നിങ്ങള്‍ ദൈവവചനത്തിന്റെ വിശ്വസ്തരായ കാര്യസ്ഥരാണോ? (SUNDAY HOMILY)
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
നോമ്പുകാലം നാലാം ഞായര്‍ സുവിശേഷ സന്ദേശം
രക്ഷാകര ചരിത്രത്തെ യേശു പ്രതീകാത്മകമായി അവതരിപ്പിക്കുന്നു, മുന്തിരിത്തോട്ടത്തിന്റെ ഉപമയില്‍. തന്റെ മുന്തിരിത്തോട്ടമായ ഇസ്രയേലിനെ കരുതലോടെ പരിപാലിച്ചു പോന്നവനാണ് പിതാവായ ദൈവം. എന്നാല്‍ അവിശ്വസ്തരായിരുന്ന കൃഷിക്കാര്‍ ഉടമസ്ഥന് അര്‍ഹമായത് നല്‍കിയില്ല. അതിനാല്‍ ദൈവം പ്രവാചകന്മാരെ അയച്ചു. അവരെ അവര്‍ ദ്രോഹിച്ചു. കൂടുതല്‍ ഭൃത്യന്മാരെ അയച്ചെങ്കിലും ചിലരെ അവര്‍ പീഡിപ്പിക്കുകയും ചിലരെ വധിക്കുകയും ചെയ്തു. അവസാനം ദൈവം സ്വന്തം പുത്രനെ അവരുടെ അടുത്തേക്കയച്ചു. അവനെയും അവര്‍ വധിച്ചു. അവിശ്വസ്തരായ കാര്യസ്ഥരെ നശിപ്പിച്ച ശേഷം ദൈവം മുന്തിരിത്തോപ്പ് വിശ്വസ്തരായ ഭൃത്യന്മാരെ ഏല്‍പിച്ചു. ഇപ്പോള്‍ ക്രിസ്ത്യാനികളായ നമുക്കാണ് ദൈവരാജ്യത്തിനായി നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കാനുള്ള ചുമതല.
ബൈബിള്‍ വായന
മത്തായി 21: 33 – 44
“മറ്റൊരു ഉപമ കേട്ടു കൊള്ളുക. ഒരു വീട്ടുടമസ്ഥന്‍ ഒരു മുന്തിരിത്തോട്ടം വച്ചു പിടിപ്പിച്ചു. അതിനു ചുറ്റും വേലി കെട്ടി. അതില്‍ ഒരു മുന്തിരിച്ചക്ക് സ്ഥാപിക്കുകയും ഗോപുരം നിര്‍മിക്കുകയും ചെയ്തു. അനന്തരം അത് കൃഷിക്കാരെ ഏല്‍പിച്ചിട്ട് അവന്‍ പോയി. വിളവെടുപ്പുകാലം വന്നപ്പോള്‍ അവന്‍ പഴങ്ങള്‍ ശേഖരിക്കാന്‍ ഭൃത്യന്മാരെ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. എന്നാല്‍, കൃഷിക്കാര്‍ ഭൃത്യന്മാരില്‍ ഒരുവനെ പിടിച്ച് അടിക്കുകയും മറ്റൊരുവനെ കൊല്ലുകയും വേറൊരുത്തനെ കല്ലെറിയുകയും ചെയ്തു. വീണ്ടും അവന്‍ ആദ്യത്തേതില്‍ കൂടുതല്‍ ഭൃത്യന്മാരെ അയച്ചു. അവരോട് കൃഷിക്കാര്‍ അപ്രകാരം തന്നെ പ്രവര്‍ത്തിച്ചു. പിന്നീട് അവന്‍, എന്റെ പുത്രനെ അവര്‍ ബഹുമാനിക്കും എന്ന് പറഞ്ഞ് സ്വപുത്രനെ തന്നെ അവരുടെ അടുത്തേക്കയച്ചു. അവനെ കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു. ഇവനാണ് അവകാശി. വരുവിന്‍ നമുക്ക് ഇവനെ കൊന്ന് അവകാശം കരസ്ഥമാക്കാം. അവര്‍ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിന് വെളിയിലേക്കെറിഞ്ഞ് കൊന്നു കളഞ്ഞു. അങ്ങനെയെങ്കില്‍, മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ വരുമ്പോള്‍ അവന്‍ ആ കൃഷിക്കാരോട് എന്തു ചെയ്യും? അവര്‍ പറഞ്ഞു: അവന്‍ ആ ദുഷ്ടരെ നിഷ്ഠുരമായി നശിപ്പിക്കുകയും യഥാകാലം ഫലം കൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏല്‍പിക്കുകയും ചെയ്യും. യേശു അവരോട് ചോദിച്ചു: പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് തന്നെ മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു. ഇത് കര്‍ത്താവിന്റെ പ്രവര്‍ത്തിയാണ്. നമ്മുടെ ദൃഷ്ടികള്‍ക്ക് ഇത് അത്ഭുതകരമായിരിക്കുന്നു എന്ന്ു വിശുദ്ധ ലിഖിതങ്ങള്‍ വായിച്ചിട്ടില്ലേ? അതു കൊണ്ട് നിങ്ങളോട് ഞാന്‍ പറയുന്നു. ദൈവരാജ്യം നിങ്ങളില്‍ നിന്ന് എടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നല്‍കപ്പെടും. ഈ കല്ലില്‍ വീഴുന്നവന്‍ തകര്‍ന്നു പോകും. ഇത് ആരുടെമേല്‍ വീഴുന്നുവോ അവനെ അത് ധൂളിയാക്കും.”
സുവിശേഷ വിചിന്തനം
ഈ ഉപമ കുറച്ചു കൂടി നന്നായി മനസ്സിലാക്കാന്‍ നാം ജറുസലേം ദേവാലയത്തിലേക്കുള്ള യേശുവിന്റെ രാജകീയപ്രവേശനം, യേശുവിന്റെ ദേവാലയ ശുദ്ധീകരണം, യേശു അത്തിവൃക്ഷത്തെ ശപിക്കുന്നത് എന്നിവ വായിക്കണം. അത്തിവൃക്ഷത്തിന്റെ സംഭവം ഫലം പുറപ്പെടുവിക്കാത്ത യഹൂദ നേതാക്കളുടെ പ്രതീകമാണ്. യേശു ദേവാലയത്തിന്റെ പരിസരത്തെത്തിയപ്പോള്‍ പുരോഹിതരും പ്രമാണിമാരും യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്തു. അപ്പോള്‍ തന്റെ എതിരാളികള്‍ക്ക് കുറിക്കു കൊള്ളുന്ന ഉപമകളിലൂടെ യേശു പഠിപ്പിക്കാന്‍ തുടങ്ങി. അതിലൊന്നാണ് കൃഷിക്കാരുടെ ഉപമ. അവന്‍ തങ്ങളെ കുറിച്ചാണ് പറയുന്നതെന്ന് പുരോഹിതന്മാര്‍ക്കും ഫരിസേയര്‍ക്കും മനസിലായി എന്ന് സുവിശേഷം പറയുന്നുണ്ട് (മത്താ 21: 45). ഈ ഉപമ രക്ഷാകര ചരിത്രത്തിന്റെ പ്രതീകാത്മകമായ അവതരണമാണ്.
മുന്തിരിത്തോട്ടത്തിന്റെ ഉടമ
ഏശയ്യായുടെ പ്രവചനം അനുസരിച്ച് സൈന്യങ്ങളുടെ കര്‍ത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേല്‍ ഭവനമാണ്. യൂദാജനമാണ് അവിടുന്ന് ആനന്ദം കൊള്ളുന്നന കൃഷി. (ഏശ: 5: 7). അതായത് മുന്തിരിത്തോട്ടത്തിന്റെ ഉടമ ദൈവമാണ്. ഇസ്രായേല്‍ തോട്ടവും. നല്ല ഉടമയെ പോലെ ദൈവം ഇസ്രായേലിന്റെ സംരക്ഷണത്തിനും പുരോഗതിക്കും ആവശ്യമായതെല്ലാം നല്‍കി. വേലി കെട്ടിയത് ദൈവത്തിന്റെ സംരക്ഷണത്തിന്റെ അടയാളമാണ്. മുന്തിരിച്ചക്ക് പിന്നീട് ദൈവാലയമായി മാറിയ സമാഗമകൂടാരവും. ഗോപുരം ഉയര്‍ന്ന മലയുടെ മേല്‍ പണിത ജറുസലേമിന്റെ അടയാളമാണ്.
ദൈവം തന്റെ തോട്ടം കൃഷിക്കാര്‍ക്ക് പാട്ടത്തിന് കൊടുത്തു. വെള്ളവും വളവുമായ വിശ്വാസവും പകര്‍ന്ന് അതിനെ അവര്‍ വളര്‍ത്തും എന്ന് അവര്‍ പ്രതീക്ഷിച്ചു. അതിന് ശേഷം ഉടമ ഒരു യാത്ര പോയി. ദൈവം ഇ്സ്രായേല്‍ക്കാരുടെ കൂടെ നാല്പതു വര്‍ഷം മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. മേഘമായും അഗ്നിത്തൂണായും അവിടുന്ന് അനുയാത്ര ചെയ്തു. അവര്‍ വാഗ്ദത്തഭൂമിയില്‍ എത്തിയ ശേഷം അവിടുന്ന് പിന്‍വാങ്ങുകയും സ്വയം വളരാനായി സ്വന്തം ഉത്തരവാദിത്വത്തില്‍ വിട്ടു കൊടുക്കുകയും ചെയ്തു.
ലേവായരുടെ പുസ്തകം (19: 23 – 25) അനുസരിച്ച് ഒരു വൃക്ഷത്തില്‍ നിന്ന് ആദ്യത്തെ മൂന്നു വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന പഴങ്ങള്‍ ഭക്ഷിക്കാന്‍ പാടില്ല. അത് അപരിച്ഛേദിതമാണ്. നാലാമത്തെ വര്‍ഷം ലഭിക്കുന്ന എല്ലാ ഫലങ്ങളും ദൈവത്തിന് സമര്‍പ്പിക്കണം. അഞ്ചാത്തെ വര്‍ഷമാണ് ഉടമയ്ക്ക് പഴങ്ങള്‍ ഭക്ഷിക്കാനോ അവ എടുത്ത് വില്‍ക്കാനോ അനുവാദമുള്ളത്. അപ്രകാരം നാലാം വര്‍ഷം ഫലങ്ങള്‍ ദേവാലയത്തില്‍ കൊണ്ടു വരുന്നത് കാത്ത് ദൈവം ഇരുന്നു. ദൈവം നല്‍കിയ നന്മകള്‍ക്ക് പകരമായി ആത്മീയഫലങ്ങള്‍ ഇസ്രായേല്‍ പുറപ്പെടുവിക്കും എന്ന് ദൈവം പ്രതീക്ഷിച്ചു.
വേലക്കാര്‍
ദൈവം തോട്ടത്തിലേക്കയച്ച വേലക്കാര്‍ പ്രവാചകരായിരുന്നു. ഫലം എന്നു പറയുന്നത് ഇസ്രായേല്‍ക്കാരുടെ നല്ല പ്രവര്‍ത്തികളാണ്. രാജാക്കന്മാരെയും പ്രവാചകരെയും പുരോഹിതരെയും ദൈവം കാലാകാലങ്ങളില്‍ ഇസ്രായേലിലേക്കയച്ചു. ഇസ്രായേല്‍ വിഗ്രഹാരാധനയിലേക്കും മറുതലിപ്പിലേക്കും നീങ്ങിപ്പോയപ്പോള്‍ ദൈവം പ്രവാചകന്മാരെ അവരുടെ അടുത്തേക്കയച്ചു. ഏശയ്യ, ജെറെമിയ, സെഫാനിയ തുടങ്ങിയ പ്രവാചകരെ അവര്‍ പീഡിപ്പിച്ചു. ദൈവം കൂടുതല്‍ പ്രവാചകരെ അയച്ചെങ്കിലും അവര്‍ അവരോടും അപ്രകാരം തന്നെ വര്‍ത്തിച്ചു. ദൈവം ഇസ്രായേലിനോട് ദീര്‍ഘക്ഷമ കാണിച്ചുവെങ്കിലും അവര്‍ മറുതലിപ്പു തുടരുകയും പ്രവാചകരെ പീഢിപ്പിക്കുകയും ചെയ്തു.
