പ്രാര്‍ത്ഥനയ്ക്കും സുവിശേഷ പ്രസംഗത്തിനും മെത്രാന്മാര് ഒന്നാം സ്ഥാനം നല്‍കണം : ഫ്രാന്‍സീസ് മാര്‍പാപ്പ
റോമാ: പ്രാര്‍ത്ഥനയ്ക്കും സുവിശേഷം പ്രസംഗിക്കുന്നത്തിനും മെത്രാന്മാരുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനം ഉണ്ടായിരിക്കണമെന്നും വൈദികരോടും വിശ്വാസികളോടുമൊപ്പം ആയിരിക്കുവാന്‍ മെത്രാന്മാര്ക്ക് സാധിക്കണമെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ പറഞ്ഞു.
ഇംഗ്ലണ്ടിലെ 36 കത്തോലിക്കാ മെത്രാന്മാര് റോമിലേക്ക് നടത്തിയ ആദ് ലിമിനാ സന്ദര്‍ശനത്തിന്റെ ഭാഗമായി പത്രോസിന്റെ പിന്‍ഗാമിയായ ഫ്രാന്‍സീസ് മാര്‍പാപ്പായുമായി നടത്തിയ കൂടിക്കാഴ്ച വേളയിലാണ് മെത്രാന്മാരോട് മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്. 2013 മാര്‍ച്ച് മുതലുള്ള മാര്‍പാപ്പാ എന്ന നിലയിലുള്ള തന്റെ ജീവിതത്തിലും ശുശ്രൂഷയിലും സഭയിലെ പ്രശ്നങ്ങള്‍ ഒരു ദിവസം പോലും തന്റെ സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തിയിട്ടില്ലായെന്നും അദ്ദേഹം മെത്രാന്മാരോട് പങ്കുവെച്ചു.
സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ ആയിരുന്നു ആദ് ലിമിനാ സന്ദര്‍ശനം. വിശുദ്ധ പത്രോസിന്റയും പൗലോസിന്റെയും കബറിടങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും വിശ്വാസ പ്രഖ്യാപനം നടത്തുകയും ചെയ്തു. ഈ ദിവസങ്ങളില്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ചബിഷപ്പ് കാര്‍ഡിനല്‍ വിന്‍സെന്റ് നിക്കോള്‍സിന്റെ നേതൃത്വത്തില്‍ വത്തിക്കാനിലെ എല്ലാ കാര്യാലയങ്ങളും അവര്‍ സന്ദര്‍ശിച്ച് കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതാ മെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കലും മറ്റ് 35 മെത്രാന്മാരോടൊപ്പം തന്റെ പ്രഥമ ആദ് ലിമിനാ സന്ദര്‍ശനം നടത്തി.