ദൈവകൃപകൾ വിസ്മരിച്ചാൽ: അപകടം ഓർമിപ്പിച്ച് പാപ്പ
വത്തിക്കാൻ സിറ്റി: ദൈവകൃപകളെ വിസ്മരിച്ചാൽ ജീവിതം തിന്മയിലേക്ക് വഴുതിപ്പോകുന്ന അപകടം നേരിടുമെന്ന തിരിച്ചറിവോടെ ജീവിക്കണമെന്ന് ഫ്രാൻസിസ് പാപ്പയുടെ ഓർമപ്പെടുത്തൽ. ദൈവികവഴികളിൽനിന്നുള്ള വിട്ടുപോകൽ അവരുടെ ജീവിതത്തെ മാത്രമല്ല, ചുറ്റുമുള്ളവരെയും സമൂഹത്തെ ആകമാനവും ബാധിക്കുന്നുവെന്നും പാപ്പ പറഞ്ഞു. സന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലിമധ്യേ നിയമാവർത്തന പുസ്തകത്തെ ആധാരമാക്കി വചനസന്ദേശം നൽകുകയായിരുന്നു പാപ്പ.
‘ദൈവകപകളെ വിസ്മരിച്ചാൽ പിന്നെ സ്മൃതിഭ്രംശം സംഭവിച്ചപോലെ വ്യക്തി പെരുമാറുന്നു. ദൈവികനന്മകളും അവിടുന്നു ചെയ്ത വൻകാര്യങ്ങളും മറന്ന് നന്ദിയില്ലാത്തവനായി ജീവിക്കുന്നു. തനിക്കു കുഴപ്പമൊന്നും ഇല്ലാത്ത മട്ടിൽ കിട്ടിയ നന്മകളൊക്കെ സൗകര്യാർത്ഥം തളളിപ്പറയുകയും ഒരു കൃപയും ലഭിക്കാത്തപോലെ ജീവിക്കുകയും ചെയ്യുന്നു. ഉള്ളതെല്ലാം ഇക്കൂട്ടർ സ്വന്തം നേട്ടമായും സ്വന്തം വൈഭവമായും അവതരിപ്പിക്കുന്നു,’ ദൈവ കൽപ്പനകൾ ആദരിക്കാതെ വിഗ്രഹാരാധകരായി മാറിയ ഇസ്രായേലിൻറെ ചരിത്രകഥയെ ആധാരമാക്കി പാപ്പ ചൂണ്ടിക്കാട്ടി.
ആന്തരിക വിശുദ്ധിയില്ലാത്ത ഇത്തരക്കാർ ദൈവിക സാന്നിധ്യത്തിന്റെ ഉൾധ്വനി കേൾക്കാതെ പോവുന്നു. ദൈവകൃപയെ ഓർമിക്കാത്തവർ ദൈവികനന്മകൾക്കു നന്ദിയില്ലാത്തവരാണ്. തുറവില്ലാത്ത ഹൃദയങ്ങൾക്കാണ് വഴിതെറ്റുന്നത്. ലക്ഷ്യബോധം നഷ്ടപ്പെട്ടവർ പിന്നെ അവർക്ക് ഇഷ്ടമുള്ള വഴികളാണ് തിരഞ്ഞെടുക്കുന്നത്. അവർ നന്മയുടെ ജീവിതകൽപ്പനകൾ ആദരിക്കാതെയും ചെവിക്കൊള്ളാതെയും ജീവിക്കുന്നു.
ഈ നോമ്പുകാലത്ത് ദൈവിക നന്മകളെക്കുറിച്ചും അവിടുത്തെ കൽപ്പനകളെക്കുറിച്ചും ഓർമയുള്ളവരായി ജീവിക്കാനുളള കൃപയ്ക്കായി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യാം. അത് ദൈവത്തെക്കുറിച്ചും ദൈവിക നന്മകളെക്കുറിച്ചുമുള്ള അവബോധമാണ്. ജീവിതത്തിൽ ദൈവം നൽകിയ നന്മകൾ അനുസ്മരിച്ചും അവിടുത്തേയ്ക്ക് നമ്മോടുള്ള സ്നേഹവാത്സല്യങ്ങൾ ഓർത്തും നന്ദിയുള്ളവരായി ജീവിക്കാം. ഇത് ആത്മീയ ആനന്ദത്തിന്റെ അവസ്ഥയാണെന്നും പാപ്പ കൂട്ടിച്ചേർത്തു.