ശാശ്വതമായ സ്നേഹത്തിന്റെ അറിയിപ്പാണ് ക്രിസ്തുവിന്റെ ഉത്ഥാനം
“ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു.” ക്രൈസ്തവ ജീവിതത്തിന്റെ വിശ്വാസ ആഘോഷത്തിന്റെ ഉന്നതിയിലാണ് നാമോരോരുത്തരും. പൗലോസ് ശ്ലീഹായുടെ വാക്കുകളിൽ വിശ്വാസത്തിന്റെ അടിസ്ഥാനം എന്നത് ക്രിസ്തു ഉയിർപ്പിക്കപ്പെട്ടു എന്ന സത്യം മനസിലാക്കുന്നതും, ആ സത്യം പ്രഘോഷിക്കുന്നതുമാണ്. എല്ലാം പൂർത്തിയായി എന്ന യേശുവിന്റെ വാക്കുകൾ പ്രവർത്തികമാക്കപ്പെട്ടത്, ഉത്ഥാനത്തിന്റെ മഹത്വത്തിലാണ്. എന്നാൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിനെ വിശ്വസിക്കാതെ, വെറും ആഘോഷങ്ങളിൽ മാത്രം നാം ഒതുങ്ങുകയാണെങ്കിൽ, ഈ ദിവസവും മറ്റു ദിവസങ്ങളെ പോലെ, ജീവിതത്തിൽ യാതൊരു മാറ്റവും സൃഷ്ടിക്കാതെ കടന്നുപോകും. എന്നാൽ വിശ്വസിക്കുകയാണെങ്കിലോ, ദൈവത്തിന്റെ രക്ഷ നമ്മുടെ ജീവിതത്തിൽ അനുഭവിക്കുവാൻ നമുക്ക് സാധിക്കും.
“വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്.അതു പ്രവൃത്തികളുടെ ഫലമല്ല. തന്‍മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല.” മനുഷ്യരക്ഷ അതിന്റെ പൂർണ്ണതയിൽ സാധ്യമാക്കിയ ദൈവത്തിന്റെ ദാനമാണ്, ഉത്ഥാനരഹസ്യത്തിൽ നാം പ്രഘോഷിക്കുന്നത്. നമ്മുടെ അനുദിന ജീവിതത്തിൽ മരണത്തിന്റെയും, വേദനയുടെയും, സഹനങ്ങളുടെയും കയ്പുനിറഞ്ഞ അനുഭവങ്ങളിലൂടെ നാം കടന്നു പോകുമ്പോൾ, യേശുവിന്റെ ഉത്ഥാനം നമുക്ക് കരുത്ത് പകരണം.
ചുറ്റിലും മരണ സംസ്കാരത്തിന്റെ പേടിപ്പിക്കുന്ന കൂരിരുൾ തിങ്ങുന്ന ഇക്കാലത്ത് ഇന്നു നാം ജീവന്റെ, വെളിച്ചത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഈസ്റ്റർ, മരണത്തിൽ നിന്നും ജീവനിലേക്കും ഇരുളിൽ നിന്നും വെളിച്ചത്തിലേക്കും ക്രിസ്തു കടന്നതിന്റെ സ്മരണയാണ്. അതോടൊപ്പം നാമും സഹനത്തിന്റെയും മരണത്തിന്റെയും കവാടം കടന്ന് ജീവന്റെയും വെളിച്ചത്തിന്റെയും നാളുകളിലേക്ക് പ്രവേശിക്കും എന്ന പ്രത്യാശയുടെ തിരി തെളിക്കപ്പെടുകയാണ്.
മരണത്തോടെ എല്ലാം അവസാനിക്കുമെന്ന മനുഷ്യന്റെ അബദ്ധധാരണയോടുള്ള ദൈവത്തിന്റെ വിയോജിപ്പാണ് ക്രിസ്തുവിന്റെ ഉയിർപ്പിലൂടെ വ്യക്തമാക്കപ്പെടുന്നത്. എന്നാൽ മരണം മനുഷ്യന്റെ അന്ത്യമല്ല. സ്നേഹത്താൽ മരണത്തെ സ്വീകരിച്ചവൻ, സ്നേഹശക്തി കൊണ്ടുതന്നെ സഹനത്തെയും മരണത്തെയും ഉത്ഥാനമഹിമയിലെത്തിക്കാമെന്ന് തെളിയിക്കുന്നു. സഹനവും മരണവും കടന്നുപോകുന്നതാണെന്നും ഉത്ഥാന ജീവൻ ശാശ്വതമാണെന്നും മരണംവരിച്ച് ഉത്ഥിതനായവൻ ലോകത്തോട് പ്രഖ്യാപിക്കുന്നു.
