സീറോമലബാര്‍ സഭാദ്ധ്യക്ഷന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച്ച നടത്തി.
റോം: സെന്റ് പീറ്റേഴ്സ് ചത്വരത്തിലുള്ള മാര്‍പാപ്പയുടെ ബുധനാഴ്ചകളിലുള്ള പതിവ് ജനറല്‍ ഓഡിയന്‍സ് സമ്മേളനവേദിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഏപ്രില്‍ 10 – ന് ബുധനാഴ്ച വത്തിക്കാന്‍ സമയം രാവിലെ 10 മണിക്ക് നടന്ന സൗഹൃദ കൂടികാഴ്ചയില്‍ മാര്‍പ്പാപ്പയുടെ വസതിയുടെ പ്രീഫെക്ടും വത്തിക്കാനില്‍ നടക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ചകളുടെയും പൊതുദര്‍ശനങ്ങളുടെയും ചുമതലക്കാരനുമായ ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ഗ്യാൻസ്വൈനും ഈ കൂടിക്കാഴ്ചയില്‍ മാര്‍പാപ്പയോടൊപ്പമുണ്ടായിരുന്നു. മാര്‍പാപ്പ അംഗമായിരുന്ന ഈശോസഭാംഗവും ഇപ്പോള്‍ ഇംഗ്ലണ്ടിലെ ഓസ്ഫോര്‍ഡ് സര്‍വകലാശാലയില്‍ പൗരസ്ത്യ ദൈവശാസ്ത്രത്തില്‍ ഗവേഷകനുമായ കേരളത്തില്‍ നിന്നുള്ള വൈദികന് ഫാദര്‍ ജിജി പുതുവീട്ടില്‍ക്കളം എസ്സ്. ജെ.യും പ്രത്യേകം ക്ഷണിതാവായി ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലുള്ള ഇരുപത്തിമൂന്നു പൗരസ്ത്യ സഭകളുടെ ഇടയില്‍ വിശ്വാസികളുടെ എണ്ണംകൊണ്ട് രണ്ടാം സ്ഥാനത്തു നില്ക്കുന്ന ഒരു സഭയുടെ തലവനെന്ന നിലയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മാര്‍പാപ്പായുമായി കൂടികാഴ്ച്ച നടത്തിയതിന് വലിയ പ്രാധാന്യമുണ്ടെന്ന് വത്തിക്കാനോടു ഏറ്റവും അടുത്ത വൃത്തങ്ങള്‍ നിരീക്ഷിച്ചു.