പുത്രന്‍
അവസാനം ദൈവം തന്റെ പുത്രനെ തന്നെ ഇസ്രായേലിലേക്കയച്ചു. അവനെ ബഹുമാനിക്കുന്നതിനു പകരം അവര്‍ അവനെ കൊല്ലുകയും അവന്റെ ഭാഗധേയം കൈക്കലാക്കാന്‍ പദ്ധതിയിടുകയും ചെയ്തു. തനിക്ക് സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ യേശു പ്രവചിക്കുകയായിരുന്നു.
യേശു മിശിഹാ ആണെന്ന് അവന്റെ ശത്രുക്കളില്‍ ചിലര്‍ക്കെങ്കിലും അറിവുണ്ടായിരുന്നു. അവര്‍ക്ക് അവന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവിടുത്തെ സാന്നിധ്യം യഹൂദനേതാക്കന്മാര്‍ക്ക് ഒരു ഭീഷണിയായിരുന്നു. അവനെ കൊന്നാല്‍ തങ്ങള്‍ക്ക് യഹൂദരുടെ പ്രീതി നേടാം എന്ന് അവര്‍ കരുതി. ജനമാണല്ലോ മുന്തിരിത്തോട്ടം. അത് കൈക്കലാക്കാം എന്ന് അവര്‍ വ്യാമോഹിച്ചു. ജനത്തിന്‍മേലുള്ള അധികാരം കൈയാളാം എന്ന് അവര്‍ ആഗ്രഹിച്ചു. അതിനാല്‍ അവര്‍ പുത്രനെ പിടിച്ച് കൊന്നുകളഞ്ഞു.
ഇനി ഉടമ വരുമ്പോള്‍ അവന്‍ കൃഷിക്കാരോട് എന്തു ചെയ്യും? വിധി പറയാന്‍ യേശു ചുറ്റുമുള്ള ജനങ്ങളോട് തന്നെ ആവശ്യപ്പെടുകയാണ്. ദൈവം ഇനി ഇസ്രായേലിനോട് പ്രവര്‍ത്തിക്കാന്‍ പോകുന്നത് എന്താണെന്നതിന്റെ സൂചന നല്‍കുകയാണ് യേശു ചെയ്യുന്നത്. ദുഷ്ടരായ കൃഷിക്കാരെ ഉടമ നശിപ്പിക്കുകയും തോട്ടം ഫലം കൊടുക്കന്ന മറ്റ് കൃഷിക്കാരെ ഏല്‍പിക്കുകയും ചെയ്യും എന്ന് ജനം പറയുന്നു. പെന്തക്കൂസ്ത ദിവസത്തില്‍ സംഭവിച്ച കാര്യങ്ങളുടെ പ്രവചനമാണിത്. തിരുസഭയാണ് പുതിയ മുന്തിരിത്തോട്ടം. ശിഷ്യന്മാരായ നാം കൃഷി ചെയ്യുകയും നല്ല ഫലം പുറപ്പെടുവിക്കുകയും അവ ദൈവത്തിന് സമര്‍പ്പിക്കുകയും വേണം.
പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് ഭവനത്തിന്റെ മൂലക്കല്ലായി തീര്‍ന്നു എന്ന് പറഞ്ഞു കൊണ്ട് യേശു തന്നിലേക്കു തന്നെ തിരിയുകയാണ്. 118 ാം സങ്കീര്‍ത്തനത്തില്‍ നിന്നുള്ള വചനമാണ് യേശു ഉദ്ധരിക്കുന്നത്. (118: 22-23). സങ്കീര്‍ത്തകന്‍ ഈ ഭാഗം ദാവീദിനെ രാജാവായി തെരഞ്ഞെടുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് ഉദ്ധരിച്ചിരിക്കുന്നത്. അതു പോലെ തന്നെ ഇസ്രായേല്‍ എന്ന ദേവാലയത്തിന്റെ നിര്‍മാതാക്കളായ പ്രധാന പുരോഹിതരും സെന്‍ഹെദ്രീനും യേശുവിനെ ഉപേക്ഷിച്ചു. എന്നാല്‍ പുതിയ ദേവാലയമായ തിരുസഭയുടെ മൂലക്കല്ലായി യേശു മാറി. യഹൂദര്‍, വിജാതീയര്‍ എന്നീ ഭിത്തികളെ ഒന്നിച്ചു ചേര്‍ക്കുന്ന മൂലക്കല്ലാണ് യേശു.
സന്ദേശം
നമുക്ക് ആവശ്യമുള്ളതെല്ലാം നല്‍കിയും എല്ലാ അപകടങ്ങളില്‍ നിന്ന് സംരക്ഷിച്ചും തോട്ടത്തിന്റെ ഉടമയെ പോലെ ദൈവം നമ്മെ കാക്കുന്നു. ദൈവമക്കളും ദൈവത്തിന്റെ കൃഷിക്കാരും എന്ന നിലയില്‍ നമുക്ക് അവിടുത്തോട് ഉത്തരവാദിത്വമുണ്ട്. നമ്മുടെ കുടുംബത്തിലും ഇടവകയിലും ജോലിസ്ഥലത്തും സമൂഹത്തിലും നാം നല്ല ഫലം പുറപ്പെടുവിക്കണം.
ദൈവത്തിന്റെ പ്രതിനിധികളായ നമ്മുടെ മാതാപിതാക്കളെയും അധ്യാപകരെയും സഭാധികാരികളെയും നാം ബഹുമാനിക്കണം. ദൈവിക പദ്ധതിയനുസരിച്ച് നമ്മെ നയിക്കാന്‍ നിയുക്തരാണ് അവര്‍. ഈ ഉത്തരവാദിത്വത്തില്‍ അവരും ദൈവത്തിന് മറുപടി കൊടുക്കണം.
ക്രിസ്തീയ നേതൃത്വം വെല്ലുവിളികള്‍ നിറഞ്ഞതാണ്. നമ്മുടെ ഇടയന്മാര്‍ക്കും പ്രേഷിതര്‍ക്കും വേണ്ടി നാം പ്രാര്‍ത്ഥിക്കണം.
ദൈവരാജ്യത്തെ പ്രതിയുള്ള അപമാനവും നിന്ദയും ദൈവരാജ്യത്തില്‍ നമുക്ക് നന്മയായി ഭവിക്കും.
ക്ഷമാശീലനായ ദൈവം തന്റെ പുത്രനെ അയച്ച് മാനസാന്തരത്തിനുള്ള അവസരം നമുക്ക് നല്‍കി. അവനെ ഉപേക്ഷിച്ചാല്‍ നമുക്ക് അന്ത്യവിധിയും നിത്യനാശവുമാവും ഫലം.
പ്രാര്‍ത്ഥിക്കാം
പിതാവായ ദൈവമേ,
അവിശ്വസ്തരായ കാവല്‍ക്കാരുടെ ഉപമയാണല്ലോ ഇന്നത്തെ സുവിശേഷത്തിലൂടെ അവിടുന്ന് ഞങ്ങളെ അറിയിക്കുന്നത്. അവിടുത്തോട് അവിശ്വസ്തത കാണിച്ച സന്ദര്‍ഭങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയോട് മാപ്പ് അപേക്ഷിക്കുന്നു. അവിടുത്തെ പുത്രനായ യേശു ക്രിസ്തുവിനെ ഞങ്ങളുടെ ജീവിതത്തില്‍ സര്‍വാത്മനാ സ്വീകരിക്കുവാനും അവിടുത്തെ വചനങ്ങള്‍ അനുസരിക്കുവാനും ഞങ്ങള്‍ക്ക് കൃപ നല്‍കിയരുളണമേ.
ആമ്മേന്‍
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.