യഥാര്‍ത്ഥ വിജയം ക്രിസ്തുവിന്റെ എളിമയില്‍: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: വിജയലഹരിക്കു പിന്നാലെ പോകാനുള്ള പ്രലോഭനത്തെ അതിജീവിക്കാനും യേശുവിന്റെ എളിമയും അനുസരണയും പിന്‍ചെല്ലാനും ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു. ഓശാന ഞായര്‍ ദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു, പരിശുദ്ധ പിതാവ്.
ഓരോ വര്‍ഷവും നാം വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുന്വോള് രണ്ടു രഹസ്യങ്ങള്‍ നാം അഭിമുഖീകരിക്കുന്നു. ഒന്ന് ജറുസലേമിലേക്ക് യേശു പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന ഹര്‍ഷാരവങ്ങള്‍. തുടര്‍ന്ന് അവിടുന്ന് അനുഭവിക്കുന്ന നിന്ദാപമാനങ്ങളും പീഡനങ്ങളും, പാപ്പാ പറഞ്ഞു.
രക്ഷകന്റെ മാതൃക അനുകരിച്ച് എളിമയോടെയും ക്ഷ്മയോടെയും തിന്മയുടെ മേല്‍ വിജയത്തില്‍ പങ്കാളികളാകാന്‍ പാപ്പാ ആഹ്വാനം ചെയ്്തു. എളിമ എന്നാല്‍ സത്യത്തെ നിഷേധിക്കുകയല്ല. യേശു ശരിക്കും മിശിഹായാണ്, ശരിക്കും രാജാവാണ്, പാപ്പാ പറഞ്ഞു.
വിജയലഹരിയില്‍ മതിമറക്കാനുള്ള പ്രലോഭനത്തെ അതിജീവിച്ച ക്രിസ്തു എളിമയുടെ പാതയാണ് സ്വീകരിച്ചത്. കുരിശ് ഉപേക്ഷിച്ച് നേട്ടങ്ങള്‍ക്കായുള്ള കുറിക്കു വഴികള്‍ക്കു പിന്നാലെ പോകാനുള്ള പ്രലോഭിത്തെ നാം അതിജീവിക്കണം, പാപ്പാ പറഞ്ഞു. ഒന്നുകില്‍ കുരിശ് സ്വീകരിക്കുക. അല്ലെങ്കില്‍ തള്ളിക്കളയുക. നടുവില്‍ ഒരു തെരഞ്ഞെടുപ്പില്ല, പാപ്പാ തീര്‍ത്തു പറഞ്ഞു.
പ്രയാസങ്ങളില്‍ ദൈവപിതാവിന്റെ കരങ്ങളിലേക്ക് എല്ലാം സമര്പ്പിക്കുന്നതെങ്ങനെയെന്നതിന്റെ മാതൃക യേശു കാണിച്ചു തന്നു. ദൈവത്തിന് വഴിയൊരുക്കുന്നതിലാണ്, സ്വയം ശൂന്യവല്ക്കരണത്തിലാണ് യഥാര്‍ത്ഥ വിജയം. നിശബ്ദനായി, പ്രാര്‍ത്ഥിച്ചു കൊണ്ട് നിന്ദകള്‍ സഹിക്കുന്നതിലാണ് ആ വിജയം, പാപ്പാ വ്യക്തമാക്കി.