തിരക്കില്‍ നിന്ന് ഒഴിഞ്ഞു മാറൂ: ക്രിസ്ത്യാനികളോട് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: തിരക്കു പിടിച്ച് ഓടുകയാണ് ഈ ലോകം. എല്ലാവര്ക്കും തിരക്കാണ്. ജീവിതത്തിന്റെ തിരക്കില്‍ നിന്ന് ഒഴിഞ്ഞുമാറാനും അര്‍ത്ഥശൂന്യമായ കാര്യങ്ങള്‍ ഉപേക്ഷിച്ച് ജീവിതത്തിന് അത്യാവശ്യമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ക്രിസ്തുവിശ്വാസികളോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം.
വിഭൂതി ബുധനാഴ്ച വി. കുര്‍ബാന മധ്യേ സന്ദേശം നല്‍കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. നോമ്പുകാലം ആത്മാവിനോട് ഉണര്‍ന്ന് തന്നിലേക്ക് മടങ്ങാനുള്ള ദൈവത്തിന്റെ ആഹ്വാനമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
ഓരോ നോമ്പുകാലത്തിലും ദൈവം നമ്മെ വിളിക്കുകായാണ്, ഉറക്കമുണര്‍ന്ന് എന്നിലേക്ക് വരൂ! നാം മടങ്ങി വരേണ്ടതുണ്ടെങ്കില്‍ അതിനര്‍ത്ഥം നാം ഒരുപാട് ദൂരേക്ക് ഓടിപ്പോയി എന്നാണ്, പാപ്പാ വിശദമാക്കി.
നാം എവിടേക്കാണ് പോകേണ്ടതെന്ന് കണ്ടിപിടിക്കേണ്ട സമയമാണ് നോമ്പുകാലം. ജീവിതത്തിന്റെ ദിശ കണ്ടെത്തേണ്ട സമയമാണത്. നമ്മുടെ ജീവിതലക്ഷ്യത്തില്‍ നിന്ന് കണ്ണെടുക്കാതിരിക്കുകയാണ് അത്യാവശ്യം.
ഈ യാത്രയില്‍ നാം മറ്റ് അപ്രധാനമായ കാര്യങ്ങളില്‍ കുടുങ്ങി ലക്ഷ്യം തെറ്റിയാല്‍ നാം മുന്നോട്ട് പോവുകയില്ല. മുന്നോട്ട് പോകുന്നതിലാണോ നിങ്ങള്‍ക്കു താല്പര്യം, അതോ ഈ നിമിഷത്തിലെ ചെറിയ സന്തോഷങ്ങളില്‍ കുടുങ്ങി അല്പം തമാശയൊക്കെയായി കഴിഞ്ഞു കൂടുന്നതിലാണോ, പാപ്പാ ചോദിച്ചു.
നമ്മുടെ യാത്രയുടെ ലക്ഷ്യം കര്‍ത്താവാണ് എന്ന ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. ഈ ലോകത്തിലൂടെയുള്ള നമ്മുടെ യാത്രയുടെ ലക്ഷ്യം കര്‍ത്താവാണ്. നമ്മുടെ ദിശ കര്‍ത്താവിലേക്ക് നയിക്കുന്നതായിരിക്കണം, പാപ്പാ കൂട്ടിച്ചേര്‍ത്തു.