ഈസ്റ്റര്‍ എന്റെ പ്രാണന്റെ സംഗീതം

~ അഭിലാഷ് ഫ്രേസര്‍  ~

 

2002. മഴ കനത്ത ജൂണ്‍ മാസം. ഒന്‍പതാം തവണയും ഛര്‍ദിച്ചു കഴിഞ്ഞപ്പോള്‍ ബാക്കി വന്നത് രക്തം. പിറ്റേന്ന് നടക്കേണ്ട അയല്‍ക്കാരിയുടെ വിവാഹത്തിനൊരുക്കിയിട്ട കാറില്‍ പാതിരാത്രി ആശുപത്രിയിലെത്തുമ്പോള്‍ പുരാതന വിധിതീര്‍പ്പുകള്‍ കുറിച്ചിട്ട ഒരാളെ പോലെ, ഞാന്‍ ജീവന്‍ വാര്‍ന്നു കിടന്നു…

അഗതികളായ ഒരപ്പനും അമ്മയും എന്തു ചെയ്യണമെന്നറിയാതെ നോക്കി നില്‍ക്കെ ഐസിയുവില്‍ ദൈവമയച്ചതു പോലെ ഒരതിഥിയെത്തി. വരാപ്പുഴയുടെ മുന്‍ മെത്രാപ്പോലീത്ത ഡാനിയേല്‍ അച്ചാരുപറമ്പില്‍. വിശേഷപ്പെട്ട ഏതോ ജീവന്‍ എന്ന തെറ്റിദ്ധരിച്ച് പാവം നഴ്‌സുമാര്‍ ഉഷാറായി. നെഫ്രോളജിസ്റ്റ് ഓടിയെത്തി. ആയുസ്സിന്റെ നൂല്‍പാലത്തില്‍ വീശുന്ന ഏതു കാറ്റും ജീവനെടുക്കാം. നിരന്തര ഡയാലിസിസിനു കുറിക്കുമ്പോള്‍ ഒരു ഭാഗ്യപരീക്ഷണം എന്നതിലപ്പുറം മറ്റൊന്നും ഡോ. മാണി കരുതിയിരുന്നില്ല. സന്ദര്‍ശകരെ പ്രവേശിപ്പിക്കാത്ത മുറിയില്‍ ഇടയ്ക്കു വന്നുപോയിരുന്ന തൂപ്പു കാരി സ്ത്രീകളും പരസ്പരം അടക്കം പറഞ്ഞത്, ഇയാള്‍ ഇനി എത്ര നാള്‍ എന്ന്…

മരണം ധ്യാനമായത് ആ കിടക്കയിലാണ്. നമ്മളണിയുന്ന കിരീടങ്ങള്‍ക്ക് വയ്‌ക്കോലിന്റെ വിലയേയുള്ളൂ. നമ്മുടെ പിടിവാശികളും താന്‍പോരിമയും മേല്‍ക്കോയ്മകളും ഒരു ചെറുകാറ്റില്‍ പറന്നു പോകുന്ന പതിരുപോലെ. കാട്ടിക്കൂട്ടുന്ന വിഡ്ഢിത്തങ്ങളെയോര്‍ത്ത് സൗമ്യമായി ഉള്ളു തുറന്ന് ചിരിക്കാം. എന്തൊക്കെ പറഞ്ഞാലും മരണ ഭയം പോലെ ഒന്ന് മനുഷ്യന് അനുഭവിക്കാനില്ല. അജ്ഞാതം എന്ന വാക്ക് നിങ്ങളുടെ മുന്നില്‍ ഒരു മഹാമേരു പോലെ വളര്‍ന്നു നില്‍ക്കും. അജ്ഞാതവും അനന്തവുമായ ഇരുള്‍. അതിനെയാണ് നാം ഭയക്കുന്നത്. അതിനെ ജയിച്ചാല്‍ നിങ്ങള്‍ ക്രിസ്തുവായി, ക്രിസ്തുവിനോടൊപ്പമായി…

