കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍! (SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

ഓശാന ഞായര്‍ സുവിശേഷ സന്ദേശം

ബൈബിള്‍ വായന
മത്തായി 21: 1 – 17)

“അവര്‍ ജറുസലേമിനെ സമീപിക്കവേ, ഒലിവ് മലയ്ക്കരികിലുള്ള ബഥ്ഫഗേയിലെത്തി. അപ്പോള്‍ യേശു തന്റെ രണ്ടു ശിഷ്യന്മാരെ ഇപ്രകാരം നിര്‍ദേശിച്ചയച്ചു. എതിരെ കാണുന്ന ഗ്രാമത്തിലേക്ക് പോകുവിന്‍. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനെ നിങ്ങള്‍ കാണും. അവയെ അഴിച്ച് എന്റെ അടുക്കല്‍ കൊണ്ടു വരുവിന്‍. ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചോദിച്ചാല്‍ കര്‍ത്താവിന് അവയെ കൊണ്ട് ആവശ്യമുണ്ട് എന്ന് പറയുക. അവന്‍ ഉടനെ തന്നെ അവയെ വിട്ടു തരും. പ്രവാചകന്‍ വഴി പറയപ്പെട്ട വചനം പൂര്‍ത്തിയാകാനാണ് ഇത് സംഭവിച്ചത്. സീയോന്‍ പുത്രിയോട് പറയുക. ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്തു കയറി നിന്റെ അടുത്തേക്കു വരുന്നു. ശിഷന്മാര്‍ പോയി യേശു കല്‍പിച്ചതു പോലെ ചെയ്തു. അവര്‍ കഴുതയെയും കഴുതക്കുട്ടിയെയും കൊണ്ടു വന്ന് അവയുടെ മേല്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറി ഇരുന്നു. ജനക്കൂട്ടത്തില്‍ വളരെ പേര്‍ വഴിയില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. മറ്റു ചിലരാകട്ടെ, വൃക്ഷങ്ങളില്‍ നിന്ന് ചില്ലകള്‍ മുറിച്ച് വഴിയില്‍ നിരത്തി. യേശുവിന് മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്റെ പുത്രന് ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന! അവര്‍ ജറുസലേമിലേക്ക് പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകി വശായി. ആരാണിവന്‍ എന്ന് അവര്‍ ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു: ഇവന്‍ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്. യേശു ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തു കൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവു വില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടി മറിച്ചിട്ടു. അവന്‍ അവരോട് പറഞ്ഞു: എന്റെ ഭവനം പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അത് കവര്‍ച്ചക്കാരുടെ ഗുഹ ആക്കി മാറ്റിയിരിക്കുന്നു. അന്ധരും മുടന്തരും ദേവാലയത്തില്‍ അവന്റെ അടുത്തെത്തി. അവന്‍ അവരെ സുഖപ്പെടുത്തി. അവന്‍ ചെയ്ത വിസ്മയകരമായ പ്രവര്‍ത്തികളും ദാവീദിന്റെ പുത്രന് ഹോസാന എന്ന് ഉദ്‌ഘോഷിച്ച് ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ പ്രധാന പുരോഹിതരും നിയമജ്ഞരും രോഷാകുലരായി. അവര്‍ അവനോട് പറഞ്ഞു. ഇവരെന്താണ് പറയുന്നതെന്ന് നീ കേള്‍ക്കുന്നി്‌ല്ലേ? യേശു പ്രതിവചിച്ചു: ഉവ്വ് ശിശുക്കളുടെയും മുല കുടിക്കുന്നവരുടെയും അധരങ്ങളില്‍ നീ സ്തുതി ഒരുക്കി എന്ന് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ? അനന്തരം അവന്‍ അവരെ വിട്ട് നഗരത്തില്‍ നിന്ന് ബഥാനിയയിലേക്ക് പോയി അവിടെ താമസിച്ചു.”

