ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: പാപ്പായും ലോകനേതാക്കളും അപലപിച്ചു.
കൊളംബോ: ശ്രീലങ്കയെ പിടിച്ചു കുലുക്കിയ ബോംബു സ്ഫോടനങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാഷ്ട്രീയ നേതാക്കളും മതനേതാക്കളും അപലപിച്ചു. അനുശോചനങ്ങളും പ്രാര്‍ത്ഥനകളും പ്രവഹിക്കുകയാണ്. ഈസ്റ്റര്‍ ദിനത്തിലാണ് 200 ഓളം പേരുടെ ജീവനെടുക്കുകയും അതിലേറെ പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്ത സ്ഫോടന പരമ്പര ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലും മറ്റ് സ്ഥലങ്ങളിലും ഉണ്ടായത്. പ്രധാനമായും ക്രിസ്ത്യന്‍ പള്ളികളെയാണ് ആക്രമികള്‍ ലക്ഷ്യംവച്ചത്. തീവ്രവാദി ആക്രമാണ് എന്നാണ് ലഭിക്കുന്ന ആദ്യ സൂചനകള്‍.
‘വളരെ വളരെ സങ്കടകരമായ ഒരു ദിവസമാണിന്ന്’ കൊളംബോയിലെ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ചിത്ത് പറഞ്ഞു, ഉറ്റവരെ നഷ്ടമായ എല്ലാവരോടും ഹൃദയം ചേര്‍ത്തു വയ്ക്കുന്നുതായും അദ്ദേഹം പറഞ്ഞു. ‘ഇത്രയേറെ മനുഷ്യരുടെ ജീവനെടുക്കുകയും മനുഷ്യനെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്ത ഈ ദുഷ്പ്രവര്‍ത്തിയെ ഞാന്‍ അങ്ങേയറ്റം അപലപിക്കുന്നു’ കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
ഈസ്റ്റര്‍ സന്ദേശമായ ഊര്‍ബി എത്ത് ഓര്ബിക്കു ശേഷം ഫ്രാന്‍സിസ് പാപ്പായും ശ്രീലങ്കന്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു. ‘ശ്രീലങ്കയിലെ ക്രൈസ്തവ സമൂഹത്തോട് എന്റെ വാത്സല്യവും സ്നേഹവും ഞാന്‍ ചേര്‍ത്തുവയ്ക്കുന്നു. പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരിക്കേ ഇത്ര ക്രൂരമായ ആക്രമണത്തിന് വിധേയരായ എല്ലാവരോടും ഞാന്‍ ചേര്‍ന്നു നില്ക്കുന്നു. ദുരന്തത്തില്‍ അകപ്പെട്ടവരെ കര്‍ത്താവിന്റെ കരങ്ങളില്‍ ഭരമേല്പിക്കുന്നു’ പാപ്പാ പറഞ്ഞു.
യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ, യുഎന്‍ വക്താവ് അന്റോണിയോ ഗുട്ട്രെസ്് തുടങ്ങിയ ലോകനേതാക്കളും അനുഷ്ട സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു.