വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളുക! (SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

നോമ്പുകാലം രണ്ടാം ഞായര്‍ സുവിശേഷ സന്ദേശം

ആചാരാനുഷ്ഠാനങ്ങളുടെ മതത്തില്‍ നിന്ന് സേവനാധിഷ്ഠിതമായ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത് യേശുവാണ്. അപരനെ യേശുവിന്റെ പ്രതിരൂപമായി കണ്ട് അവന് സേവനം ചെയ്യണം എന്ന് യേശു ആവശ്യപ്പെട്ടു. പ്രവര്‍ത്തികളില്‍ നിന്നാണ് ഒരാള്‍ ക്രിസ്തുശിഷ്യനാണോ അല്ലയോ എന്ന് അറിയുന്നത്. യേശുവിന്റെ ശി്ഷ്യരാണെന്ന് മേനി നടിക്കുന്നവരും മറ്റുള്ളവരെ വഴിതെറ്റിക്കുന്നവരും ശിക്ഷിക്കപ്പെടും. അത്തരം വ്യാജ മതനേതാക്കള്‍ക്കെതിരെ ക്രിസ്ത്യാനികള്‍ കരുതിയിരിക്കണം എന്ന് യേശു മുന്നറിയിപ്പ് നല്‍കുന്നു. നമ്മുടെ വിശ്വാസം ഉറപ്പിച്ചിരിക്കുന്ന പാറ യേശുവാണ്. നമ്മുടെ വിശ്വാസവും ദൈവത്തോടുള്ള വിശ്വാസ്തതയും വെല്ലുവിളിക്കപ്പെടുമ്പോഴെല്ലാം യേശുവാകുന്ന പാറമേല്‍ നമുക്ക് ഉറച്ചു നില്‍ക്കാം.

 

ബൈബിള്‍ വായന
മത്തായി 7: 15 – 27

“ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളുക. ഉള്ളില്‍ അവര്‍ കടിച്ചു ചീന്തുന്ന ചെന്നായ്ക്കളാണ്. ഫലത്തില്‍ നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്ന് മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിന് നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും. അവരുടെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ അവരെ അറിയും.

കര്‍ത്താവേ കര്‍ത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. അന്ന് പലരും എന്നോട് ചോദിക്കും, കര്‍ത്താവേ, കര്‍ത്താവേ, ഞാന്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുയും നിന്റെ നാമത്തില്‍ നിരവധി അത്ഭുതങ്ങള്‍ ചെയ്യുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോട് പറയും, നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല. അനീതി പ്രവര്‍ക്കുന്നവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്നു പോകുവിന്‍. എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യന് തുല്യം. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അത് വീണില്ല. എന്തു കൊണ്ടെന്നാല്‍, അത് പാറ മേല്‍ സ്ഥാപിതമായിരുന്നു.”

സുവിശേഷ വിചിന്തനം

എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ മണപ്പുറത്ത് ഭവനം പണിത ഭോഷന് തുല്യം ആയിരിക്കും. ഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. അതു വീണു പോയി. അതിന്റെ വീഴ്ച വലുതായിരുന്നു.

മേലെ കൊടുത്തിരിക്കുന്ന വചനഭാഗം മലയിലെ പ്രസംഗത്തിന്റെ അവസാനഭാഗമാണ്. മത്തായിയുടെ സുവിശേഷത്തില്‍ 5 മുതല്‍ 7 വരെയുള്ള അധ്യായങ്ങളിലാണ് മലയിലെ പ്രസംഗം. യേശു വീണ്ടും വരുന്നതു വരെ യേശുവിന്റെ ശിഷ്യന്മാര്‍ എങ്ങനെ ജീവിക്കണം എന്നതിന് മാര്‍ഗനിര്‍ദേശമാണ് ഈ വചനങ്ങള്‍.

വ്യാജപ്രവാചകന്‍മാര്‍ക്കെതിരെ കരുതിയിരിക്കാന്‍ യേശു ആവശ്യപ്പെടുകയാണ്. പ്രവാചകര്‍ ദൈവത്തിന്റെ പ്രതിനിധികളും വക്താക്കളുമാണ്. പ്രവാചകന്മാര്‍ക്ക് സമൂഹത്തില്‍ ആദരണീയമായ സ്ഥാനം ലഭിക്കുന്നതിനാല്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും പ്രവാചകന്മാരെ പോലെ അഭിനയിച്ച് ജനങ്ങളെ വഴിതെറ്റിക്കുന്ന പലരുമുണ്ട്. ഈ ആധുനിക കാലത്തും അപ്പസ്‌തോലികമായ യാതൊരു പിന്‍തുടര്‍ച്ചയുമില്ലാതെ വന്ന് സ്വന്തമായി സഭകള്‍ ആരംഭിക്കുന്ന വ്യാജപ്രവാചകരുണ്ട്. എളുപ്പവഴിക്ക് സ്വര്‍ഗരാജ്യം സ്വന്തമാക്കാം എന്ന് അവര്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇത്തരക്കാരില്‍ പലരും സ്വാര്‍ത്ഥ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്.

വ്യാജപ്രവാചകന്മാരെ ചെന്നായ്ക്കളോടാണ് ഉപമിച്ചിരിക്കുന്നത്. ജറുസലേമിലെ ദുഷ്ടരായ ഭരണകര്‍ത്താക്കളെ കുറിച്ച് എസെക്കിയേല്‍ പ്രവാചകന്‍ പറയുന്നുണ്ട്: ‘അവളിലെ പ്രമാണികള്‍ ഇരയെ കടിച്ചു ചീന്തുന്ന ചെന്നായ്ക്കളെ പോലെയാണ്. കൊള്ളലാഭമുണ്ടാക്കുന്ന അവര്‍ രക്തം ചൊരിയുകയും ജീവന്‍ നശിപ്പിക്കുകയും ചെയ്യുന്നു’ (എസെ. 22: 27). ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്ന പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു എന്ന് മത്തായിയുടെ സുവിശേഷത്തില്‍ യേശു പറയുന്നുണ്ട്. (മത്താ. 10: 16). കടിച്ചു ചീന്തുന്നവരാണ് ഈ ചെന്നായ്ക്കള്‍.

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ സൂക്ഷിക്കുക

പലപ്പോഴും ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെയാണ് വ്യാജപ്രവാചകന്മാര്‍. അവര്‍ പുറമെ അണിയുന്ന വസ്ത്രം കൊണ്ടോ അവരുടെ ഭാഷ കൊണ്ടോ അവരെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കുകയില്ല. പ്രവാചകന്മാരുടെ വസ്ത്രവും ഭാഷയുമാണ് അവര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ അവരുടെ മനോഭാവവും ശുശ്രൂഷയിലുള്ള അവരുടെ ലക്ഷ്യങ്ങളും പരിശോധിച്ചാല്‍ നമുക്ക് അവരെ കണ്ടുപിടിക്കാന്‍ സാധിക്കും.

ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ അവരെ തിരിച്ചറിയും എന്ന് യേശു പറയുന്നു. മുള്‍ച്ചെടിയില്‍ നിന്ന് മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? ക്രിസ്ത്യാനികള്‍, പ്രത്യേകിച്ച് നേതാക്കന്മാര്‍ തിരിച്ചറിയപ്പെടുന്നത് അവരുടെ പ്രവര്‍ത്തികളില്‍ നിന്നാണ്. അവരുടെ പ്രവര്‍ത്തികള്‍ അളക്കപ്പെടുന്നത് അന്ത്യവിധി ദിവസത്തില്‍ യേശു നല്‍കുന്ന മാനദണ്ഡം ഉപയോഗിച്ചാണ്. ഈ ചെറിയവരില്‍ ഒരുവന് ഇത് ചെയ്തപ്പോഴെല്ലാം… (മത്താ. 25: 40). ചെയ്യാതിരുന്നവരെല്ലാം നിത്യനരകാഗ്നിയിലേക്കു പോവകയും ചെയ്യും.

കൊയ്ത്തു വരെ നല്ലതും ചീത്തയുമായവ ഒരുമിച്ചു വളരാന്‍ ദൈവം അനുവദിക്കുന്നു.(മത്താ. 13: 24-30). ദൈവം പാപികള്‍ക്ക് പശ്ചാത്തപിക്കാനും മനസ്സ് തിരിയാനും സമയം കൊടുക്കുന്നതിനാല്‍ ഉടനെ ശിക്ഷ ഉണ്ടാവുകയില്ല. ക്രിസ്ത്യാനി എന്ന നിലയില്‍ നിന്റെ സ്ഥാനം എത്ര ഉന്നതമാണോ അത്രയും അധികമാണ് നിന്റെ ഉത്തരവാദിത്വം. അത്ര അധികം ഫലം നീ പുറപ്പെടുവിക്കണം.

വ്യാജപ്രവാചകന്മാര്‍ അന്വേഷിക്കുന്നത് വ്യക്തിപരമായ നേട്ടങ്ങളും ജനസമ്മതിയും ആണ്. അവര്‍ അവതരിപ്പിക്കുന്നത് സ്വന്തമായ കാഴ്ചപ്പാടുകളാണ്. അവരെ പിന്തുടരരുത്.

കര്‍ത്താവേ, കര്‍ത്താവേ എന്ന് വിളിക്കുന്നവരല്ല…

പരസ്‌നേഹമില്ലാതെ അധരവ്യായാമം ചെയ്യുന്നവരും കരുണയില്ലാതെ ബലിയര്‍പ്പിക്കുതും ദൈവസന്നിധിയില്‍ സ്വീകാര്യമല്ല. ക്രിസ്തുശിഷ്യന്‍ ദൈവപിതാവിന്റെ ഹിതം നിര്‍വഹിക്കേണ്ടവനാണ്. അനേകര്‍ വന്ന് പറയും, ഞാന്‍ നിന്റെ നാമത്തില്‍ പ്രവചിച്ചില്ലേ? നി്‌ന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കിയില്ലേ? നിന്റെ നാമത്തില്‍ അത്ഭുതം ചെയ്തില്ലേ? എന്നാല്‍ യേശുവിന്റെ രണ്ടാം വരവില്‍, അവിടുത്തെ സേവനം ചെയ്തു എന്നു കരുതുന്നവര്‍ പോലും പുറംതള്ളപ്പെടും എന്നതാണ് വാസ്തവം. ക്രിസ്തുമതത്തിലെ മൂന്ന് പ്രധാന ശുശ്രൂഷകളെ പറ്റിയാണ് ഇവിടെ യേശു പറഞ്ഞിരിക്കുന്നത്. പ്രവാചകരും, രോഗസൗഖ്യം നല്‍കുന്നവരും, അത്ഭുതപ്രവര്‍ത്തകരും. അവരുടെ ഉദ്ദേശ്യം പരിശോധിക്കപ്പെടും. സ്വന്തം മഹത്വത്തിന് വേണ്ടിയാണോ അതോ ദൈവഹിതം നിറവേറ്റുന്നതിനാണോ എന്ന് ദൈവം അവരെ പരിശോധിക്കും. ക്രിസ്ത്യാനി താന്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികളുടെ മഹത്വം സ്വീകരിക്കരുത്. ദൈവം അവന് പ്രതിഫലം തരും.

രണ്ടാം വരവില്‍ യേശു വ്യാജപ്രവാചകരോട് പറയും, അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങളെ ഞാന്‍ അറിയുന്നില്ല. നിങ്ങള്‍ അകന്നു പോവുക. അവിശ്വസ്തനായ കാര്യസ്ഥനെ കുറിച്ച് പറയുമ്പോഴും യേശു ഈ പ്രയോഗം ഉപയോഗിക്കുന്നുണ്ട്. വ്യാജപ്രവാചകന്മാരെ അനീതി പ്രവര്‍ത്തിക്കുന്നവരേ എന്നാണ് യേശു വിളിക്കുന്നത്.

യേശുവിന്റെ വചനങ്ങള്‍ കേള്‍ക്കുക മാത്രം ചെയ്തതു കൊണ്ട് കാര്യമില്ല. ആ വചനങ്ങള്‍ കേട്ട് അതനുസരിച്ച് പ്രവര്‍ക്കുന്നവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍. യേശുവാകുന്ന പാറമേല്‍ ജീവിതം പണിതാല്‍ പേമാരി പെയ്യുകയും കൊടുങ്കാറ്റടിക്കുകയും ചെയ്താലും ഭവനം തകര്‍ന്നു വീഴുകയില്ല. യേശുവിന്റെ വചനങ്ങള്‍ കേള്‍ക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരാണ് പാറമേല്‍ ഭവനം പണിതവര്‍. പീഡനങ്ങളെയും ലോകത്തിന്റെ ആകര്‍ഷണത്തെയും അവര്‍ അതിജീവിക്കും.

സന്ദേശം

1. വ്യാജ ക്രൈസ്തവ വിഭാഗങ്ങളുടെ ആകര്‍ഷണീയതയില്‍ ചെന്നു വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. പത്രോസ് ആകുന്ന ശിലയില്‍ പണിതുയര്‍ത്തപ്പെട്ട കത്തോലിക്കാ സഭയില്‍ നിന്ന് ആരും നിങ്ങളെ വഴിതെറ്റിച്ച് കൊണ്ടു പോകാതിരിക്കാന്‍ സൂക്ഷിക്കുക.

2. യഥാര്‍ത്ഥ ക്രിസ്തുമതം വചനത്തില്‍ അധിഷ്ഠിതവും പരസ്‌നേഹപ്രവര്‍ത്തികളില്‍ വെളിപ്പെടുന്നതുമാണ്. നമ്മുടെ നല്ല പ്രവര്‍ത്തികള്‍ കണ്ടാണ് നാം ക്രിസ്ത്യാനികളാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കേണ്ടത്.

3. നാം ക്രിസ്ത്യാനികളെന്ന നിലയില്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തു തന്നെയായാലും അവ ദൈവത്തിന്റെ ദാനമായി കാണുകയും ദൈവത്തിന് മഹത്വം നല്‍കുകയും വേണം. നമ്മുടെ ഉള്ളിലെ നല്ല ചിന്തകള്‍ പോലും ദൈവത്തിന്റെ ദാനമാണ്.

4. ഈ നോമ്പു കാലത്ത്, ദൈവത്തിന് സ്വീകാര്യമാകും വിധം നാം നമ്മുടെ ജീവിതവും പ്രവര്‍ത്തികളും പുനര്‍ക്രമീകരിക്കണം.

പ്രാർത്ഥന

സത്യം തന്നെയായ യേശുനാഥാ,

സത്യവിശ്വാസികളെ വിഴുങ്ങാന്‍ വല വിരിച്ചിരിക്കുന്ന വ്യാജപ്രവാചകന്മാര്‍ക്കെതിരെ ജാഗ്രത പാലിക്കാനും അവരെ പരിശുദ്ധാത്മാവിന്റെ വിവേചനാവരത്താല്‍ തിരിച്ചറിഞ്ഞ് അകറ്റി നിറുത്തുവാനുമുള്ള കൃപാവരം ഞങ്ങള്‍ക്ക് നല്കണമേ. കേവലം നിയമാധിഷ്ഠിതമായി ജീവിക്കാതെ സഹോദരങ്ങള്‍ക്ക് സേവനം ചെയ്തു ജീവിക്കാനുള്ള വരവും ഞങ്ങള്‍ക്ക് നല്‍കിയരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles