വാസ്തവം മാത്രം അറിയിക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് മാര്‍പാപ്പാ
വത്തിക്കാന്‍: വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും വാസ്തവം മാത്രം ലോകത്തെ അറിയിക്കാന്‍ പരിശ്രമിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് ഫ്രാന്‍സിസ് പാപ്പാ. വാര്‍ത്തകള്‍ തയ്യാറാക്കുമ്പോള്‍ കേട്ടുകേള്‍വികളും പരദൂഷണങ്ങളുമല്ല ആധാരമാക്കേണ്ടത്, മറിച്ച് നന്നായി ഗവേഷണം നടത്തി സത്യം മനസ്സിലാക്കി അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പാപ്പാ ആഹ്വാനം ചെയ്തു.
വത്തിക്കാനില്‍ നടന്ന ജര്‍മനിയില്‍ നിന്നുള്ള കത്തോലിക്കാ, ഇവാഞ്ചലിസ്റ്റ് മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു, മാര്‍പാപ്പാ. മൂന്നു കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കാന്‍ പാപ്പാ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സംവാദം, വാസ്തവം റിപ്പോര്‍ട്ട് ചെയ്യല്‍, മനുഷ്യന്റെ അന്തസ്സ്.
സംവാദങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ സഹായിക്കും. പുതിയ ചക്രവാളങ്ങള്‍ നമുക്ക് മുമ്പില്‍ തുറന്നിടും. വിവരങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും കൈമാറാന്‍ അത് സഹായകരമാകും, പാപ്പാ പറഞ്ഞു.
മനുഷ്യാന്തസ്സിനെ കുറിച്ച് സംസാരിച്ചപ്പോള്‍ പാപ്പാ ദയാവധം പോലുള്ള തിന്മകള് ശ്രദ്ധയില്‍ കൊണ്ടു വന്നു. സാമൂഹിക അനീതിയുടെ എതിര്‍ക്കപ്പെടേണ്ട തിന്മയാണ്. ലോകത്തില്‍ പലയിലടത്തും മനുഷ്യാന്തസ് ഹനിക്കപ്പെടുന്ന കാര്യവും പാപ്പാ മാധ്യമപ്രവര്‍ത്തരുടെ ശ്രദ്ധയില്‍ പെടുത്തി.