നോമ്പാചരണം ആത്മീയമാക്കാന്‍…
ആശയടക്കുക എന്ന വാക്ക് പരിചിതമാണ്. എന്നാല്‍ എത്രത്തോളം ഇത് ആത്മീയ ജീവിതത്തില്‍ പ്രാവര്‍ത്തികമാകുന്നുണ്ട് എന്ന് ചിന്തിക്കാറുണ്ടോ? ഉപവാസം ആശയടക്കം, മാംസാഹാര വര്‍ജ്ജനം, ആഡംബരങ്ങ ള്‍ ഒഴിവാക്കല്‍ എന്നിവയിലൂടെയാണ് നോമ്പ് ആചരിക്കുന്നത്. നോമ്പ് കാലത്ത് വീടുകളില്‍ ഇറച്ചിയും മീനും ഒക്കെ ഉപയോഗിക്കുന്ന പതിവ് മാറി പച്ചക്കറികളിലേക്ക് മാറുന്നു. ഇതാണ് പൊതുവേ നമ്മള് കാണാറുള്ള നോമ്പാചരണം. ഇതിലെ ആത്മാര്‍ഥതയെ ആണ് പരിശോധിക്കേണ്ടതും ആത്മ വിചിന്ത നത്തിലൂടെ മാറ്റങ്ങള്‍ വരുത്തേണ്ടതും. എന്തൊക്കെ വര്‍ജിക്കണം എന്നതിന് കൃത്യമായ രൂപ രേഖകള്‍ ഇല്ലെങ്കിലും വ്യക്തിപരമായി നമുക്ക് എന്തൊക്കെ താല്പര്യങ്ങള് ഉണ്ടോ അതൊക്കെ നല്ല രീതിയില്‍ നിയോഗം വച്ച് അമ്പത് ദിവസത്തേക്ക് വര്ജ്ജിക്കുന്നതിലെ കൃപയിലാണ് നോമ്പിന്റെ വിജയവും.
നോമ്പിനു വിവിധങ്ങളായ രൂപങ്ങളുണ്ട്. എല്ലാവരും ചിലപ്പോള്‍ ഒരു പോലെ ആയിരിക്കില്ല നോമ്പ് എടുക്കുക. വെള്ളി ആഴ്ച ഒരു നേരം മാത്രം ആഹാരം കഴിക്കുക, സൂര്യാസ്തമയ സമയം വരെ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുക, നോമ്പ് കാലം മുഴുവന്‍ ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം മാത്രം ഉപേക്ഷിക്കുക തുടങ്ങി പണ്ട് മുതല്‍ തന്നെ നമ്മുടെ നോമ്പിന്റെ രീതികള്‍ ഭക്ഷണവുമായി മാത്രം ബന്ധപെട്ടിരിക്കുന്നു എന്നതും ചിന്തി ക്കേണ്ടതല്ലെ? ഭക്ഷണവും പാനീയവുമായി മാത്രം ബന്ധപ്പെട്ടതാകണം എന്നില്ല നോമ്പ് രീതികള്‍.
സഭയില്‍ എല്ലാവരും നോമ്പ് എടുക്കണമെന്നുള്ള നിര്‍ബന്ധമില്ല. നോമ്പ് ആചരിക്കുന്ന രീതികളില്‍ വ്യത്യസ്ത സമയ ക്രമങ്ങള്‍ ആണുള്ളത്. എല്ലാ സഭകളും എല്ലാവിധ നോമ്പുകളും ആചരിക്കാറില്ല. ഈ സൈബര്‍ കാലത്ത് എത്രത്തോളം നോമ്പാചരണം ആത്മീയ തലത്തില്‍ വൃത്തിയായി കൊണ്ട്പോകാം എന്ന് നമുക്ക് ആലോചിക്കാം.
- ഫേസ്ബുക്ക്, വാട്സപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെ ഉപയോഗം കുറയ്ക്കാം.
- ടിവിയില്‍ പതിവായി കാണുന്ന സീരിയലുകള്‍ കാണാതിരിക്കാന്‍ ശ്രമിക്കുക.
- ചെയ്യാന്‍ ഇഷ്ടമില്ലാത്ത നല്ല കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക.
- ബന്ധങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക. ആരോടെങ്കിലും വഴക്ക് ഉണ്ടെങ്കില്‍ സ്വയം തയ്യാറായി അവരോടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക.
- ഇറച്ചിയും മീനും ഇഷ്ടമില്ലാത്തവര്‍ നോമ്പ് കാലത്ത് അത് ഉപേക്ഷിക്കുന്നതില്‍ എന്ത് പ്രത്യേകതയാണ് ഉള്ളത്? അപ്പോള്‍ ഭക്ഷണത്തില്‍ ഇഷ്ടമില്ലാത്തവ കഴിക്കാന്‍ ശ്രദ്ധിക്കുക.
- വൈകി എഴുന്നേല്ക്കാന് ഇഷ്ടമുള്ളവര്‍ ഈ ദിവസങ്ങളില്‍ അര മണിക്കൂര്‍ എങ്കിലും നേരത്തെ എഴുന്നേല്ക്കുക.
- വീട്ടില്‍ അധികമൊന്നും ജോലികളില്‍ ഏര്‍പ്പെടാത്തവര്‍ ജോലികള്‍ ചെയ്യുന്നവരെ സഹായിച്ചു തുടങ്ങുക.
മേല്പറഞ്ഞവയൊക്കെ ചെയ്തു നോക്കാവുന്ന ചില കുഞ്ഞു വഴികള്‍ മാത്രം. ഈ നോമ്പ് ദിവസങ്ങള്‍ കൂടുതല്‍ ആത്മീയമായി ഉയരാന്‍ നമുക്ക് സാധിക്കട്ടെ.