പീലാത്തോസിന്റെ അരമനയിലേക്ക് യേശു കയറിയ പടവുകള്‍ വിശ്വാസികള്‍ക്കായി തുറന്നു
വത്തിക്കാൻസിറ്റി: ക്രൂശുമരണത്തിനു വിധിക്കപ്പെടാനായി റോമൻ ഗവർണർ പീലാത്തോസിന്റെ അരമനയിലേക്ക് യേശുക്രിസ്തു നടന്നുകയറിയതെന്നു വിശ്വസിക്കപ്പെടുന്ന 28 മാർബിൾ പടവുകൾ വിശ്വാസികൾക്കു തുറന്നുകൊടുത്തു. നാലാം നൂറ്റാണ്ടിൽ ജറുസലേമിൽനിന്നു റോമിലെത്തിച്ച ഈ പടവുകൾ മുന്നൂറു വർഷത്തിനുശേഷം ആദ്യമായാണ് തുറക്കുന്നത്.
റോമിലെ സെന്റ് ജോൺസ് ലാറ്ററൻ ബസിലിക്കയോടു ചേർന്നുള്ള ചാപ്പലിലേക്കാണ് പടവുകൾ നയിക്കുന്നത്. യേശുവിന്റെ രക്തത്തുള്ളികൾ വീണു എന്നു വിശ്വസിക്കപ്പെടുന്ന പടവുകളിലൂടെ മുട്ടിൽനീന്തി കയറാൻ മാത്രമേ അനുവദിക്കൂ.
ക്രൈസ്തവ മതത്തെ റോമിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിച്ച കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ ഹെലേനയാണ് പടവുകൾ റോമിൽ എത്തിച്ചത്. തടിയിൽപൊതിഞ്ഞാണ് പുനഃ സ്ഥാപിച്ചത്. നൂറ്റാണ്ടുകൾക്കിടെ ലക്ഷക്കണക്കിനു തീർഥാടകർ മുട്ടിൽനീന്തിയപ്പോൾ കേടുപാടുണ്ടായി.
1723ൽ ഇന്നസെന്റ് പതിമൂന്നാമൻ മാർപാപ്പ കേടുപാടുകൾ തീർക്കാൻ ഉത്തരവിട്ടതോടെ പ്രവേശനം നിഷേധിക്കപ്പെട്ടു. വത്തിക്കാൻ മ്യൂസിയത്തിന്റെ നേതൃത്വത്തിലായിരുന്നു പുനർനിർമാണം.
ഇപ്പോൾ തടി നീക്കം ചെയ്താണ് തുറന്നുകൊടുത്തിരിക്കുന്നത്. പടവുകളുടെ ഇരുവശങ്ങളിലുമായി 16-ാം നൂറ്റാണ്ടിൽ തീർത്ത ചുവർചിത്രങ്ങളടക്കം പഴയ നിലയിലാക്കിയിട്ടുണ്ട്.ജൂൺ ഒന്പതുവരെ മാത്രമേ തീർഥാടകർക്ക് പ്രവേശനം അനുവദിക്കൂ. പിന്നീട് ഇതു വീണ്ടും വാൽനട്ട് തടിയിൽ പൊതിഞ്ഞു സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.