സ്നേഹത്തിന്റെ അവതാരമായ ക്രിസ്തുവിന്റെ ജീവിതം മരണത്തിലും കല്ലറയിലും അവസാനിക്കാനുള്ളതല്ല. സ്നേഹം ശാശ്വതമാണെങ്കിൽ സ്നേഹമൂർത്തിയുടെ അന്ത്യവിശ്രമം കല്ലറയിലല്ല, നിത്യതയിലാണ്. ഇതാ, സ്നേഹമായവൻ നിത്യതയിലേക്ക് പ്രവേശിക്കുകയാണ്.
എല്ലാ സുവിശേഷങ്ങളും മഗ്ദലന മറിയത്തിന്റെ (മറ്റൊരു മറിയത്തിന്റെയും) അനുഭവത്തിലൂടെയാണ് ഉത്ഥാനസംഭവം വിവരിക്കുന്നത്. അവരാണ് ഉത്ഥാന വാർത്ത ആദ്യം കേൾക്കുന്നത്, ശൂന്യമായ കല്ലറ ആദ്യം കാണുന്നത്. അവർ അവന്റെ സ്നേഹിതരും ശിഷ്യഗണത്തിൽപ്പെട്ട അനുയായികളുമാണ്. അവനോടൊപ്പം സഹനത്തിലും മരണത്തിലും കൂടെ നിന്നവരാണ്. മരണത്താൽ പൂരിതമാക്കപ്പെട്ട സ്നേഹത്തിന്റെ, ഏറ്റം വലിയ സമ്മാനമാണ് ഉത്ഥാനവാർത്ത. അതു കൊണ്ടായിരിക്കാം ക്രിസ്തുവിൽ വിശ്വാസവും സ്നേഹവുമുള്ള ഇവർക്ക് ആദ്യം ഉത്ഥാനവാർത്ത അറിയാനും അതിൽ വിശ്വസിക്കാനും അവസരം ലഭിച്ചത്. ക്രിസ്തുവിനെ സ്നേഹിക്കുന്നവർക്കും അവനോടു വിശ്വസ്തരായിരിക്കുന്നവർക്കുമേ ഉത്ഥാനം അറിയാനും ഉത്ഥാനരഹസ്യം മനസ്സിലാക്കാനും വരം ലഭിക്കുന്നുള്ളൂ. അല്ലാത്തവർക്ക് അർത്ഥമറിയാതെയുള്ള വെറുമൊരാഘോഷം.
അരുളിച്ചെയ്തതുപോലെ അവൻ ഉയിർത്തെഴുന്നേറ്റു എന്നാണ് ദൂതൻ മറിയത്തെ അറിയിക്കുന്നത്. ഉത്ഥാനം, മരണം പോലെ തന്നെ ക്രിസ്തു മുൻകൂട്ടി അറിഞ്ഞതും അറിയിച്ചതുമാണ്. മരണത്തെപ്പറ്റി പറഞ്ഞപ്പോഴെല്ലാംതന്നെ, മൂന്നാം നാൾ ഇയിർത്തെഴുന്നേൽക്കും എന്നവൻ മുൻകൂട്ടി പറഞ്ഞു. ഉത്ഥാനം സാന്ദർഭികമായി സംഭവിച്ചതല്ല, അതൊരു പദ്ധതിയുടെ ഭാഗമാണ്. പെസഹാരഹസ്യം എന്ന പദ്ധതി. അതിൽ സഹനവും മരണവും മാത്രമല്ല, ഉത്ഥാനവുമുണ്ട്. ഉത്ഥാനമുണ്ടെങ്കിലേ അതു പൂർണ്ണമാ കൂ. സഹനമരണങ്ങൾക്ക് അർത്ഥം കൊടുക്കുന്നതും ഉത്ഥാനമാണ്.
അരുൾചെയ്തതുപോലെ ഉയർത്തെഴുന്നേറ്റു എന്നു പറയുമ്പോൾ, പറഞ്ഞതുപോലെ പ്രവർത്തിക്കുന്നവനാണ് ക്രിസ്തു എന്നൊരു അർത്ഥം കൂടിയുണ്ട്. വാക്കുപോലെ പ്രവർത്തിക്കുന്നവൻ, വാക്കും പ്രവൃത്തിയും ഒന്നായവൻ വചനം മാംസമായവൻ.താൻ ഉത്ഥാനം ചെയ്യും എന്നത് അവന്റെ വാക്കാണെങ്കിൽ ഉത്ഥാനം അവന്റെ പ്രവൃത്തിയാണ്. അവന്റെ വാക്കും പ്രവൃത്തിയും ഒന്നാണെന്നതിന്റെ ഏറ്റവും ശക്തവും അനിഷേധ്യവുമായ സാക്ഷ്യമാണ് ഉത്ഥാനം. അതുകൊണ്ടാകാം ഉത്ഥാനത്തെപ്പറ്റിയുള്ള ആദ്യപ്രഘോഷണം “അരുളിച്ചെയ്തതുപോലെ’ എന്നു പറഞ്ഞ് തുടങ്ങുന്നത്. ഇത് സ്നേഹത്തിന്റെ പൂർത്തീകരണമാണ്. രണ്ടും പരസ്പരപൂരകങ്ങളുമാണ്. സ്നേഹത്തിന്റെ അന്ത്യം മരണത്തിലേക്കു മാത്രം ഒതുങ്ങുവാൻ സാധിക്കുകയില്ല മറിച്ച്, അത് നിത്യതയിലേക്കുള്ള ഒരു കടന്നുപോകലാണ്. എന്നന്നേക്കും നിലനിൽക്കുന്ന ഒരു സത്യം.
ശാശ്വതമായ ഈ സ്നേഹത്തിന്റെ അറിയിപ്പാണ് ഉത്ഥാനത്തിലൂടെ ക്രിസ്തു തലമുറകളിലേക്ക് കൈമാറുന്നത്. ഈ സാക്ഷ്യമാണ് സുവിശേഷത്തിൽ വിവരിക്കുന്നത്. ഉത്ഥാന വാർത്ത അറിയിച്ചശേഷം ദൂതൻ തുടർന്നുപറയുന്നത് “വേഗം പോയി അവന്റെ ശിഷ്യന്മാരോട് ‘അവൻ ഉയിർത്തെഴുന്നേറ്റു’ എന്നു പറയുക എന്നാണ്. അതായത്, ഉത്ഥാനവാർത്ത അറിഞ്ഞാൽ പിന്നെ ഉടനെ (വേഗം പോയി) അതറിയിക്കണം എന്ന്. ക്രിസ്തുവിന്റെ ജനനം, മരണം, ഉത്ഥാനം – ഇവയോട് മനുഷ്യന്റെ പ്രതികരണം ഒന്ന്, ‘അറിഞ്ഞ ദൈവത്തെ അറിയിക്കുക’; രണ്ട് അറിഞ്ഞ ദൈവത്തെ ആരാധിക്കുക’ എന്നുള്ളതാണ്. അതിനാൽ യഥാർത്ഥ ഉത്ഥാന ആഘോഷമെന്നാൽ നമ്മുടെ ജീവിതത്തിലൂടെ ക്രിസ്തുവിന്റെ ഉത്ഥാനം പ്രഘോഷിക്കുക എന്നതാണ്.
ഉത്ഥാനം അറിയിക്കലാണ് ഇന്നിന്റെ ആവശ്യം; കാലം ആവശ്യപ്പെടുന്ന രീതി. ക്രിസ്തുവിന്റെ കൂടെ പോകുന്നവർക്ക് കുരിശും സഹനവും ത്യാഗവും ഒഴിച്ചുകൂടാനാവാത്തതാണ് എന്ന സത്യം നിലനിൽക്കുമ്പോൾ തന്നെ, അതാണ് അവസാനം എന്ന് പറയുന്ന ലോകയുക്തിക്കുള്ള മറുപടിയാവണം ക്രൈസ്തവജീവിതത്തിൽ നാം നൽകേണ്ട ഉത്ഥാന സാക്ഷ്യം. ഇത് സമാധാനത്തിന്റെ സാക്ഷ്യമാണ്.
സകലവിധ ഭയങ്ങളെയും അകറ്റി, അസാമാന്യ ധീരതയുടെയും അളവില്ലാത്ത ആനന്ദത്തിന്റെയും വക്താക്കളായി മാറുവാനുള്ള ആഹ്വാനം.
പക്ഷെ ആ സാക്ഷ്യപ്പെടുത്തലിൽ ലോകം നമ്മെ ഒറ്റപ്പെടുത്തിയാലും നാമാരും ഒറ്റയ്ക്കല്ല. യോഹന്നാന്റെ വിവരണപ്രകാരം ശവകുടീരത്തിനു വെളിയിൽ കരഞ്ഞുകൊണ്ടു നിന്ന മറിയത്തെ ക്രിസ്തു അഭിസംബോധന ചെയ്യുന്നുണ്ട്. ആദ്യം തിരിച്ചറിഞ്ഞില്ലെങ്കിലും പേരു വിളിച്ചപ്പോൾ അവൾ ഗുരുവിനെ തിരിച്ചറിഞ്ഞ് ‘ഗുരുവേ’ എന്നു പ്രതിവചിച്ചു അതുവരെ കരഞ്ഞും തിരഞ്ഞും പരാതി പറഞ്ഞും ആളെ തിരിച്ചറിയാൻ വയ്യാതെയും നിന്ന മറിയം പിന്നെ പൂർണ്ണതൃപ്തയായി, പരാതികളൊന്നും ഇല്ലാത്തവളായി, ഉത്സാഹവതിയായി രൂപാന്തരപ്പെട്ടു. നമ്മുടെ ജീവിതത്തിലും ഒറ്റപ്പെടുന്ന നിമിഷങ്ങളിൽ ഉത്ഥിതന്റെ വിളി കേൾക്കുവാനും, അതിനു പ്രത്യുത്തരം നൽകുവാനും നമുക്ക് സാധിക്കണം.
ക്രിസ്തുവിന്റെ ഉത്ഥാനത്തിനു സാക്ഷിയായവർ അനുഭവിച്ചതും ആനന്ദിച്ചതും അറിയിച്ചതും അന്ത്യവിധിയിലെ ഉയിർപ്പിന്റെ പ്രത്യാശ മാത്രമല്ല. അവർക്കത് വർത്തമാനകാല അനുഭവമായിരുന്നു. അങ്ങ നെയെങ്കിൽ ഇന്നു നമ്മൾ ഈസ്റ്റർ ആഘോഷിക്കുമ്പോൾ അന്ത്യ വിധിയിലെ “ശരീരങ്ങളുടെ ഉയിർപ്പിന്റെ പ്രത്യാശയോടൊപ്പം ഇന്നിന്റെ അനുഭവവും ആകണം.
സ്നേഹത്തിന്റെ തിരി തെളിക്കുന്ന ഉദ്യമങ്ങളിലും കാരുണ്യത്താൽ കണ്ണീരൊപ്പുന്ന പ്രവൃത്തികളിലും ഉത്ഥിതസ്നേഹത്തിന്റെ അതിജീവനശക്തിയുണ്ട്. തിന്മയ്ക്കെതിരായ പോരാട്ടങ്ങളിലും നന്മയ്ക്കൊപ്പമുള്ള നിലപാടുകളിലും സമൂഹത്തെയും നീതിയെയും പിന്തുണയ്ക്കുന്ന പ്രവൃത്തികളിലും ഉത്ഥാനം ഇന്നിന്റെ അനുഭവമാകുകയാണ്. നിരാശയെ അതിജീവിക്കുന്ന പ്രത്യാശയായും വെറുപ്പിനെ മറികടക്കുന്ന സ്നേഹമായും ആത്മാവിനെ ബലപ്പെടുത്തുന്ന വിശ്വാസമായും ഉത്ഥിതൻ നമ്മിലേക്ക് ഇന്നും കടന്നുവരുന്നു.
തിന്മയുടെ നിഗൂഢത എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട് . ബലവാന്മാരുടെ ഇടയിൽ നെരിഞ്ഞമരുന്ന ദുർബലരായവരുടെ കഥ എക്കാലവും നിരാശാജനകമായതും, വേദന ജനിപ്പിക്കുന്നതുമാണ്. നമ്മുടെ ഈ കാലഘട്ടത്തിലും ഇപ്രകാരമുള്ള അനീതിയുടെ നിഴലിലും, ഭീഷണിയിലുമാണ് നാം കഴിയുന്നത്.
നമ്മുടെ ശക്തിയെ ഇല്ലാതാക്കിക്കൊണ്ട് തിന്മയുടെ നിഗൂഢത നമ്മെ കീഴടക്കുന്ന അവസ്ഥ വരെ നമ്മുടെ ജീവിതത്തിൽ സംജാതമാകാറുണ്ട്. ഉപരിപ്ലവവും നിസ്സംഗതയും, നീരസവും, വിഭജനവുമെല്ലാം അടയാളപ്പെടുത്തുന്ന കാലഘട്ടം. മനുഷ്യസൃഷ്ടിയായ തിന്മ, ദൈവീകതയെ ശത്രുവായി കരുതുന്നത്, ഈ കാലഘട്ടത്തിന്റെ മാത്രമേ പ്രത്യേകതയല്ല, മറിച്ച് അത് ആദിമുതൽ തന്നെ അപ്രകാരമായിരുന്നു. എന്നാൽ ഇവയുടെ പിടിയിൽ നിന്നും രക്ഷപ്പെടുക മാനുഷികമായി അസാധ്യമാണ്. ഇവിടെയാണ് യേശുവിന്റെ കുരിശുമരണവും ഉത്ഥാനവും, പ്രത്യാശയുടെ വെളിച്ചം നമ്മുടെ ജീവിതത്തിൽ പകരുന്നത്.
തിന്മയെ ന്യായീകരിച്ചുകൊണ്ട് പാർശ്വവത്ക്കരിക്കപ്പെടുന്ന ജനതയെ മറന്നുപോകുന്ന ഒരു സമൂഹത്തിലാണ് യേശുവിന്റെ ഉത്ഥാനം അർത്ഥപൂർണ്ണമാകുന്നത്. ഒന്നും അവസാനമല്ല, അവസരങ്ങൾ മാത്രം. സുവിശേഷത്തിൽ യേശുവിന്റെ ഉത്ഥാനത്തിനു സാക്ഷ്യം വഹിക്കുന്നവരാരും തന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ പെട്ടവരായിരുന്നില്ല. ക്രിസ്തു തന്റെ ഉത്ഥാനസാക്ഷ്യം നൽകുന്നത്, ഇരുട്ടിന്റെ മറവിൽ വെളിച്ചം നഷ്ടപ്പെട്ടവർക്കായിരുന്നു.
തിന്മയും അതിന്റെ നിഗൂഢതകളും കാലം നീണ്ടുപോകുന്നതിൽ നാം ആശ്ചര്യപ്പെടേണ്ടതില്ല. കാരണം യേശുവിന്റെ വേദനാജനകമായ പീഡാനുഭവും ഏറെ നീണ്ടതായിരുന്നു. നിത്യതയിലേക്കുള്ള കടന്നുപോകൽ നീണ്ടതെങ്കിലും, അത് സമാധാനത്തിന്റെ സന്തോഷം പ്രദാനം ചെയ്യുന്നതാണ്. ജീവിതത്തിലെ ഇരുളാകുന്ന നിരാശയിലും, വേദനയിലും , മരണത്തിലും പ്രത്യാശയുടെ , ജീവന്റെ, സന്തോഷത്തിന്റെ കൃപയാണ് യേശുവിന്റെ പുനരുത്ഥാനം. മരണത്തിൽ ജീവിതത്തിന്റെ സൗന്ദര്യം നിറച്ച ദൈവമാണ് നമുക്കുള്ളത്.
ഓരോ ക്രിസ്ത്യാനിയും ഇരുളു നിറഞ്ഞ താഴ്‌വരയിൽ പ്രത്യാശയുടെ വാഹകനാണ്. “കർത്താവായ യേശു ഉയിർത്തെഴുന്നേറ്റു” , എന്ന വിശ്വാസ ഉറപ്പിൻ്റെ ഫലമായുണ്ടാകുന്ന കൃപയാണ് പ്രത്യാശ! ഉയിർത്തെഴുന്നേറ്റ യേശുവിലുള്ള വിശ്വാസമാണ് പ്രത്യാശയെ പരിപോഷിപ്പിക്കുന്ന ജീവരക്തം, അത് മനുഷ്യന് നന്മയുടെ പ്രതീക്ഷകൾക്ക് ഇടം നൽകുന്നു.
തിന്മയുടെ നിഗൂഢതയെ ചെറുക്കാനും പോരാടാനും പര്യാപ്തമല്ലാത്ത നമ്മുടെ മാനുഷിക ശക്തിക്കുമേൽ കർത്താവിന്റെ കൃപയുടെ ശക്തി ചേർത്ത് വയ്ക്കുന്ന ഓരോ വ്യക്തിക്കും ജീവിതത്തിന്റെ പുതിയ അർത്ഥം കണ്ടെത്തുവാൻ സാധിക്കുന്നു. ഇപ്രകാരം യേശുവിന്റെ ഉത്ഥാനത്തിൽ പ്രത്യാശയുടെ ഒരു പുതിയ സാർവത്രിക കുടുംബം രൂപമെടുക്കുന്നു.
അതിനാൽ, നന്മയും സ്നേഹവും സമാധാനവും നിറഞ്ഞ ഒരു പുനരുത്ഥാനനുഭവം നമുക്കേവർക്കും ഉണ്ടാകട്ടെ.
~ ഫാ.ജേക്കബ് ആക്കനത്ത് എം.സി.ബി.എസ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.