ആടുകൾക്കു വേണ്ടി ജീവനർപ്പിക്കുന്ന നല്ലിടയൻ (SUNDAY HOMILY)
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
നോമ്പുകാലം ആറാം ഞായര്‍ സുവിശേഷ സന്ദേശം
ആമുഖം
യേശുവിന്റെ വാക്കുകള്‍ ശ്രവിച്ചിരുന്നവര്‍ അക്കാലത്തെ ആടുമേയ്ക്കലുമായി നല്ല പരിചയമുള്ളവരായിരുന്നു. ഇടയനും ആടുകളും തമ്മിലും ആടുകളും കൂലിക്കാരനും തമ്മിലുമുള്ള ബന്ധത്തിന്റെ വ്യത്യാസം അവര്‍ നന്നായി അറിഞ്ഞിരുന്നു. ആടുകള്‍ക്കായി ജീവിതം ഉഴിഞ്ഞു വയ്ക്കുകയും ചെന്നായുടെ ആക്രമണങ്ങളില്‍ നിന്ന് അവയെ രക്ഷിക്കുകയും ചെയ്യുന്ന നല്ലിടയനായി യേശു സ്വയം അവതരിപ്പിക്കുന്നു. ദുഷ്ടനില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ യേശു പിതാവിന്റെ ഇഷ്ടമനുസരിച്ച് സ്വന്തജീവന്‍ സ്വമേധയാ സമര്‍പ്പിക്കുന്നു.
ബൈബിള്‍ വായന
യോഹന്നാന്‍: 10 : 11 -18
“ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നത് കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചു കളയുകയും ചെയ്യുന്നു. അവന്‍ ഓടിപ്പോകുന്നത് കൂലിക്കാരനായതു കൊണ്ടും ആടുകളെ പറ്റി താല്പര്യമില്ലാത്തതു കൊണ്ടുമാണ്. ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതു പോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. ആടുകള്‍ക്കു വേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു. ഈ തൊഴുത്തില്‍ പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവരെയും ഞാന്‍ കൊണ്ടു വരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. തിരിച്ചെടുക്കുന്നതിനു വേണ്ടി ഞാന്‍ ജീവന്‍ അര്‍പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്‌നേഹിക്കുന്നു. ആരും എന്നില്‍ നിന്ന് അത് പിടിച്ചെടുക്കുകയില്ല. ഞാന്‍ അത് സ്വമനസ്സാ സമര്‍പ്പിക്കുകയാണ്. അത് സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്പന എന്റെ പിതാവില്‍ നിന്നാണ് എനിക്ക് ലഭിച്ചത്.”
നല്ലിടയന്‍
ആടുകള്‍ക്കു വേണ്ടി സ്വന്ത ജീവന്‍ അര്‍പ്പിക്കുന്നവനാണ് നല്ലിടയന്‍. ഏറ്റവും നല്ല ഉദാഹരണം സാവൂളിനോടുള്ള ദാവീദിന്റെ വാക്കുകളില്‍ പ്രകടമാകുന്നു. ഗോലിയാത്തിനെ നേരിടാന്‍ ദാവീദിന് എങ്ങനെ സാധിക്കും എന്ന് സാവൂള്‍ ചോദിക്കുമ്പോള്‍ ദാവീദ് മറുപടി പറയുന്നത് ഇപ്രകാരമാണ്: പിതാവിന്റെ ആടുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ഈ ദാസന്‍. സിംഹമോ കരടിയോ വന്ന് ആട്ടിന്‍പറ്റത്തില്‍ നിന്ന് ഒരാട്ടിന്‍ കുട്ടിയെ തട്ടിയെടുത്താല്‍ ഞാന്‍ അതിനെ പിന്തുടര്‍ന്ന് അതിനെ രക്ഷിക്കും. അത് എന്നെ എതിര്‍ത്താല്‍ ഞാന്‍ അതിന്റെ ജടയ്ക്കു പിടിച്ച് അടിച്ചു കൊല്ലും.(സാമു. 17: 34-36)
പഴയ നിയമത്തില്‍ ദൈവം ഇസ്രായേലിന്റെ ഇടയനായി സ്വയം പരിചയപ്പെടുത്തുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. 23ാം സങ്കീര്‍ത്തനത്തില്‍ പറയുന്നത് ഇപ്രകാരമാണ്: ‘കര്‍ത്താവാണ് എന്റെ ഇടയന്‍ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല…’
യേശു എന്ന നല്ലയിടയന്റെ അതുല്യത പ്രകടമാകുന്നത് ആടുകള്‍ക്കു വേണ്ടി സ്വന്ത ജീവന്‍ അര്‍പ്പിക്കുന്നതിലൂടെയാണ് (1 യോഹ 3: 16, യോഹ 15: 13). താന്‍ വന്നിരിക്കുന്നത് അനേകര്‍ക്കുള്ള മോചനദ്രവ്യമായി തന്നെത്തന്നെ സമര്‍പ്പിക്കാന്‍ വേണ്ടിയാണെന്ന് യേശു പറയുന്നുണ്ട്. (മത്താ. 20: 28). നമ്മെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയാണ് യേശു ഈ ലോകത്തിലേക്ക് വന്നത്. പിതാവിന്റെ അഭീഷ്ടപ്രകാരം അവിടുന്ന് സ്വമേധയാ വന്നതാണ്.