സുവിശേഷ വിചിന്തനം

ഇത് ജറുസലേമിലേക്കുള്ള യേശുവിന്റെ അവസാനത്തെ പ്രവേശനമാണ്. എളിമയുള്ള സമാധാന രാജാവായിട്ട് എല്ലാ പ്രൗഢിയോടും കൂടെ യേശു പ്രവേശിക്കുകയാണ്. സകല മനുഷ്യര്‍ക്കും വേണ്ടിയുള്ള പരിഹാര ബലിയായി തന്നെതന്നെ സമര്‍പ്പിക്കാന്‍ അവിടുന്ന് പ്രവേശിക്കുകയാണ്. പാപത്തിന്റെയും സാത്താന്റെയും മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി.

ഒലിവ് മല ജറുസലേമില്‍ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ്. ശത്രുരാജ്യങ്ങളില്‍ നിന്ന് ജറുസലേമിനെ രക്ഷിക്കാന്‍ ദൈവം പ്രത്യക്ഷപ്പെടുന്ന സ്ഥലം എന്നാണ് ഒലിവ് മലയെ സഖറിയാ പ്രവാചകന്‍ വിശേഷിപ്പിക്കുന്നത് (സഖ. 14: 4).

ബത്‌ഫെഗേയുടെ പ്രാധാന്യമെന്താണ്?

ബത്‌ഫെഗേ ജെറിക്കോയില്‍ നിന്ന് ജറുസലേമിലേക്കുള്ള വഴിയില്‍ ബഥനിക്ക് സമീപമുള്ള സ്ഥലമാണ്. അത്തിപ്പഴങ്ങളുടെ വീട് എന്നാണ് ബെത്‌ഫെഗേ എന്ന വാക്കിന്റെ അര്‍ത്ഥം. ബഥനി എന്നാല്‍ ഈന്തപ്പനകളുടെ വീട് എന്നും ഗത്സമെന്‍ എന്നത് എണ്ണയാട്ടുന്ന ചക്ക് എന്നുമാണര്‍ത്ഥം. ഇവയെല്ലാം ഒലീവ് മരങ്ങള്‍ ഏറെയുള്ള ഒലീവ് മലയിലാണ് സ്ഥിതി ചെയ്യുന്നത്. ജോര്‍ദാനില്‍ നിന്നും വന്ന യേശു ബഥനിയിലുള്ള ലാസറിന്റെ വീട്ടില്‍ സാബത്ത് ആചരിച്ച ശേഷം ഞായറാഴ്ച ദിവസം ബത്‌ഫെഗേ വഴി ജറുസലേമില്‍ പ്രവേശിക്കുകയാണ്. അതിനാലാണ് നാം ഓശാന ഞായര്‍ ഈസ്റ്ററിന് മുമ്പുള്ള ഞായറാഴ്ച ആചരിക്കുന്നത്.

സാധാരണമായി പെസഹാ കുഞ്ഞാടിനെ തെരഞ്ഞെടുക്കുന്നത് ബെത്‌ഫെഗേയില്‍ നിന്നാണ്. അതു പോലെ കറതീര്‍ന്ന കുഞ്ഞാടായ യേശുവും തന്റെ ബലിയുടെ യാത്ര ആരംഭിക്കുന്നത് ബെത്‌ഫെഗേയില്‍ നിന്നു തന്നെ.

യേശു കഴുതപ്പുറത്ത് യാത്ര ചെയ്തത് എന്തു കൊണ്ടാണ്?

സഖറിയാ പ്രവാചകന്റെ പ്രവചനം പോലെ തന്നെയാണ് യേശു കഴുതയുടെ പുറത്തു കയറി ജറുസലേമിലേക്ക് പ്രവേശിക്കുന്നത്. സീയോന്‍ പുത്രീ അതിയായി ആനന്ദിക്കുക. ജറുസലേം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്ക് വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കുഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് കയറി വരുന്നു’ (സഖ 9: 9).

ആരും അതുവരെ കയറാത്ത കഴുതക്കുട്ടിയെയാണ് യേശു ആവശ്യപ്പെടുന്നത്. പിറക്കാന്‍ കന്യകയുടെ ഉദരവും മരിച്ച് അടക്കപ്പെടാന്‍ ആരെയും അടക്കിയിട്ടില്ലാത്ത കല്ലറയുമാണ് യേശുവിന് ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

തന്റെ പരസ്യജീവിത കാലത്ത് ഒരിക്കലും വന്യമൃഗങ്ങളെ യേശു ഉപയോഗിക്കുന്നതായി കാണുന്നില്ല. കഴുതയുടെ പുറത്തേറി യേശു ജറുസലേമിലേക്കു വരുന്നത് അതിന്റെ പുറത്ത് യാത്ര ചെയ്യാന്‍ വേണ്ടിയല്ല. തന്റെ രാജത്വം സ്ഥാപിക്കാനും പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കാനും വേണ്ടിയാണ്.

വലിയൊരു ജനക്കൂട്ടമാണ് യേശുവിനെ സ്വീകരിക്കുന്നതെന്ന് ബൈബിള്‍ പറയുന്നു. പെസഹാതിരുനാള്‍ അരങ്ങേറാന്‍ പോവുകയാണ്. അതിനാല്‍ ബലിയര്‍പ്പിക്കുന്നതിനായി അടുത്തും അകലെയുമുള്ള എല്ലാ യഹൂദരും ജറുസലേമിലേക്ക് ഒഴുകിയെത്തുകയാണ്. ലാസറിനെ ഉയിര്‍പ്പിച്ചതിനെ കുറിച്ച് കേട്ടവരും യേശുവിന്റെ മറ്റ് അത്ഭുതപ്രവര്‍ത്തികളെ കുറിച്ച് അറിഞ്ഞവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

രാജാവിനെ സ്വീകരിക്കുന്ന ആദരവോടെ അവര്‍ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചു. ഇത് ജേഹു രാജാവിനെ ഇസ്രായേല്‍ സ്വീകരിച്ചതിനെ ഓര്‍മിപ്പിക്കുന്ന സംഭവമാണ്. തങ്ങളുടെ വസ്ത്രങ്ങള്‍ ഊരി വഴിയില്‍ വിരിച്ച് രാജാവിനെ സ്വീകരിക്കുന്നത് നാം വായിക്കുന്നു (2 രാജാക്കന്മാര്‍ 9: 13).

ഇത് മുന്‍കൂട്ടി പദ്ധതിയിട്ടിട്ടില്ലാത്ത ഒരു സംഭവം ആയിരുന്നതിനാല്‍ അവര്‍ വസ്ത്രങ്ങള്‍ മാത്രമല്ല, മരങ്ങളുടെ ചില്ലകളും രാജാവിനെ സ്വാഗതം ചെയ്യാനായി ഉപയോഗിച്ചു. ഹോശാന എന്ന് അവര്‍ വിളിച്ചു പറഞ്ഞു.

‘ഇപ്പോള്‍ ഞങ്ങളെ രക്ഷിക്കൂ’ എന്നാണ് ഓശാന എന്ന വാക്കിന്റെ അര്‍ത്ഥം. യേശു ദാവീദിന്റെ പുത്രനാണ് എന്ന് സൂചന നല്‍കും വിധം ദാവീദിന്റെ പുത്രന് ഓശാന എന്ന് ജനക്കൂട്ടം ആര്‍ത്തു വിളിക്കുന്നു. അത്യുന്നതങ്ങളില്‍ ഓശാന എന്നത് യേശുവിന്റെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നിതിന്റെ അടയാളമാണ്.

യേശുവിന്റെ രാജകീയ പ്രവേശനം സത്യത്തില്‍ അധികാരികളെ ഭയചകിതരാക്കി. തങ്ങളുടെ അധികാരത്തിനേറ്റ വെല്ലുവിളിയായിട്ടാണ് യേശുവിന്റെ രാജത്വത്തെ റോമന്‍ ഭരണാധികാരികള്‍ കണ്ടത്. അതു പോലെ യേശുവിന്റെ ജനപിന്തുണ കണ്ട് യഹൂദപ്രമാണിമാരും പേടിച്ചു.

തുടര്‍ന്ന് യേശു ദേവാലയത്തിലെത്തി ദേവാലയം ശുദ്ധീകരിക്കുകയാണ്. ദൈവത്തിന്റെ ആലയത്തെ കച്ചവട സ്ഥലമാക്കുകയും ജനങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന യഹൂദരോടുള്ള പ്രതിഷേധമായിട്ടാണ് യേശു ചമ്മട്ടിയെടുത്തത്. യേശുവിന്റെ കാലത്ത് പുരോഹിതവര്‍ഗം അഴിമതിയില്‍ മുങ്ങിയവരായിരുന്നു.

അവിടെ വച്ച് അന്ധരും മുടന്തരും യേശുവിന്റെ അടുക്കലെത്തി അവിടുന്നില്‍ നിന്നും സൗഖ്യം നേടി. ആരാധനയ്‌ക്കെത്തുന്നവരില്‍ നിന്ന് ധര്‍മം യാചിക്കാന്‍ എത്തിയവരായിരുന്നു ഈ അന്ധരും മുടന്തരും. യേശുവിനെ കണ്ടപ്പോള്‍ അവര്‍ സഹായം ചോദിച്ചു വന്നു. ദേവാലയശുദ്ധീകരണത്തിന്റെ തീക്ഷണതയില്‍ മുഴുകി നില്‍ക്കുമ്പോഴും കരുണ കാണിക്കാന്‍ യേശു മടിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

സന്ദേശം

എല്ലാ വര്‍ഷവും ജനങ്ങള്‍ ജറൂസലേമില്‍ ഒരുമിച്ചു കൂടി ഹോസാന എന്ന് ആലപിക്കുമായിരുന്നു. ഈ പ്രാര്‍ത്ഥന ശ്രവിച്ച ദൈവം തന്റെ പുത്രനെ ലോകത്തിന്റെ രക്ഷയ്ക്കായി അയച്ചു. യഹൂദര്‍ തള്ളിക്കളഞ്ഞ യേശുവിനെ തീര്‍ത്ഥാടകര്‍ സ്വാഗതം ചെയ്തു. അവരെ പോലെ ഒലിവ് ശാഖകളുമെടുത്ത് നമുക്ക് യേശുവിനെ വരവേല്ക്കാം.

പരിശുദ്ധാത്മാവിനെ സ്വീകരിച്ച നാം ദൈവത്തിന്റെ ആലയങ്ങളാണ്. യേശു ചെയ്തതു പോലെ നമുക്ക് നമ്മുടെ ജീവിതത്തില്‍ നിന്ന് എല്ലാ അശുദ്ധിയും തിന്മയും ശുദ്ധീകരിക്കാം.

ദേവാലയശുദ്ധീകരണത്തിന്റെ തീക്ഷ്ണതയ്ക്കിടയില്‍ പോലും അന്ധരെയും മുടന്തരെയും പരിഗണിച്ച് സുഖപ്പെടുത്താനുള്ള കാരുണ്യം യേശു കാണിച്ചു. നമുക്കും കരുണയും പരിഗണനയും ഉള്ളവരാകാം.

പ്രാര്‍ത്ഥന

എളിമയുള്ള രാജാവായ യേശുനാഥാ

അങ്ങ് പീഡാനുഭവത്തിന് മുമ്പായി ജറുസലേമിലേക്ക് എഴുന്നള്ളിയത് ഒരു കഴുതക്കുട്ടിയുടെ പുറത്തേറിയാണല്ലോ. അത് അവിടുത്തെ മഹത്തായ എളിമയുടെ വലിയ ദൃഷ്ടാന്തമായിരുന്നുവല്ലോ. അങ്ങ് കാണിച്ചു തന്ന എളിമയുടെ പാഠം ജീവിതത്തില്‍ പകര്‍ത്തുവാനുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കിയരുളണമേ. അങ്ങ് കടന്നു പോയപ്പോള്‍ അങ്ങയുടെ നാം ഉച്ചത്തില്‍ ആര്‍ത്തുവിളിക്കാനും പ്രഘോഷിക്കാനും മടിക്കാതിരുന്ന ജനങ്ങളെ പോലെ അങ്ങയുടെ വിജയയാത്രയില്‍ മാത്രമല്ല, അവിടുത്തെ കുരിശിന്റെ വഴിയിലും അങ്ങയോടൊപ്പം വിശ്വസ്തതയോടെ നില കൊള്ളാനുള്ള ധൈര്യവും മനശക്തിയും ഞങ്ങള്‍ക്ക് നല്‍കിയരുളണമേ.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles