970 ല്‍ ഫിലിപ്പൈന്‍സില്‍ വച്ച് ഒരു വധശ്രമവും അദ്ദേഹം അതിജീവിച്ചു.

എതിര്‍പ്പുകളെ അതിജീവിച്ച്…
എല്ലാ ഭാഗത്തു നിന്നും അനേകം എതിര്‍പ്പുകളെ നേരിടേണ്ടി വന്ന പാപ്പായാണ് പോള്‍ ആറാമന്‍. ഹുമാനേ വീത്തേയിലൂടെ കൃത്രിമ ജനന നിയന്ത്രണ മാര്‍ഗങ്ങളെ നിരാകരിച്ച പാപ്പായുടെ നിലപാടുകള്‍ ലിബറലുകളുടെ വിമര്‍ശനത്തിന് പാത്രമായി. സഭയിലെ കടുത്ത യാഥാസ്ഥിതികര്‍ അദ്ദേഹത്തെ ലിബറല്‍ എന്നു വിളിച്ച് ആക്ഷേപിച്ചു. ആന്റി പോപ്പ് എന്നു വരെ വിളിച്ച് അദ്ദേഹത്തെ ആക്ഷേപിച്ച മൗലിക വാദികളും അന്ന് സഭയില്‍ ഉണ്ടായിരുന്നു.

മരിയഭക്തനായ പാപ്പാ
മരിയന്‍ ദൈവശാസ്ത്രത്തിന് വലിയ സംഭവനകള്‍ നല്‍കിയ മാര്‍പാപ്പയാണ് പോള്‍ ആറാമന്‍. ക്രിസ്തീയ പരിപൂര്‍ണതയുടെ മാതൃക എന്നാണ് അദ്ദേഹം കന്യാമറിയത്തെ വിശേഷിപ്പിച്ചത്. സുവിശേഷം ജീവിക്കുവാന്‍ മരിയഭക്തി ഏറ്റവും അത്യാവശ്യമാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു.

സ്വവര്‍ഗരതിക്കെതിരെ
ആധുനിക കാലഘട്ടത്തില്‍ സ്വവര്‍ഗ രതിയെ അതിശക്തമായ എതിര്‍ത്ത ആദ്യത്തെ മാര്‍പാപ്പയാണ് പോള്‍ ആറാമന്‍. 1975 ഡിസംബര്‍ 29 ന് പ്രസിദ്ധീകരിച്ച പേഴ്‌സോണ ഹുമാന: ഡിക്ലറേഷന്‍ ഓണ്‍ സെര്‍ട്ടന്‍ ക്വസ്റ്റിന്‍സ് കണ്‍സേണിംഗ് സെക്‌സ്വല്‍ എത്തിക്ക്‌സ് എന്ന രേഖയില്‍ വിവാഹത്തിനു മുമ്പും വിവാഹേതരവുമായ ലൈംഗികതയെ കുറിച്ചുള്ള സഭയുടെ പഠനങ്ങള്‍ അദ്ദേഹം ഊന്നിപ്പറയുകയും സ്വയംഭോഗം, സ്വവര്‍ഗരതി, വിവാഹേതരവും വിവാഹത്തിന് മുമ്പുള്ളതുമായ ലൈംഗിക ബന്ധങ്ങള്‍ തെറ്റാണെന്ന് പഠിപ്പിക്കുകയും ചെയ്തു.

നിര്യാണം
1978 ജൂലൈ 14ാം തീയതി വത്തിക്കാന്‍ വിട്ട് പാപ്പാമാരുടെ വേനല്‍കാല വസതിയായ കാസ്റ്റല്‍ ഗൊണ്‍ഡോള്‍ഫോയിലെത്തിയ പോള്‍ ആറാമന്‍ പുതിയ ഇറ്റാലിയന്‍ പ്രസിഡന്റായ സാന്‍ഡ്രോ പെര്‍ട്ടീനിയുമായി കൂടിക്കാഴ്ച നടത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് ശക്തമായ ഹൃദയാഘാതം ഉണ്ടായി. 1978 ആഗസ്റ്റ് 6 ന് അദ്ദേഹം മരണമടഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles