ഉപവാസം ഓര്‍മയും മറവിയുമാണ്
ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം വേണ്ടെന്നു വയ്ക്കുന്നത് അല്പത്തരമോ മണ്ടത്തരമോ ആയി കണ്ടാണ് നമുക്ക് ശീലം. കള്ള് കുടിക്കണമെന്ന് തോന്നുമ്പോള്‍ കള്ള് കുടിക്കുക, ഭോഗിക്കണമെന്ന് തോന്നുമ്പോള്‍ ഭോഗിക്കുക, തല്ലണമെന്നു തോന്നുമ്പോള്‍ തല്ലുക… എന്തെല്ലാം തോന്നുന്നോ അതെല്ലാം അപ്പോള്‍ തന്നെ ചെയ്യുക എന്ന മട്ടിലുള്ള ഇംപള്‍സീവ് ആയുള്ള പ്രതികരണങ്ങളുടെ കാലത്തില്‍ അത്ര എളുപ്പമല്ല, ത്യാഗത്തെ മനസ്സിലാക്കാന്‍. ദൈവരാജ്യത്തെ പ്രതിയുള്ള ഉപേക്ഷകളെ ഗ്രഹിക്കുവാന്‍.
ഹൃദയത്തിന്റെ ആഴത്തില്‍ ഉപേക്ഷയുടെ വേദന അനുഭവപ്പെടുവോളം ആസ്വാദ്യകരമായ ഒരു കാര്യം വേണ്ടെന്നു വയ്ക്കണമെങ്കില്‍ ഉള്ളില്‍ വേറൊരു അഗ്നി വേണം. വേറൊരു സവിശേഷമായ ലഹരി. അങ്ങനെയും ചിലതൊക്കയുണ്ട്, ഈ ആയുസ്സില്‍. തോന്നുന്നതെല്ലാം തോന്നുന്ന സമയത്ത് ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള കാലത്തില്‍, മനോഭാവത്തില്‍, ചില ഉയര്‍ന്ന ലക്ഷ്യങ്ങള്‍ക്കായി സ്വയം തീര്‍ക്കുന്ന ചില ആത്മനിയന്ത്രണങ്ങള്‍ അത്ര എളുപ്പമല്ല മനസ്സിലാക്കാന്‍.
മകന് വിട്ടു മാറാത്ത രോഗബാധയുടെ ചങ്ങലയില്‍ കിടക്കുമ്പോള്‍ അവന്റെ നെഞ്ചിലെ തീയണയാന്‍ സ്വമേധയാ ചില സ്വകാര്യ സന്തോഷങ്ങളെ വേണ്ടെന്നു വയ്ക്കുന്ന എത്രയോ അപ്പന്മാരും അമ്മമാരും നമുക്കിടയിലുണ്ട്. ചില വേണ്ടെന്നു വയ്ക്കലുക ളൊക്കെ സാധ്യമാണ് മനുഷ്യന്. അതിന് ഉള്ളില്‍ കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെ പ്രകാശമുണ്ടായാല്‍ മതി. പ്രണയത്തിനു വേണ്ടി രാജകൊട്ടാരങ്ങള്‍ വേണ്ടെന്നു വച്ചവരുടെ കഥകള്‍ നമുക്കിപ്പോഴും വായിക്കാം, വിശ്വസിക്കുകയും ആവാം. അങ്ങനെയെങ്കില്‍, ക്രിസ്തു എന്നൊരു ആവേശത്തിന്റെയോ ലഹരിയുടെയോ പേരില്‍ ചില വലിയ സന്തോഷങ്ങളും സൗഭാഗ്യങ്ങളും വേണ്ടെന്ന് വയ്ക്കാന്‍ മനുഷ്യന് കഴിയും എന്ന് വിശ്വസിക്കാന്‍ തീര്‍ച്ചയായും കാരണമുണ്ട്.
എല്ലാം അനുഭവിക്കാനും ആസ്വദിക്കാനും ചുറ്റുമുള്ള എല്ലാ വാതിലുകളും തുറന്നു കിടക്കുന്ന കാലത്തിലാണ് നോമ്പ്, ഉപവാസം എന്നീ സുകൃതങ്ങള്‍ വെല്ലുവിളി നേരുന്നതും അതോടൊപ്പം സാന്ദ്രത കൈവരിക്കുന്നതും. കാഴ്ചകളും കേള്വികളും പാതി മറഞ്ഞു കിടക്കുന്ന ഒരു ആവൃതിക്കുള്ളില്‍ വസിക്കുമ്പോള്‍ ചിലപ്പോള്‍ ഒരു ശീലം പോലെ ഉപേക്ഷകള്‍ കൂടുതല്‍ എളുപ്പമാണ്. എന്നാല്‍, വര്‍ണക്കാഴ്ചകളുടെ ലോകം നിങ്ങളുടെ മുന്നില്‍ തുറന്നു കിടക്കുമ്പോള്‍ അത് വെല്ലുവിളിയാകുന്നു. അപ്പോഴാണ് ക്രിസ്തു എന്ന ഉരകല്ല് പ്രസക്തമാകുന്നത്. ഭക്ഷണം മാത്രമല്ല, ദേഹത്തിന്റെയും ദേഹിയുടെയും മോഹങ്ങള്‍. അധികാര ഭ്രമങ്ങള്‍. മാധ്യമങ്ങളിലൂടെ സുലഭമായി ഒഴുകിയെത്തുന്ന സുഖാലസ്യക്ഷണങ്ങള്‍. എല്ലാം കൈയെത്തും ദൂരത്തുള്ള കാലമാണിത്. എങ്ങനെ നേരിടും? ത്യാഗം എന്നത് നോമ്പുകാലത്തിന്റേതു മാത്രമാക്കി ചുരുക്കേണ്ട. അത് ഒരു ജീവിതചര്യയാകുന്നില്ലെങ്കില്‍, ജീവിതം ആസകലം ചൂഴുന്ന ഒരു ചൈതന്യമാകുന്നില്ലെങ്കില്‍ എന്തു കാര്യം? വായില്‍ വെള്ളമൂറി കൊണ്ട് ഈസ്റ്റര്‍ മണി കേള്‍ക്കാന്‍ കാതോര്‍ത്ത് വിശുദ്ധവാരം തള്ളി നീക്കുന്നതിനേക്കാള്‍ നല്ലത് വിഭവസമൃദ്ധമായ സദ്യകഴിച്ച് സംതൃപ്തമായ മനസ്സോടെ ക്രിസ്തുവിനെ ഓര്‍ക്കുന്നതു തന്നെയാണ്!
വേറൊരപകടമുണ്ട്. ആത്മനിഷേധം സ്നേഹനിഷേധമായി പരിണമിക്കുന്ന അപകടം. സ്നേഹം ഓരോ മനുഷ്യന്റെയുള്ളിലും ഒരു പ്രവാഹമാണ്. അതിനെ തടഞ്ഞു നിര്‍ത്തുകയല്ല, അര്‍ഹരായ മനുഷ്യരിലേക്ക് ചാലുകീറി വിടുകയാണ് നോമ്പിന്റെയും ത്യാഗത്തിന്റെയും ലക്ഷ്യം. അതു കൊണ്ടാണ് നിങ്ങള്‍ ഉപവസിക്കുമ്പോള്‍ മുഖം പ്രസന്നമാക്കുവിന്‍ എന്ന് ക്രിസ്തു പറയുന്നത്. ഗൗരവപൂര്‍വം വായിക്കേണ്ട വരികളാണിവ. ലോവര്‍ പ്രൈമറി പഠിച്ച കോണ്‍വെന്റ് സ്കൂളിലെ പ്രധാന അധ്യാപിക ഒരു കന്യാസ്ത്രീ ആയിരുന്നു. അവരുടെ പേര് കേട്ടാല്‍, കുട്ടികള്‍ ഭയന്നു വിറയ്ക്കുമായിരുന്നു. ആ നാല് വര്‍ഷത്തിലൊരിക്കലും ഞാന്‍ അവരെ ഉരുട്ടുന്ന കണ്ണുകളോടെ അല്ലാതെ ചിരിച്ചു കണ്ടിട്ടില്ല. അന്ന് മനസ്സിലാക്കാന്‍ പ്രായമായിരുന്നില്ല. എന്നാല്‍ ഇന്ന് മനസ്സിലാകുന്നുണ്ട്! ഉപേക്ഷിച്ചതെല്ലാം ആര്‍ക്കു വേണ്ടിയായിരുന്നു? ചില സ്നേഹങ്ങളുടെ സാധ്യതകളെയും അതിന്റെ ഫലമായ സുഖങ്ങളെയും ഉപേക്ഷിക്കുമ്പോള്‍ സ്നേഹത്തെ ഉപേക്ഷിച്ചാല്‍ അതിനെക്കാള്‍ വലിയൊരു ദുരന്തമില്ല! പ്രസന്നവദനരായി ഉപവസിക്കണം എന്ന വചനം ജീവിതത്തിന് മുഴുവന്‍ ബാധകമാണ്!
ഹെര്‍മന്‍ ഹെസ്സേയുടെ ‘സിദ്ധാര്‍ത്ഥ’ എന്ന നോവല്‍ കൗമാരത്തില്‍ അതിതീവ്രമായ നിഷ്ഠകള്‍ കൊണ്ട് ജീവിതം തീവ്രമാക്കിയ ഒരാളുടെ കഥ പറയുന്നു. തപോബലത്താല്‍ എന്തും സാധ്യമെന്ന് അഹങ്കാരം വളരുവോളം ആത്മനിഷേധം നടത്തിക്കഴിഞ്ഞു എന്ന് മിഥ്യാധാരണയില്‍ അഭിരമിച്ച ഒരു ശമനന്‍. ഒരിക്കല്‍ ഒരു വഴിപാടിന്റെ വെളിച്ചത്തില്‍ അയാള്‍ തിരിച്ചറിയുന്നു, ത്യാഗം എന്ന് കരുതിയ എല്ലാത്തിനും മേലെ താന്‍ അഹത്തെയാണ് പൂജിക്കുന്നതെന്ന്. ഞാന്‍ നാല്പതു ദിവസം ഉപവസിച്ചു എന്നൊക്കെ വമ്പു പറയുന്ന ചിലരെ കണ്ടിട്ടുണ്ട്. ആ ബോധം മനസ്സില്‍ അഹന്തയായി പ്രതിഷ്ഠിതമായ നിമിഷം മുതല്‍ അയാളുടെ ഉപവാസങ്ങള്‍ ഫലശൂന്യമാകുന്നു. ക്രിസ്തു വീണ്ടും വീണ്ടും മാറത്തടിച്ചു മാറി നില്ക്കുന്ന ആ ചുങ്കക്കാരനെ ചൂണ്ടിക്കാണിക്കുന്നു. അയാള്‍, അയാള്‍ മാത്രം ദൈവത്തിന്റെ ഹൃദയത്തെ തൊട്ടു. ഉപവാസങ്ങള്‍ക്ക് വ്യത്യസ്ഥമായൊരു മാനമാണ് ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയിലൂടെ ക്രിസ്തു നല്‍കുന്നത്. കൊണ്ടാടിയ ഉപവാസത്തിന്റെയും നോമ്പിന്റെയും കണക്കു പറയുന്നവര്‍ കേട്ടു കണ്തുറക്കേണ്ട നേരിന്റെ ശീലുകള്‍!
നിന്റെ കൂടെ ഇരിക്കുമ്പോള്‍ ഞാന്‍ ഉണ്ണാന്‍ മറന്നു പോകുന്നു! അത്ര പ്രിയങ്കരമാണ് നിന്റെ സാന്നിധ്യം. സത്യത്തില്‍ ഇത്രയേയുള്ളൂ, എല്ലാ ഉപവാസവും. മറ്റെല്ലാം ഒരു നിമിഷം മറന്നു പോകുകയാണ് ഉപവാസം. സ്വര്‍ഗത്തില്‍ വിശപ്പില്ല, ദാഹമില്ല എന്നൊരു സങ്കല്പമുണ്ട്. ആനന്ദത്തിന്റെ സാമീപ്യത്തില്‍ ഭക്ഷിക്കാനും പാനം ചെയ്യാനും മറന്നു പോകുന്നതാണ്. ക്രിസ്തുവിന്റെ പ്രഭാഷണം കേട്ടിരുന്നവര്‍ വിശപ്പിനെ മറന്നു പോയതായി സുവിശേഷങ്ങളില്‍ വായിക്കുന്നുണ്ട്. അവരാരും പറഞ്ഞില്ല, തങ്ങള്‍ക്കു വിശക്കുന്നു എന്ന്. അവസാനം ക്രിസ്തു തന്നെ പറയുകയായിരുന്നു, അവര്‍ക്ക് എന്തെങ്കിലും ഭക്ഷിക്കാന്‍ കൊടുക്കണം എന്ന്. ബഥനിയിലെ മറിയത്തിന് സംഭവിച്ചതും ഈയൊരു മറവിയാണ്. അവള് മര്‍ത്തായെ സഹായിക്കാതിരുന്നതല്ല, ഒരു ദിവ്യസാന്നിധ്യത്തിനു മുന്നില്‍ മതിമറന്നുപോയതാണ്!
ഈ മതിമറവി ഇല്ലാതെ പോകുന്ന ഉപവാസങ്ങള്‍ മണലാരണ്യം പോലെ വരണ്ടു പോകുന്നു. മുഖം വാടുന്നു. പ്രതികരണങ്ങള്‍ കോപിഷ്ഠവും ഹൃദയശൂന്യവും ആകുന്നു. അവസാനം ബാക്കി വരുന്നതാകട്ടെ, ഫരിസേയന്റെതു പോലെ ഒരു കണക്കു പറച്ചില് മാത്രം. ദൈവത്തിന്റെ മുന്നില്‍ കണക്കു പറച്ചില് പോലെ വിഡ്ഢിത്തം വേറെ എന്തുണ്ട്! നമുക്ക് വീണ്ടെടുക്കേണ്ടത് ഈ സ്നേഹാര്‍ദ്രമായ മറവികളെയാണ്. തീവ്രമായ സ്നേഹത്തിന്റെ ഓര്‍മയാണ് ഈ മറവിയുടെ മറുപുറം എന്നതാണ് ഇതിലെ ഏറ്റവും സുന്ദരമായ രഹസ്യം!
~ അഭിലാഷ് ഫ്രേസര്‍ ~