എന്റെ കുരിശിന്റെ വഴി ഓര്‍മ്മകള്‍

~ ഇഗ്‌നേഷ്യസ് പി ജെ ~
ചലച്ചിത്ര സംഗീത സംവിധായകരായ ബേണി-ഇഗ്ന്യേഷ്യസ് ടീമിലെ മൂത്തയാള്‍.
കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
അനേകം ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ അപ്പച്ചന്‍ പി.ഡബ്‌ള്യു.ഡി യിലെ ഒരു ഉദ്യോഗസ്ഥനായി രുന്നു. ജന്മസ്ഥലവും വീടും എറണാകുളത്തായിരുന്നെങ്കിലും അപ്പച്ചന്റെ കൂടെ ഞങ്ങള്‍ ആലുവയിലുള്ള കമ്പനി ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. അന്ന് ഞങ്ങളുടെ ചെറുപ്പത്തില്‍ കുരിശിന്റെ വഴിയില്‍ സംബന്ധിക്കാന്‍ കുട്ടികള്‍ പോകുന്നത് അങ്ങനെ പതിവല്ലായിരുന്നു. എങ്കിലും, വിശുദ്ധ വാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അപ്പച്ചന്‍ ഞങ്ങളെ അടുത്തേക്ക് വിളിച്ച് പ്രത്യേകം പറഞ്ഞുതരുമായിരുന്നു. ക്രിസ്തുവിന്റെ പീഡാസഹനങ്ങളെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചും അപ്പച്ചന്‍ വിവരിച്ചുതരുന്നത് ഒരു സിനിമ കാണുന്നതുപോലെ ഞങ്ങള്‍ ശ്രദ്ധിച്ചിരിക്കുമായിരുന്നു. ഈശോയെ ഉപദ്രവിക്കുന്ന പടയാളികളുടെ ഭാഗമാകുമ്പോള്‍ എനിക്ക് അകാരണമായ ദേഷ്യം ഉണ്ടാകും. അപ്പോള്‍ അപ്പച്ചന്‍ എന്നെ ഓര്‍മ്മിപ്പിക്കും, ‘നാം പാപം ചെയ്യുമ്പോള്‍ ഈശോയ്ക്ക് വേദനിക്കും. പടയാളികള്‍ ചമ്മട്ടി കൊണ്ടടിച്ചപ്പോള്‍ ഉണ്ടാ യ അതേ വേദനയാണ് നാം നമ്മുടെ പാപത്തിലൂടെ യേശുവിന് നല്‍കുന്നത്.’ ചുറ്റുമുള്ളവരെ സ്‌നേഹിക്കണമെന്നുള്ള തോന്നലുണ്ടാകുന്നത് അന്നു മുതലാണ്.
എന്റെ സഹോദഹരന്‍ ബേണിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ ആണ് അപ്പച്ചന്‍ മരിക്കുന്നത്. അപ്പച്ചന്റെ മരണശേഷം ഞങ്ങള്‍ തിരിച്ച് എറ ണാകുളത്തേക്ക് വന്നു. കലൂരിലെ സെന്റ്. ഫ്രാന്‍സിസ് ദേവാലയം ആയിരുന്നു ഞങ്ങളുടെ ഇടവക. അമ്മച്ചിയുടെ നിര്‍ദേശപ്രകാരം ഞ ങ്ങള്‍ ദിവസവും പള്ളിയില്‍ പോകും. അമ്മച്ചിയും അപ്പച്ചനെ പോലെ ഭക്തിയിലും ചൈതന്യത്തിലും തന്നെയായിരുന്നു ജീവിച്ചിരുന്നത്. പള്ളിയിലെ അള്‍ത്താരബാല സംഘത്തില്‍ ചേരുന്നത് ഞാനങ്ങനെയാണ്. അള്‍ത്താര ബാലനായിരുന്നത് കൊണ്ട് മുടങ്ങാതെ വി. കുര്‍ബാനയില്‍ സംബന്ധിക്കുക മാത്രമല്ല എല്ലാ തിരുകര്‍മ്മങ്ങളിലും പങ്കെടുക്കണമാ യിരുന്നു. നോമ്പിലെ വെള്ളിയാഴ്ചകളില്‍ കുരിശിന്റെ വഴിയെ അറിയു ന്നതും ശീലമാകുന്നതും അതിനുശേഷമാണ്.
ഞങ്ങള്‍ കൗമാരകാലഘട്ടവും കഴിഞ്ഞ് മുതിര്‍ന്നപ്പോള്‍, എറണാകു ളത്ത് പലയിടത്തും കുരിശിന്റെ വഴിയുടെ പല റിക്കോര്‍ഡിങ്ങുകളും നടക്കുന്നുണ്ടായിരുന്നു. ഓര്‍ക്കസ്‌ട്രേഷന്റെ ഭാഗമായോ ഉപകരണങ്ങള്‍ വായിക്കാനോ മറ്റോ ഞാനും ബേണിയും ചില റിക്കോര്‍ഡിങ്ങില്‍ സഹകരിക്കുമായിരുന്നു. അതേ സമയമാണ് കലാഭവനില്‍ ആബേല്‍ അച്ചന്റെ നേതൃത്വത്തില്‍ കുരിശിന്റെ വഴി റിക്കോര്‍ഡ് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിച്ചിരിക്കുന്നതും ഏറ്റവുമധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുള്ളതും ആബേലച്ചന്‍ എഴുതിയ കുരിശിന്റെ വഴിയാണ്. ഭക്തിസാന്ദ്രമായ ആ വരികള്‍ ഇറങ്ങിയ കാലം തൊട്ടേ വിശ്വാസികളുടെ പ്രിയപെട്ടതായി മാറിയിരുന്നു. അതിനുശേഷവും അനേകം കുരിശിന്റെ വഴികള്‍ കേരളത്തിന്റെ പല ഭാഗത്തും പുറത്തിറങ്ങിയെങ്കിലും ഇന്നും ജനപ്രീയത ‘കുരിശില്‍ മരിച്ചവനേ’ എന്ന് തുടങ്ങുന്ന ആബേലച്ചന്റെ വരികള്‍ക്ക് തന്നെയാണ്.
സിനിമയില്‍ സംഗീത സംവിധായകരായതിനു ശേഷമാണു ഞാനും ബേണിയും അത്തരത്തില്‍ സ്ലീവാ എന്ന പേരില്‍ കുരിശിന്റെ വഴി ഇറക്കുന്നത്. അതിലെ പാട്ടുകള്‍ എഴുതിയത് വരാപ്പുഴ മെത്രാപൊലീ ത്ത ആയിരുന്ന ഫാ. ജേക്കബ് കല്ലറയ്ക്കല്‍ ആയിരുന്നു. വാ വാ യേശുനാഥാ പോലുള്ള അനേകം പ്രശസ്തമായ ക്രിസ്തീയ ഗാനങ്ങ ളുടെ രചയിതാവും അദ്ദേഹമാണ്. സ്ലീവായിലെ പ്രാര്‍ത്ഥനകള്‍ എഴുതി തന്നത് വാഴ്ത്തപ്പെട്ട തിയോഫിന്‍ അച്ചനായിരുന്നു. സിനിമയുടെ ഭാഗമാ യിരുന്നതിനാല്‍ ഞങ്ങള്‍ പ്രഗത്ഭരായ ഗായകരെ കൊണ്ടാണ് അന്ന് റിക്കോര്‍ഡിങ് നടത്തിയത്. യേശുദാസ്, ചിത്ര, എം.ജി. ശ്രീകുമാര്‍, സുജാത തുടങ്ങിയവരാണ് സ്ലീവായിലെ പല ഗാനങ്ങളും പാടിയിരിക്കുന്നത്. എങ്കിലും പരമ്പരാഗതമായ, ആബേലച്ചന്റെ കുരിശിന്റെ വഴിക്കു തന്നെയാണ് എല്ലാ കാലത്തും ജനപ്രീയതയുള്ള തെന്നാണ് എന്റെ അനുഭവവും അഭിപ്രായവും.