വീണ്ടും ജയില്‍പുള്ളികളുടെ പാദങ്ങള്‍ കഴുകി മാര്‍പാപ്പാ
റോം: യേശു ക്രിസ്തുവിന്റെ അപാരമായ കരുണയുടെ അടയാളമായി ഫ്രാന്‍സിസ് പാപ്പാ വീണ്ടും തടവുപുള്ളികളുടെ പാദങ്ങള്‍ കഴുകി പെസഹാ ആചരിച്ചു. റോമിലെ ഒരു ജയിലിലെ അന്തേവാസികളുടെ പാദങ്ങളാണ് പാപ്പാ കഴുകിയത്. അവര്‍ക്കായി ഹൃദയത്തെ തൊടുന്ന ഒരു സന്ദേശം പകര്‍ന്നു കൊടുക്കാനും പാപ്പാ മറന്നില്ല.
‘ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നത് ശരി തന്നെ. നാം പരസ്പരം വഴക്കടിക്കുന്നു. എന്നാല്‍ ഇതെല്ലാം കടന്നു പോകണം. നമ്മുടെ ഹൃദയങ്ങളില്‍ എപ്പോഴും മറ്റുള്ളവര്‍ക്കായി സേവനം ചെയ്യുന്ന സ്നേഹം നിറഞ്ഞു നില്‍ക്കണം,’ പാപ്പാ പറഞ്ഞു.
‘യേശുവിന്റെ നിയമം ഇതാണ്. ഇതാണ് സുവിശേഷത്തിന്റെ നിയമം. സേവനത്തിന്റെയും ശുശ്രൂഷയുടെയും നിയമം. അത് കീഴടക്കുന്നതോ തിന്മ ചെയ്യുന്നതോ മറ്റുള്ളവരെ അപമാനിക്കുന്നതോ അല്ല. അത് ശുശ്രൂഷിക്കുന്നതാണ്’
തങ്ങളില്‍ ആരാണ് വലിയവന്‍ എന്ന് ശിഷ്യന്മാര് പരസ്പരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ യേശു ഒരു ശിശുവിനെ വിളിച്ചു നിര്‍ത്തി പറഞ്ഞു, നിങ്ങളുടെ ഹൃദയങ്ങള്‍ ഒരു ശിശുവിന്റെ ഹൃദയം പോലെ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്റെ ശിഷ്യന്മാരാകാന് സാധിക്കുകയില്ല, പാപ്പാ പറഞ്ഞു.
വത്തിക്കാന്റെ തെക്കുഭാഗത്ത് റോമിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള വെല്ലട്രി മെന്‍സ് ജയിലിലാണ് പാപ്പാ യേശുവിന്റെ അന്ത്യഅത്താഴത്തിന്റെ സ്മരണ ആചരിച്ചത്. ഇത് അഞ്ചാം തവണയാണ് പാപ്പാ ജയിലുകളില്‍ പെസഹാ ആചരിച്ച് അന്തേവാസികളുടെ പാദങ്ങള്‍ കഴുകുന്നത്.