ഉയിര്‍ത്തെഴുന്നേല്‍പു പോലെ പ്രകാശ പൂര്‍ണമായ മറ്റൊരു വാക്കില്ല എന്നു നിങ്ങള്‍ തിരിച്ചറിയുന്നത് ഈ മരണഭീതിയിലൂടെ തുടര്‍ച്ചായി കടന്നുപോയ്ക്കഴിയുമ്പോളാണ്. അജ്ഞാതമായ ആ മഹാ ഇരുളില്‍ നിന്ന് ഒരാള്‍ പ്രകാശധാര പോലെ നടന്നു വരുന്നു. അനാദികാലം മുതല്‍ക്കേ പ്രഹേളികയായിരുന്ന മരണം എന്ന ഇരുണ്ട മുറി പൊടുന്നനെ പ്രകാശമാനമാകുന്നു. ഇത് കേവലം ഒരു വിശ്വാസത്തിന്റെ മാത്രം പ്രശ്‌നമല്ല. ഒരു അനുഭവത്തിന്റെ പേരാണ്. ഒരാള്‍, നമുക്ക് മുമ്പേ പോയി എന്ന അറിവ് ആ അജ്ഞാതത്വത്തിന്റെ മഞ്ഞുമലയെ തകര്‍ക്കുന്നു!  ജീവനും മരണത്തിനുമിടയിലെ ആ നനുത്ത പാടയുടെ മറുവശത്ത് ഒരാള്‍ നില്‍ക്കുന്നു എന്ന അറിവു പോലെ മനസ്സിനെ ശാന്തമാക്കുന്ന മറ്റൊന്നില്ല.

ഞാന്‍ ഒരു ദര്‍ശനത്തിലും ക്രിസ്തുവിനെ കണ്ടിട്ടില്ല. പക്ഷേ, എന്റെ മടക്കയാത്രയില്‍ ശ്വാസം പോലെ യാഥാര്‍ത്ഥ്യമായിരുന്നത് ക്രിസ്തുവായിരുന്നു. അത് ഒരു അദ്ഭുതം പോലെയല്ല, പൂ വിരിയും പോലെ, ഇളം കാറ്റ് വീശുന്നതു പോലെ അത്ര സ്വാഭാവികമായിരുന്നു. അത്ര സാവധാനമായിരുന്നു. പ്രകൃതിയുടെ ക്രമം തെറ്റാതെ, മൃദുവായി…

ഈസ്റ്റര്‍ പോലെ പ്രകാശമുള്ള ഒരു ദിനം വേറെയെന്തുണ്ട്? വേര്‍പാടാണ് മനുഷ്യന്റെ ഏറ്റവും വലിയ വേദനയെങ്കില്‍, വീണ്ടും പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമെന്ന ഒരു പ്രതീക്ഷ പോലെ മനസ്സിനു ശാന്തി തരാന്‍ എന്തിനുകഴിയും? ഒരു വര്‍ഷം നീണ്ടു നിന്ന എന്റെ ഡയാലിസിസ് കാലത്ത് എന്റെ ജീവിതത്തിന്റെ സംഗീതം വീണ്ടെടുത്തു തന്ന ശക്തിയുടെ പേരാണ് ഈസ്റ്റര്‍. നേരെ ചൊവ്വേ എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത ഈ മനുഷ്യനെ കൊണ്ട് ഇനിയെന്ത് എന്തു ചെയ്യാനാകും എന്നു സംശയിച്ചവരുടെ നടുവില്‍ ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ നെഞ്ചിലൊരു അഗ്‌നി പടര്‍ത്തിയ തേജസ്സിന്റെ പേരാണ് ഈസ്റ്റര്‍. പ്രാണനെ ഉലയ്ക്കുന്ന ഓരോ ഇരുണ്ട രാത്രിക്കു ശേഷവും കല്ലറ തുറ ന്നെഴുന്നേല്‍ക്കുന്ന ജീവ ചൈതന്യത്തിന്റെ പേരാണ് ഈസ്റ്റര്‍!

 

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles