യേശു ലോകത്തിന്റെ പ്രകാശമാണ്! (SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

നോമ്പുകാലം അഞ്ചാം ഞായര്‍ സുവിശേഷ സന്ദേശം

ആമുഖം

മഴയും കുടിവെള്ളവും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും അത്യാന്താപേക്ഷിതമാണ്. യേശു നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ജീവജലമാണ് പരിശുദ്ധാത്മാവ്. നമ്മുടെ ആത്മീയ ജീവിതത്തിന് പരിശുദ്ധാത്മാവ് അത്യാവശ്യമാണ്. സൂര്യനും മറ്റ് ആകാശദീപങ്ങളും സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് പ്രകാശം ലോകത്തില്‍ ഉണ്ടായിരുന്നു. ദൈവമാണ് പ്രകാശത്തിന്റെ ഉറവിടം. നമ്മുടെ ആത്മീയ അന്ധകാരത്തെ നീക്കുന്ന പ്രകാശം യേശുവാണ്. ഞാന്‍ ലോകത്തിന്റെ പ്രകാശമാണെന്ന്് യേശു പ്രഖ്യാപിക്കുന്നുണ്ട്. ദൈവത്തിലേക്ക് നമ്മെ നയിക്കുന്ന പ്രകാശമായ യേശുവിന്റെ വെളിച്ചത്തില്‍ നമുക്ക് ജീവിക്കാം.

ബൈബിള്‍ വായന
യോഹന്നാന്‍ (7: 37 – 39 , 8: 12 – 20)

തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റു നിന്ന് ശബ്ദമുയര്‍ത്തി പറഞ്ഞു. ആര്‍ക്കെങ്കിലും ദാഹിക്കന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന് വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ ജീവജലത്തിന്റെ അരുകള്‍ ഒഴുകും. അവന്‍ ഇത് പറഞ്ഞത് തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെ പറ്റിയാണ്. അതുവരെയും ആത്മാവ് നല്‍കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍ യേശു അതു വരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല.
യേശു വീണ്ടും അവരോട് പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുന്നില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും. അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു. നീ തന്നെ നിനക്ക് സാക്ഷ്യം നല്‍കുന്നു. നിന്റെ സാക്ഷ്യം സത്യമല്ല. യേശു പ്രതിവചിച്ചു: ഞാന്‍ തന്നെ എനിക്ക് സാക്ഷ്യം നല്‍കിയാലും എന്റെ സാക്ഷ്യം സത്യമാണ്. ഞാന്‍ എവിടെ നിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാല്‍, ഞാന്‍ എവിടെ നിന്ന് വരുന്നുവെന്നും എവിടേക്ക് പോകുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ല. നിങ്ങളുടെ വിധി മാനുഷികമാണ്. ഞാന്‍ ആരെയും വിധിക്കുന്നില്ല. ഞാന്‍ വിധിക്കുന്നെങ്കില്‍ തന്നെ എന്റെ വിധി സത്യമാണ്. കാരണം ഞാന്‍ തനിച്ചല്ല എന്നെ അയച്ച പിതാവും എന്നോടു കൂടെയുണ്ട്. രണ്ടു പേരുടെ സാക്ഷ്യം സത്യമാണെന്ന് നിങ്ങളുടെ നിയമത്തില്‍ തന്നെ എഴുതിയിട്ടുണ്ടല്ലോ. എന്നെ കുറിച്ച് ഞാന്‍ തന്നെ സാക്ഷ്യം നല്‍കുന്നു. എന്നെ അയച്ച പിതാവും സാക്ഷ്യം നല്‍കുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു: നിന്റെ പിതാവ് എവിടെയാണ്? യേശു പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല. എന്നെ അറിഞ്ഞിരുന്നെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ദേവാലയ ഭണ്ഡാരസ്ഥലത്ത് പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് അവന്‍ ഇതെല്ലാം പറഞ്ഞത്. എന്നാല്‍ ആരും അവനെ പിടിച്ചില്ല. കാരണം അവന്‍ സമയം ഇനിയും വന്നു ചേര്‍ന്നിട്ടില്ലായിരുന്നു.”

സുവിശേഷ വിചിന്തനം

തിരുനാളിന്റെ അവസാന ദിവസമാണ് യേശു സംസാരിക്കുന്നത്. യഹൂദര്‍ മൂന്ന് തീര്‍ത്ഥാടന തിരുനാളുകള്‍ ആഘോഷിച്ചിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍, പെന്തക്കോസ്ത, കൂടാരത്തിരുനാള്‍ എന്നിവയായിരുന്നു അവ. ഈ സുവിശേഷഭാഗത്ത് സൂചിപ്പിച്ചിരിക്കുന്നത് കൂടാരത്തിരുനാളിനെയാണ്. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആയിരുന്നു അത്. എട്ടാം ദിവസം മഹാദിനം എന്ന പേരില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. ഈ എട്ടാം ദിവസമാണ് യേശു സംസാരിക്കുന്നത്.

യഹൂദ പഞ്ചാംഗം അനുസരിച്ചുള്ള ഏഴാം മാസമായ തിഷ്രി മാസത്തിലാണ് കൂടാരത്തിരുനാള്‍ ആഘോഷിച്ചിരുന്നത്. തിരുനാളിന്റെ എഴു ദിവസങ്ങളില്‍ യഹൂദര്‍ വിടു വിട്ടു പോയി താല്കാലിക കൂടാരങ്ങളില്‍ പാര്‍ത്തിരുന്നു. ഈജിപ്തില്‍ നിന്ന് ദൈവം തങ്ങളുടെ പൂര്‍വ പിതാക്കന്‍മാരെ മോചിപ്പിച്ച സംഭവം അനുസ്മരിക്കാന്‍ വേണ്ടിയായിരുന്നു അത്. തിഷ്രി മാസത്തില്‍ യഹുദരുടെ കൊയ്ത്തുകാലം പൂര്‍ത്തിയാവുകയും തങ്ങള്‍ക്ക് മഴയും വിളയും ധാരാളമായി നല്‍കിയ ദൈവത്തിന് നന്ദി പറയുകയും ചെയ്തിരുന്നു.

ദേവാലയത്തിന്റെ പരിശുദ്ധ സ്ഥലത്ത് ഒരു വലിയ ജനക്കൂട്ടം സമ്മേളിച്ചിരുന്ന സമയത്താണ് യേശു ജീവന്റെ ജലത്തെ കുറിച്ച് സംസാരിക്കുന്നത്. അതിനാല്‍ ഒരുയര്‍ന്ന സ്ഥലത്ത് കയറി നിന്നാണ് യേശു സംസാരിച്ചത്. കൂടാരത്തിരുനാളിന്റെ ഭാഗമായി അള്‍ത്താരയില്‍ ഒഴിക്കപ്പെടുന്ന ജലം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് യേശു ജനത്തോട് പരിശുദ്ധാത്മാവാകുന്ന ജീവജലത്തെ കുറിച്ച് സംസാരിക്കുന്നത്.

യേശു ഇവിടെ പറയുന്ന ദാഹം ശാരീരികമായ ദാഹമല്ല. ആത്മീയദാഹമാണ്. ഇതിനെ കുറിച്ചാണ് കിണറിന്റെ അരികത്ത് കണ്ടു മുട്ടിയ സമരിയാക്കാരി സ്ത്രീയോട് യേശു പറയുന്നത്. ‘ ഈ ജലം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കുന്നു. എന്നാല്‍ ഞാന്‍ നല്‍കുന്ന ജലം കുടിക്കുന്നവന് പിന്നീടൊരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്ക് നയിക്കുന്ന ജീവന്റെ അരുവിയായി മാറും.’ (യോഹ. 4: 13-14). ദൈവകൃപയുടെ അഭാവമാണ് നമ്മുടെ ആത്മീയ ദാഹം. എന്നാല്‍ യേശു നമ്മെ പരിശുദ്ധാത്മാവിനാല്‍ നിറച്ചു കഴിയുമ്പോള്‍ നാം നന്മപ്രവര്‍ത്തികളാല്‍ നിറഞ്ഞൊഴുകും.

അതുവരെയും ആത്മാവ് നല്‍കപ്പെട്ടിട്ടില്ലായിരുന്നു

ലോകത്തില്‍ വ്യത്യസ്തമായ സന്ദര്‍ഭങ്ങളില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നത് നാം കാണുന്നുണ്ടെങ്കിലും പെന്തക്കുസ്താ ദിവസം അപ്പോസ്തലന്മാരുടെ മേല്‍ വന്നിറങ്ങിയതു പോലെ അസാധാരണമായ മറ്റൊരു സംഭവമില്ല. യേശുവിന്റെ യേശുവിന്റെ യഥാര്‍ത്ഥ ദൗത്യം ഏറ്റെടുക്കുവാനും ആത്മാവ് അപ്പോസ്തലന്മാരെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. സോളമന്‍ രാജാവ് നിര്‍മിച്ച ജറുസലേം ദൈവാലയത്തിനുള്ളിലെ ഉടമ്പടി പേടകത്തില്‍ പരിശുദ്ധാവ് ആവസിച്ചിരുന്നു. ബാബിലോണിയക്കാര്‍ ഈ ദേവാലയം നശിപ്പിച്ചപ്പോള്‍ ഈ സാന്നിധ്യം നഷ്ടമായി. എസ്രയുടെ നേതൃത്വത്തിലും പിന്നീട് ഹെറോദിന്റെ നേതൃത്വത്തിലും നിര്‍മിച്ച ദൈവാലയത്തിലേക്ക് ആത്മാവ് മടങ്ങി വന്നില്ല. പെന്തക്കുസ്താ തിരുനാളിലാണ് പിന്നീട് പരിശുദ്ധാത്മാവ് വരുന്നത്. കാരണം യേശു അതുവരെ മഹത്വീകരിക്കപ്പെട്ടിരുന്നില്ല. യേശു തന്റെ സഹന, മരണ ഉത്ഥാനങ്ങളിലൂടെ മഹത്വം ആര്‍ജിച്ച ശേഷം എഴുന്നള്ളി വരുവാന്‍ ആത്മാവ് കാത്തിരിക്കുകയായിരുന്നു.

ലോകത്തിന്റെ പ്രകാശം

കൂടാരത്തിരുനാളില്‍ യഹൂദര്‍ കാഴ്ചദ്രവ്യങ്ങളും ദശാംശവും സമര്‍പ്പിച്ചിരുന്ന സ്ഥലത്തു വച്ചാണ് യേശു ഞാന്‍ ലോകത്തിന്റെ പ്രകാശമാണ് എന്ന് അരുളിച്ചെയ്യുന്നത്. തിരുനാളിന് ദേവാലയത്തില്‍ ഏഴു തിരിയിട്ട നാല് സുവര്‍ണ മെനോറകള്‍ പ്രകാശം ചൊരിഞ്ഞിരുന്നു. നഗരത്തിന്റെ ഏത് ഭാഗത്തു നിന്ന് നോക്കിയാലും ഇത് അഗ്നിത്തുണു പോലെ കാണപ്പെട്ടിരുന്നു. സീലോഹ കുളത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിക്കുമ്പോള്‍ യഹൂദ ജനം നൃത്തം ചെയ്യുകയും പാടുകയും ചെയ്തിരുന്നു. മരുഭൂമിയിലൂടെ ഇസ്രായേല്‍ ജനം യാത്ര ചെയ്ത കാലത്ത് യഹോവ അഗ്നത്തൂണായി അനുധാവനം ചെയ്തതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ മെനോറകള്‍. ഇനി മുതല്‍ താനാണ് പ്രകാശം എന്ന് യേശു അരുളി ചെയ്യുകയാണ്. യേശു നയിക്കുന്ന പ്രകാശമാണ്.

താന്‍ എവിടെ നിന്ന് വന്നുവെന്ന് അറിഞ്ഞിരുന്നവനാണ് യേശു. അതിനാല്‍ യേശു എവിടെ നിന്നു വന്നു എന്ന് സാക്ഷ്യപ്പെടുത്താന്‍ ഒരു മനുഷ്യസാക്ഷിയെ കൊണ്ടുവരിക സാധ്യമല്ലായിരുന്നു. അവിടുന്ന് വന്നത് സ്വര്‍ഗത്തില്‍ നിന്നാണ്. അവിടെയാണ് പിതാവുള്ളത്. ഫരിയേസര്‍ക്കാകട്ടെ യേശു എന്ന മനുഷ്യനെ മാത്രമേ അറിയാമായിരുന്നുള്ളൂ. അതിനാല്‍ അവര്‍ക്ക് അവിടുത്തെ സ്വര്‍ഗീയ ഉത്ഭവവും ലക്ഷ്യം അറിയില്ലായിരുന്നു.

ഞാന്‍ ആരെയും വിധിക്കുന്നില്ല എന്ന് യേശു പറഞ്ഞതിന്റെ അര്‍ത്ഥം തന്റെ ഈ വരവിന്റെ ഉദ്ദേശ്യം മനുഷ്യരെ രക്ഷിക്കുകയാണ് വിധിക്കുകയല്ല എന്നാണ്. എന്നാല്‍ രണ്ടാം വരവില്‍ യേശു ലോകത്തെ വിധിക്കും. താന്‍ വിധിച്ചാലും തന്റെ വിധി മൂല്യവത്താണ് എന്ന് യേശു കൂട്ടിച്ചേര്‍ക്കുന്നു. കാരണം അവിടുന്ന് ലോകരക്ഷകനാണ്. ഞാന്‍ തനിച്ചല്ല എന്നെ അയച്ച പിതാവ് എന്നോടു കൂടിയുണ്ട് എന്നാല്‍ ത്രിത്വദൈവത്തെ കുറിച്ചുള്ള സൂചനയാണ്.

എവിടെയാണ് നിന്റെ പിതാവ് എന്ന ഫരിസേയര്‍ ചോദിക്കുമ്പോള്‍ യേശു മറുപടി പറയുന്നത് നിങ്ങള്‍ എന്നെയോ പിതാവിനെയോ അറിയുന്നില്ല എന്നാണ്. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു, യേശു പറയുന്നു.

ദേവാലയഭണ്ഡാരത്തില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് യേശു ഇത് പറഞ്ഞത്. കാഹളത്തിന്റെ രൂപത്തിലുള്ള 13 ഭണ്ഡാരപ്പെട്ടികള്‍ അവിടെയുണ്ടായിരുന്നു. മെനോറകള്‍ കത്തിനല്‍ക്കുന്നുണ്ടായിരുന്നു. അനേകം പേര്‍ അവിടെ തടിച്ചു കൂടിയിരുന്നു. അവനെ ആരും പിടിച്ചില്ല, കാരണം അവന്റെ സമയം വന്നിട്ടില്ലായിരുന്നു. യോഹന്നാന്‍ ഇങ്ങനെ എഴുതയിതിന്റെ കാരണം ഒരു പക്ഷേ, അവര്‍ യേശുവിനെ പിടിക്കാന്‍ ഒരു വിഫല ശ്രമം നടത്തിയതു കൊണ്ടായിരിക്കാം. യേശുവിന്റെ സമയം പിതാവിന്റെ കരങ്ങളിലായിരുന്നു. യേശുവിന്റെ ത്യാഗം ദൈവം സ്വന്തം ഇഷ്ടപ്രകാരം നടത്തിയതാണെന്ന് ഇതിനാല്‍ ദ്യോതിപ്പിക്കുന്നു.

