പാക്കിസ്ഥാനിലെ മദര്‍ തെരേസ
സി. റൂത്ത് ഫാവു പാക്കിസ്ഥാനിലെത്തുന്നത് 1960 ലാണ്. അവരുടെ വരവിന് മുമ്പ് പാക്കിസ്ഥാനിലെ കുഷ്ഠരോഗികളുടെ അവസ്ഥ അത്യന്തം പരിതാപകരമായിരുന്നു. കഷ്ടതകളും യാതനകളും സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലും…
സി. റൂത്ത് ഫാവു ജര്‍മനിയിലെ ലെയ്പ്സിഗിലാണ് ജനിച്ചത്. 1929 ല്‍. രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധക്കെടുതികള്‍ അനുഭവിച്ച ബാല്യകാലം. യുദ്ധാനന്തരം ഫാവുവിന്റെ കുടുംബം ഈസ്റ്റ് ജര്‍മനിയില്‍ നിന്ന് വെസ്റ്റ് ജര്‍മനിയിലേക്ക് കുടിയേറി. അവിടെ ഫാവു മെഡിസിന് പഠിച്ചു.
1960 ലാണ് അവര്‍ പാക്കിസ്ഥാനിലെത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലേക്കുള്ള മാര്‍ഗമധ്യേ വിസ പ്രശ്നങ്ങള്‍ മൂലം അവര്‍ക്ക് കറാച്ചിയില്‍ തങ്ങേണ്ടതായി വന്നു. അവിടെ അവര്‍ കുഷ്ഠരോഗത്തിന്റെ കരാളമുഖം ദര്‍ശിച്ചു.
1961 ല്‍ റൂത്ത് ഇന്ത്യയിലേക്ക് യാത്രയായി. കുഷ്ഠരോഗചികിത്സയില്‍ വൈദഗ്ദ്യം നേടി കറാച്ചിയിലേക്ക് മടങ്ങി വന്നു. കറാച്ചിയിലെ ആദ്യത്തെ കുഷ്ഠരോഗ ചികിത്സാലയമായ മേരി അഡലെയ്ഡ് ലെപ്രസി സെന്റര്‍ അവര്‍ സ്ഥാപിച്ചു. 157 ബ്രാഞ്ചുകളിലായി 50000 ത്തിലേറെ കുഷ്ഠരോഗികളെ ഈ ആശുപത്രികള്‍ ചികിത്സിച്ചു. പാക്കിസ്ഥാനില്‍ കുഷ്ഠരോഗം നിര്‍മാര്‍ജനം ചെയ്യുന്നതില്‍ സി. റൂത്ത് നിര്‍ണായക പങ്കു വഹിച്ചു.
ഒരു കാലത്ത് കുഷ്ഠം ബാധിച്ച കുഞ്ഞുങ്ങളെ അവരുടെ മാതാപിതാക്കള്‍ ഗുഹകളിലേക്കും കന്നുകാലി തൊഴുത്തിലേക്കും ആട്ടിയോടിച്ചിരുന്നു. അത്തരം നിരവധി കുട്ടികളെ സി. റൂത്ത് രക്ഷപ്പെടുത്തി ചികിത്സിച്ചു.
പ്രധാനമായും സിസ്റ്ററുടെ പ്രയത്നഫലമായി, 1996ല്‍ പാക്കിസ്ഥാനില്‍ കുഷ്ഠരോഗം നിയന്ത്രണവിധേയമായി എന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് പ്രഖ്യാപിച്ചു. 2017 ആഗസ്റ്റ് 10 ാം തീയതി സി. റൂത്ത് മരണമടഞ്ഞു. അവര്‍ക്ക് 87 വയസ്സായിരുന്നു.
അതുല്യമായ മാനവസേവനത്തിന്റെ പേരില്‍ സി. റൂത്ത് അറിയപ്പെടുന്നത് പാക്കിസ്ഥാനിലെ മദര്‍ തെരേസ എന്നാണ്.