കൂലിക്കാരന്‍
കൂലിക്കാരന് താല്പര്യം കൂലിയില്‍ മാത്രം ആയിരിക്കും. അയാള്‍ ആടുകളെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അപകടത്തില്‍ ആക്കുകയില്ല. അത് അയാള്‍ ഇടയനല്ലാത്തതു കൊണ്ടും ആടുകള്‍ അയാളുടെ സ്വന്തം അല്ലാത്തതു കൊണ്ടുമാണെന്ന് യേശു വ്യക്തമാക്കുന്നു. യേശു കൂലിക്കാരനല്ല. പിതാവിനോടൊപ്പം അവിടുന്ന് നമ്മുടെ യജമാനനും ഇടയനുമാണ്.
യേശുവിന്റെ കാലത്തെ ഫരിസേയരും മറ്റ് മതനേതാക്കളും കൂലിക്കാരെ പോലെയായിരുന്നു. അവര്‍ക്ക് താല്പര്യം ലൗകിക നേട്ടങ്ങളിലായിരുന്നു. ആടുകളില്‍ അവര്‍ക്ക് യാഥാര്‍ത്ഥമായ താല്പര്യം ഇല്ലായിരുന്നു. അവരുടെ മേല്‍നോട്ടത്തിലുള്ള ആടുകളെ ആത്മീയ അപകടങ്ങളില്‍ നിന്ന് അവര്‍ സംരക്ഷിച്ചില്ല. അവര്‍ ആപത്തു വരുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോയിരുന്നു.
ചെന്നായ
ആരെയാണ് യേശു ചെന്നായ എന്നു വിശേഷിപ്പിച്ചത്? ആട്ടിന്‍ തോലണിഞ്ഞ് എത്തിയ വ്യാജപ്രവാചകന്മാരെയാണ് അവിടുന്ന് ചെന്നായ എന്നു വിളിച്ചത് (മത്താ. 7: 15). വ്യാജപ്രവാചകരുടെ വേഷത്തില്‍ വരുന്നത് സാത്താന്‍ തന്നെയാണ്. സുവിശേഷം പ്രസംഗിക്കുന്നതിന്റെ പേരില്‍ യേശുവിന്റെ ശിഷ്യന്മാരെ പീഢിപ്പിക്കുന്നവരും ചെന്നായ്ക്കളാണ്. ആത്മാക്കളെ ഭരിമേല്‍പിച്ചിരുന്ന മിഷണറികള്‍ തങ്ങളുടെ മേല്‍നോട്ടത്തിലുള്ളവര്‍ ആക്രമിക്കപ്പെടുമ്പോള്‍ ഓടിക്കളയരുതെന്നും അവരെ ശക്തിപ്പെടുത്തുന്നവരാണ് യഥാര്‍ത്ഥ ഇടയന്മാരെന്നും യേശു വ്യക്തമാക്കുന്നു.
ആടുകളെ അറിയുന്ന നല്ലിടയന്‍
നല്ലയിടയനായ യേശുവിന് ആടുകളെല്ലാം പ്രിയപ്പെട്ടതാണ്. ഓരോന്നിനെയും പേരു ചൊല്ലി വിളിക്കുന്ന അവിടുന്ന് അവരെ നയിക്കുന്നു. (യോഹ 10: 3). ആടുകള്‍ ഇടയനെ വിശ്വസിക്കുകയും അവന്റെ കൂടെ പോവുകയും ചെയ്യുന്നു. ഇടയനും ആടുകളും പരസ്പരം അറിയകയും സ്‌നേഹിക്കുകയും ചെയ്യുന്നു. ആടുകള്‍ക്കു വേണ്ടി ഇടയന്‍ ജീവന്‍ സമര്‍പിക്കാന്‍ വരെ തയ്യാറാണ്.
ഈ ആലയില്‍ ഇല്ലാത്ത ആടുകളെ കുറിച്ചും യേശു പറയുന്നുണ്ട്. ഈ ആല എന്നത് യഹൂദരെ ഉദ്ദേശിച്ചാണ്. മിശിഹാ വരുമ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ചിതറി പോയ ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ ഒരുമിച്ചു കൂട്ടും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ അതു മാത്രമല്ല, യേശുവിന്റെ ദൗത്യം ഇസ്രായേല്‍ക്കാരെ മാത്രം രക്ഷിക്കുക അല്ലായിരുന്നു. അവിടുന്ന് വന്നത് എല്ലാ മനുഷ്യരെയും രക്ഷിക്കാന്‍ വേണ്ടിയാണ്. കാരണം എല്ലാവരും ദൈവത്തിന്റെ മക്കളാണ്. യഹൂദരും വിജാതീയരും എല്ലാം യേശുവിന്റെ അജഗണത്തില്‍ ഉള്‍പ്പെടുന്നു.
യേശു പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കുവിന്‍…(മത്താ. 29:19).
സന്ദേശം
ഈ ഉപമയിലെ ആടുകള്‍ ദൈവജനത്തിന്റെ പ്രതീകമാണ്. ഇടയന്‍മാര്‍ ആകട്ടെ മാതാപിതാക്കളും അധ്യാപകരും അജപാലകരായ വൈദികരും മിഷണറിയമാരും എല്ലാമാണ്. അവരുടെ ആത്മീയ യാത്രയില്‍ അവരെ വഴിതെറ്റിക്കുന്നവരാണ് ചെ്ന്നായ്ക്കള്‍. എല്ലാ ക്രിസ്ത്യാനികളും നല്ലയിടന്‍മാര്‍ ആകണമെന്നും ദൈവജനത്തിന്റെ നന്മയ്ക്കായി അവര്‍ യത്‌നിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു.
നല്ലയിടയനും കൂലിക്കാരനും തമ്മിലുള്ള വ്യത്യാസം ആടുകളോടുള്ള അവരുടെ സമീപനത്തിലാണ്. നല്ലിടയന്‍ ആടുകളുടെ നന്മയ്ക്കും രക്ഷയ്ക്കും വേണ്ടി അപകടങ്ങളെ നേരിടാന്‍ തയ്യാറാകുന്നു. കൂലിക്കാരന്‍ ഓടിപ്പോകുന്നു.
ലോകത്തെല്ലായിടത്തുമുള്ള ക്രിസ്ത്യാന്‍ മിഷണറിമാര്‍ തങ്ങളുടെ സുഖസൗകര്യങ്ങള്‍ ത്യജിച്ച് ജീവനെ അപകടത്തിലാക്കി പോലും സുവിശേഷം പ്രസംഗിക്കുന്നു, അജഗണത്തെ വളര്‍ത്തുന്നു. നമുക്ക് അവര്‍ക്ക് ആത്മീയമായും ഭൗതികമായും പിന്തുണ നല്‍കാം.
പിതാവിന്റെ ഹിതം നിറവേറ്റാന്‍ വേണ്ടി ജീവാര്‍പ്പണം ചെയ്ത പുത്രനെ പിതാവ് സവിശേഷമായി സ്‌നേഹിക്കുന്നു. യേശുവിന്റെ ദൗത്യം തുടരുന്നവര്‍ ദൈവത്തിന്റെ പ്രിയമക്കളായി തീരും.
പ്രാര്‍ത്ഥിക്കാം
നല്ലിടയനായ യേശുവേ
അവിടുത്തെ അജഗണങ്ങളാകുന്ന ഞങ്ങള്‍ക്കു വേണ്ടി ജീവനര്‍പ്പിച്ച അങ്ങയെ ഞങ്ങള്‍ സ്തുതിക്കുകയും അങ്ങേക്കു ഞങ്ങള്‍ നന്ദി പറയുകയും ചെയ്യുന്നു. അങ്ങ് ഞങ്ങളോട് കാണിച്ച ആ സ്‌നേഹത്തിന് ഞങ്ങളുടെ ജീവിതം കൊണ്ട് പ്രതിസ്‌നേഹം കാണിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ അജഗണമാകുന്ന തിരുസഭയെയും തിരസഭയെ നയിക്കുന്ന ഫ്രാന്‍സിസ് പാപ്പായെയും മറ്റ് ഇടയന്മാരെയും അങ്ങ് കാത്തുകൊള്ളുകയും ചെയ്യണമേ. വ്യാജ ഇടയന്മാരുടെ കെണിയില്‍ പെടാതെ ഞങ്ങളെ സംരക്ഷിക്കണമേ.
ആമ്മേന്‍
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.