സന്ദേശം

നാല്പത് വര്‍ഷങ്ങള്‍ പരീക്ഷണങ്ങളിലൂടെ കടന്ന് ജോഷ്വയുടെ നേതൃത്വത്തില്‍ വാഗ്ദത്ത ഭൂമിയിലേക്ക് പ്രവേശിച്ച ഇസ്രായേല്‍ക്കാരെ പോലെ നമ്മളും ഈ ലോകജീവിത പരീക്ഷണങ്ങളെ തരണം ചെയ്ത് യേശുവാകുന്ന പുതിയ ജോഷ്വായുടെ നേതൃത്വത്തില്‍ സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരണം. ദൈവത്തെ നിരസിച്ച് പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നമുക്ക് ജാഗ്രതയുള്ളവരാകാം.

മരുഭൂമിയിലൂടെയുള്ള യാത്രയില്‍ ഭക്ഷണവും വെള്ളവും നല്‍കി ഇസ്രായേല്‍ ജനത്തെ പോറ്റിയ ദൈവം നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റും. കൂടാരത്തിരുനാളില്‍ ദൈവത്തിന് നന്ദിയര്‍പ്പിച്ച ഇസ്രായേല്‍ക്കാരെ പോലെ നമുക്കും ദൈവത്തില്‍ നിന്ന് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാം.

നമ്മുടെ ജ്ഞാനസ്‌നാന വേളയില്‍ യേശു നമുക്ക് പരിശുദ്ധാത്മാവിനെ നല്‍കി. ആത്മാവിനോട് സഹകരിച്ച് നല്ല ക്രിസ്ത്യാനികളായി നമുക്ക് ജീവിക്കാം.

മരുഭൂമിയില്‍ പ്രകാശം ചൊരിഞ്ഞ അഗ്നിത്തൂണു പോലെ ലോകത്തിന്റെ പ്രകാശമായ യേശു നമ്മുടെ ജീവിതത്തിലെ ഇരുട്ടിനെ പ്രകാശിപ്പിക്കുന്നു. യേശുവിന്റെ വെളിച്ചം നമുക്ക് ലോകത്തില്‍ പ്രതിഫലിപ്പിക്കാം.

നമുക്ക് മാനസാന്തരത്തിനുള്ള അവസരം നല്‍കാനാണ് യേശു വന്നത്. അതിനായി അവിടുന്ന് നമുക്ക് ജീവന്റെ ജലവും ലോകത്തിന്റെ പ്രകാശമായ തന്നെത്തന്നെയും നല്‍കി. യേശുവിന്റെ വചനങ്ങള്‍ക്കനുസരിച്ചു നമുക്ക് ജീവിക്കാം.

പലപ്പോഴും നാം പലരെയും തെറ്റായി വിധിക്കാറുണ്ട്. ആരെയും വിധിക്കാത്ത യേശുവിനെ പോലെ നമുക്കും ആരെയും വിധിക്കാതിരിക്കാം.

പ്രാര്‍ത്ഥിക്കാം

ലോകത്തിന്റെ പ്രകാശമായ യേശുനാഥാ

പാപത്തിന്റെയും തിന്മയുടെയും ഇരുട്ട് നിറഞ്ഞ ഈ ലോകത്തില്‍ അങ്ങ് ഞങ്ങളുടെ പ്രകാശമായിരിക്കണമേ. പ്രകാശത്തിന് യോജിച്ച വിധം നന്മയുടെ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ ഞങ്ങള്‍ക്ക് പരിശുദ്ധാത്മാവിന്റെ കൃപ പ്രദാനം ചെയ്യണമേ. ഞങ്ങളുടെ ആത്മാവിന്റെ ദാഹം ശമിപ്പിക്കാന്‍ ജീവന്റെ ജലമായ പരിശുദ്ധാത്മാവിനെ ഞങ്ങള്‍ക്ക് നല്‍കണമേ. ഞങ്ങള്‍ ദാഹിക്കുന്നവരും ദരിദ്രരും പാപികളുമാണ്. ഞങ്ങളെ രക്ഷിക്കാന്‍ അങ്ങ് വേഗം വരണമേ.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles