ക്രൈസ്തവഐക്യവാരം: വിശ്വസനീയമായ ക്രൈസ്തവസാക്ഷ്യത്തിനുള്ള വിളി
ഏതാണ്ട് ഇരുന്നൂറ്റിഎൺപതോളം വർഷങ്ങൾക്ക് മുൻപ്, 1740-കളിൽ, സ്കോട്ട്ലൻഡിലെ എവൻജേലിക്കൽ സഭംഗമായിരുന്ന ജോനാഥൻ എഡ്വേഡ്സ്, ക്രൈസ്തവസഭ തന്റെ പൊതുവായ പ്രേഷിതദൗത്യം വീണ്ടെടുക്കുന്നതിനായി പ്രാർത്ഥിക്കാനും ഉപവസിക്കാനും ആഹ്വാനം ചെയ്യുന്നിടത്താണ് ക്രൈസ്തവഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിന്റെ ഒരു പ്രഥമരൂപം നമുക്ക് കണ്ടെത്താനാകുന്നത്. സമാനമായ ആഹ്വാനങ്ങൾ പിന്നീട്, ആംഗ്ലിക്കൻ, കത്തോലിക്കാസഭകൾ പോലെ വിവിധ സഭകൾ ആവർത്തിക്കുന്നുണ്ട്.. 1894-ൽ ലിയോ പതിമൂന്നാമൻ പാപ്പാ തന്റെ വിവിധ ലേഖനങ്ങളിലും ഉദ്ബോധനങ്ങളിലും, ക്രൈസ്തവഐക്യത്തിനായി ആഹ്വാനം ചെയ്യുന്നതും ചരിത്രത്തിൽ നമുക്ക് കാണാനാകും. പെന്തക്കൊസ്ത ആഘോഷവുമായി ബന്ധപ്പെട്ട്, ഐക്യത്തിനായുള്ള പ്രാർത്ഥനയുടെ എട്ടു ദിനങ്ങൾ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജനുവരി 18 മുതൽ ഇരുപത്തിയഞ്ച് വരെ തീയതികളിൽ ആദ്യമായി “ഐക്യത്തിനായുള്ള പ്രാർത്ഥനയുടെ എട്ടു ദിനങ്ങൾ” സ്ഥാപിച്ച്, ആചരിക്കുന്നത് എപ്പിസ്കോപ്പൽ സഭംഗമായിരുന്ന റവ. പോൾ വാട്ട്സൺ ആണ്. ന്യൂയോർക്കിൽവച്ചാണ് ഈ സംഭവം നടക്കുന്നത്. പിന്നീട് അദ്ദേഹം കത്തോലിക്കാസഭയിൽ പ്രവേശിച്ചു. 1964-ൽ പോൾ ആറാമൻ പാപ്പായും അത്തനാഗോറസ് പാത്രിയർക്കീസും ഒരുമിച്ച്, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിന്റെ പ്രാർത്ഥനയെ (യോഹ. 17, 21) ആധാരമാക്കി “അവർ ഏവരും ഒന്നായിരിക്കുന്നതിനുവേണ്ടി” പ്രാർത്ഥിക്കുന്നത് നാം കാണുന്നുണ്ട്. 1968-ൽ ക്രൈസ്തവഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിനായി വിവിധസഭാസമൂഹങ്ങൾ ചേർന്ന് ഓരോ വർഷവും പൊതുവായ ഒരു മാർഗ്ഗരേഖ തയ്യാറാക്കാൻ തീരുമാനമായി. ഇന്ന് കത്തോലിക്കാസഭയുൾപ്പെടുന്ന വിവിധ ക്രൈസ്തവസഭകൾ, ക്രൈസ്തവഐക്യത്തിനായുള്ള പ്രാർത്ഥനാവാരം എന്ന പേരിൽ ജനുവരി 18 മുതൽ ഇരുപത്തിയഞ്ച് വരെ തീയതികളിൽ പൊതുവായ പ്രാർത്ഥനാസംഗമങ്ങളും മറ്റ് പ്രവർത്തനങ്ങളും നടത്തിവരുന്നു. പാരമ്പര്യമനുസരിച്ച് ക്രൈസ്തവഐക്യത്തിനായുള്ള പ്രാർത്ഥനാവാരം ജനുവരി 18 മുതൽ ഇരുപത്തിയഞ്ച് വരെ തീയതികളിൽ നടത്താൻ മറ്റൊരു കാരണവുമുണ്ട്. അത് വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെയും വിശുദ്ധ പൗലോസിന്റെ മനസാന്തരത്തിന്റെയും തിരുനാളുകൾക്കിടയിലാണ് നടക്കുന്നത്. സഭയുടെ നെടുംതൂണുകളായ ഈ വിശുദ്ധരുടെ തിരുനാളുകളുകളുമായി ബന്ധിപ്പിച്ച് ക്രൈസ്തവഐക്യത്തിനായി പ്രാർത്ഥിക്കുന്നതിന് അങ്ങനെ പ്രതീകാത്മകമായ ഒരു അർത്ഥം കൂടി ലഭിക്കുന്നുണ്ട്. എന്നാൽ തെക്കൻ പ്രദേശങ്ങളിൽ ഈ പ്രാർത്ഥനാവരം പെന്തക്കൊസ്താതിരുനാൾ പോലെ സൗകര്യപ്രദമായ മറ്റവസരങ്ങളിലെക്ക് മാറ്റാറുണ്ട്.
ദൈവത്തെയും മറ്റു മനുഷ്യരെയും സ്നേഹിക്കുക
ആഫ്രിക്കൻ രാജ്യമായ ബർക്കിനാ ഫാസോയിലുള്ള ഒരു പ്രാദേശിക എക്യൂമെനിക്കൽ സമൂഹമാണ് ഷെമേൻ നേഫ് (Chemin Neuf) എന്ന കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ മേൽനോട്ടത്തിൽ 2024-ലെ ക്രൈസ്തവഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിന്റെ വിഷയം തയ്യാറാക്കിയത്. വിശുദ്ധ ലൂക്കയുടെ സുവിശേഷം പത്താം അദ്ധ്യായം ഇരുപത്തിയേഴാം വാക്യമാണ്, 2024-ലെ ക്രൈസ്തവഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിന്റെ വിഷയമായി എടുത്തിരിക്കുന്നത്. യേശുവിനെ പരീക്ഷിക്കുവാനായി ഒരു നിയമജ്ഞൻ ചോദിക്കുന്നു, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്ത് ചെയ്യണം. യേശു അവനോട് തിരികെ ചോദിച്ചു, നിയമത്തിൽ എന്ത് എഴുതിയിരിക്കുന്നു? നീ എന്ത് വായിക്കുന്നു? നിയമജ്ഞൻ ഉത്തരം പറഞ്ഞു, “നീ നിന്റെ ദൈവമായ കർത്താവിനെ, പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും” (ലൂക്ക 10, 27). നിയമജ്ഞന്റെ ഈ ഉത്തരമാണ് ഇത്തവണത്തെ ക്രൈസ്തവഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിന്റെ വിഷയം. ദൈവത്തെ സ്നേഹിക്കുക, അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക. ക്രൈസ്തവഐക്യവാരത്തെക്കുറിച്ചുള്ള ചിന്തകൾക്ക് ഏറെ ആഴം നൽകുന്നുണ്ട് ഈ സുവിശേഷഭാഗം. ഒരു ക്രൈസ്തവൻ, അവൻ കത്തോലിക്കാനോ, മറ്റ് ഏതു ക്രൈസ്തവസമൂഹത്തിലോ നിന്നുള്ളവനാകട്ടെ, അവൻ യഥാർത്ഥത്തിൽ ദൈവത്തെ സ്നേഹിക്കുന്നെങ്കിൽ, അവൻ തന്റെ അയൽക്കാരനെ, ക്രൈസ്തവർ ഉൾപ്പെടുന്ന മറ്റുള്ളവരെ, തന്നെപ്പോലെ തന്നെ സ്നേഹിക്കുന്നെങ്കിൽ, ക്രിസ്തുവിന്റെ ചിന്തയാണ് ലോകത്തിൽ ജീവിക്കപ്പെടുക. മറ്റുള്ളവരോട് കരുണ കാണിക്കുന്നവർ അവർക്ക് അയൽക്കാരായി മാറുന്നുണ്ടെന്ന് ഈ ഉപമയുടെ അവസാനം യേശു പറഞ്ഞുവയ്ക്കുന്നത് നമ്മുടെ വിചിന്തനത്തെ സഹായിക്കും. കാരണം, ദൈവ-മനുഷ്യസ്നേഹം ജീവിക്കുന്ന ഒരു ക്രൈസ്തവൻ ലോകത്ത്, പീഠത്തിൽ കത്തിച്ചുവെച്ച തിരിപോലെ, പ്രകാശം പരത്തുന്നവനായി മാറും. അങ്ങനെയുള്ള ക്രൈസ്തവജീവിതങ്ങൾ, യഥാർത്ഥ മനുഷ്യജീവിതം എപ്രകാരമായിരിക്കണമെന്ന് ലോകത്തോട് വിളിച്ചുപറയും. ക്രൈസ്തവസഭകളിലൂടെ ഇത്തരം വിശ്വാസമാതൃക ലോകത്ത് കാണുവാൻ സാധിക്കുമ്പോൾ, ക്രിസ്തുവിൽ, ദൈവപുത്രനിൽ, മനുഷ്യരെല്ലാവരും ഒരുമിച്ച് സഹോദര്യത്തിൽ വസിക്കുന്ന ദിനം വന്നുചേരും.
ബർക്കിനാ ഫാസോയിലെ ജീവിതം
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബർക്കിനാ ഫാസോയിലുള്ള ക്രൈസ്തവസമൂഹമാണ് ദൈവ-മനുഷ്യസ്നേഹത്തിലൂന്നിയ ഒരു സന്ദേശം 2024-ലെ ക്രൈസ്തവഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിനായി മുന്നോട്ട് വച്ചതെന്ന് നാം കണ്ടു. ഈയൊരു വിചിന്തനത്തിന് അവിടുത്തെ സാഹചര്യത്തിൽ ഏറെ മൂല്യമുണ്ട്. ലോകത്തിന്റെ മറ്റു പല ഇടങ്ങളിലുമെന്നപോലെ വിവിധയിടങ്ങളിൽ സായുധസംഘർഷങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യമാണ് ബർക്കിനാ ഫാസോ. ഏതാണ്ട് രണ്ടുകോടിപത്ത് ലക്ഷം ജനങ്ങൾ മാത്രമുള്ള ഈ രാജ്യത്ത് 64 ശതമാനം ജനങ്ങളും ഇസ്ലാം മതവിശ്വാസികളാണ്. 9 ശതമാനം ആഫ്രിക്കൻ പരമ്പരാഗതമതങ്ങളിൽ വിശ്വസിക്കുന്നവരാണ്. ബാക്കിയുള്ളവരിൽ 20 ശതമാനം കത്തോലിക്കരും 6 ശതമാനം പ്രൊട്ടസ്റ്റനന്റ് സഭാംഗങ്ങളുമാണ്.
2016-ൽ ഉണ്ടായ ശക്തമായ ജിഹാദി ആക്രമണം മുതൽ ബർക്കിനാ ഫാസോയിൽ സാധാരണ ജീവിതം കൂടുതൽ ബുദ്ധിമുട്ടേറിയതായി മാറി. പിന്നീടങ്ങോട്ട് നിയമവാഴ്ചയുടെ അഭാവവും, ഭീകരആക്രമണങ്ങളും, മനുഷ്യക്കടത്തും ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഏതാണ്ട് മൂവായിരം ആളുകൾ കൊല്ലപ്പെട്ടു. ഇരുപത് ലക്ഷത്തോളം ആളുകൾ ഭവനരഹിതരായി. നിരവധി സ്കൂളുകളും, ആരോഗ്യകേന്ദ്രങ്ങളും അടച്ചുപൂട്ടപ്പെട്ടു. സാമൂഹ്യസഹവർത്തിത്വവും, സമാധാനവും, രാജ്യഐക്യവും പോലും കുറഞ്ഞുവരുന്നു. ചില പ്രത്യേക ജനവിഭാഗങ്ങൾക്ക് നേരെയുളള ആക്രമണങ്ങൾ മൂലം സംഘർഷങ്ങൾ കൂടിവന്നു. ക്രൈസ്തവസഭകൾക്ക് നേരെയുള്ള ആക്രമണങ്ങളും രാജ്യത്ത് നടമാടുന്നുണ്ട്. നിരവധി വൈദികരും, സുവിശേഷപ്രവർത്തകരും കൊല്ലപ്പെട്ടു. പലയിടങ്ങളിലും വിശ്വാസം ജീവിക്കാനും, പ്രാർത്ഥനാസമ്മേളനങ്ങൾ കൂടാനും സാധ്യമല്ലാത്ത സ്ഥിതിയാണുള്ളത്.
സ്ഥിതിഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും, ക്രൈസ്തവസഭകൾ, പ്രാർത്ഥനകളും, പരിത്യാഗവും, ഉപവാസവുമായി മുന്നോട്ട് പോവുകയും, വിവിധ മതങ്ങൾ തമ്മിലുള്ള ഐക്യസംഭാഷണങ്ങളും സഹകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം, ഭവനരഹിതർക്കും, സംഘർഷങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കും സഹായസഹകരണങ്ങൾ എത്തിക്കുന്നത് തുടരുകയും ചെയ്യുന്നുണ്ട്. അതിലുപരിയായി വിവിധ സമ്മേളനങ്ങളിലൂടെയും ക്ളാസുകളിലൂടെയും സാഹോദര്യത്തിന്റെ മൂല്യം പ്രോത്സാഹിപ്പിക്കുകയും, നിലനിൽക്കുന്ന സമാധാനത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ്, ദൈവ-മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള സുവിശേഷഭാഗം, ആഗോള ക്രൈസ്തവസഭകൾക്ക് മുന്നിൽ ഐക്യത്തിന്റെ വിഷയമായി ബർക്കിനാ ഫാസോയിലെ ക്രൈസ്തവസമൂഹം മുന്നോട്ട് വയ്ക്കുന്നത്. ഒരുമിച്ച് പ്രാർത്ഥിക്കുക, ഒരുമിച്ച് വിശ്വാസപ്രയാണത്തിൽ മുന്നോട്ടുപോവുക, എല്ലായ്പ്പോഴും, പ്രത്യേകിച്ച് കൂടുതൽ ബുദ്ധിമുട്ടേറിയ നിമിഷങ്ങളിൽ പരസ്പരസ്നേഹത്തോടെ ഐക്യത്തിൽ ജീവിക്കുക എന്നിങ്ങനെയുള്ള ചിന്തകൾ ഈ പ്രാർത്ഥനാവാരം നമുക്ക് മുൻപിൽ വയ്ക്കുന്നുണ്ട്.
ക്രൈസ്തവജീവിതവും സ്നേഹവും
ദൈവ-മനുഷ്യസ്നേഹം ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനഭാഗമാണ്. ക്രിസ്തുവിന്റെ സ്നേഹമാണ് നമ്മെ ഒന്നാക്കി, ഒരു സമൂഹമാക്കി നിറുത്തുന്നത്. തന്റെ ഇഹലോകവാസത്തിന്റെ അവസാനനാളുകളിൽ സ്നേഹത്തിന്റെ ഈ കൽപ്പന പ്രത്യേകമായി യേശു മുന്നോട്ടുവയ്ക്കുന്നത് വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിമൂന്നാം അധ്യായത്തിൽ നാം കാണുന്നുണ്ട്. യേശു തന്റെ ശിഷ്യന്മാർക്ക് നൽകുന്ന പുതിയ പ്രമാണം ഇതാണ്: “നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും” (യോഹ. 13, 35).
യഹൂദജനം വിശുദ്ധഗ്രന്ഥമായി കരുതുന്ന പഴയനിയമത്തിലെ നിയമാവർത്തനാപുസ്തകത്തിന്റെ ആറാം അദ്ധ്യായത്തിൽ കാണുന്ന സുപ്രധാനമായ ഒരു ദൈവകൽപ്പനയും, ലേവ്യരുടെ പുസ്തകം പത്തൊൻപതാം അദ്ധ്യായത്തിൽ കാണുന്ന മറ്റൊരു കൽപ്പനയുമാണ്, യേശു ലൂക്കയുടെ സുവിശേഷത്തിലെ നല്ല അയൽക്കാരന്റെ ഉപമയ്ക്ക് മുൻപായി നിയമജ്ഞനെക്കൊണ്ട് ആവർത്തിപ്പിക്കുന്നത്. നിയമാവർത്തനാപുസ്തകത്തിൽ ദൈവം ഇസ്രയേലിനോട് കൽപ്പിക്കുന്നു, “നിങ്ങളുടെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും, പൂർണാത്മാവോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കണം” (നിയമ. 6, 5). ലേവ്യരുടെ പുസ്തകത്തിൽ ദൈവം കൽപ്പിക്കുന്നു, “നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക” (ലേവ്യർ 19, 18). ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരവും ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നത്, ഇങ്ങനെ ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കാനും, അത് അനുദിനജീവിതത്തിൽ പ്രവൃത്തികളിലൂടെ ലോകത്തിന് മുൻപിൽ ക്രൈസ്തവജീവിതശൈലിയായി കാണിച്ചുകൊടുക്കാനുമാണ്. യുദ്ധങ്ങളും സംഘർഷങ്ങളും നിറഞ്ഞ ഒരു ലോകത്ത് ഈയൊരു സ്നേഹസന്ദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ നമുക്ക് ഏറെ ബുദ്ധിമുട്ടില്ല.
യഥാർത്ഥ അയൽക്കാരൻ ആരാണ്?
നിയമജ്ഞൻ യേശുവിനെ കുടുക്കാനായി വീണ്ടും ചോദിക്കുന്ന, “ആരാണ് എന്റെ അയൽക്കാരൻ” എന്ന ചോദ്യം ഇന്നത്തെ ലോകത്ത് ഏറെ പ്രസക്തമാണ്. യേശുവിന്റെ കാലത്തെ സാധാരണ യഹൂദരെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്റെ നിയമം സ്വന്തം മതത്തിൽ വിശ്വസിച്ചിരുന്നവരിലേക്കും, മറ്റു ചിലരെ സംബന്ധിച്ചിടത്തോളം യഹൂദർക്ക് പുറമെ, തങ്ങളുടെ ഇടയിൽ താമസിച്ചിരുന്ന വിദേശീയരും ഉൾപ്പെട്ടിരുന്ന സമൂഹത്തിലേക്കുകൂടി നീണ്ടതായിരുന്നു. എന്നാൽ യഹൂദജനത്തിനുനേരെ മറ്റുള്ളവർ നടത്തിയ അതിക്രമങ്ങളുടെയും യുദ്ധങ്ങളുടെയും മുന്നിൽ ഈ ചിന്തകൾക്ക് മാറ്റങ്ങൾ വന്നിരുന്നു. യേശുവിന്റെ മറുപടി പക്ഷെ നിയമജ്ഞന്റെ മതചിന്തയ്ക്കുമപ്പുറത്തേക്ക് നീളുന്നതായിരുന്നു.
ക്രൈസ്തവചിന്തകരിലേക്ക് വരുമ്പോൾ, ആരാണ് അയൽക്കാരൻ എന്ന ചിന്തയ്ക്ക്, മുഴുവൻ മാനവികതയുമാണ് അയൽക്കാരൻ എന്ന ഒരു ഉത്തരം ലഭിക്കുന്നത് നാം കാണുന്നുണ്ട്. ക്രിസ്തുവാണ് മുറിവേറ്റ് കിടക്കുന്ന മാനവികതയോട് സഹാനുഭൂതിയോടെയും സ്നേഹത്തോടെയും പ്രവർത്തിക്കുന്ന നല്ല സമരിയക്കാരൻ. സഭയാകുന്ന സത്രത്തിലേക്കാണ് മുറിവേറ്റ മനുഷ്യവംശത്തെ ദൈവപുത്രൻ എത്തിക്കുന്നത്. തിരികെ വരുമെന്ന യേശുവിന്റെ വാഗ്ദാനവും ഈയൊരു പശ്ചാത്തലത്തിൽ, മുറിവേറ്റ, വീണുപോയ മനുഷ്യവംശത്തെ ഉപേക്ഷിക്കാത്ത ദൈവസ്നേഹത്തിന്റെ പ്രതിഫലനമായി നമുക്ക് കാണാനാകും.
ക്രൈസ്തവരും ക്രിസ്തുവും
ഒരു യഥാർത്ഥ ക്രൈസ്തവൻ ക്രിസ്തുവിന്റെ മാർഗ്ഗത്തിൽ, അവനു പിന്നാലെ, അവനാകുന്ന വഴിയേ സഞ്ചരിക്കുന്നവനാണ്. അവൻ ക്രിസ്തുവിനെപ്പോലെ ജീവിക്കാൻ, സ്നേഹിക്കാൻ, സേവനം ചെയ്യാൻ വിളിക്കപ്പെട്ടവനാണ്. നല്ല സമരിയക്കാരനെപ്പോലെ, ക്രിസ്തുവിനെപ്പോലെ, കരുണയും സഹാനുഭൂതിയും മറ്റുള്ളവർക്ക് നൽകാൻ വിളിക്കപ്പെട്ടവനാണ്. മത, വർഗ്ഗ, വർണ്ണ, സാമുദായിക ചിന്തകൾക്ക് അതീതമായി മനുഷ്യനെ സ്നേഹിക്കാൻ കഴിയുന്നിടത്താണ് ഒരു ക്രൈസ്തവൻ നല്ല സമരിയക്കാരനായി മാറുന്നത്. ഇന്ന് ലോകത്ത് നിലനിൽക്കുന്ന സംഘർഷങ്ങളും, യുദ്ധങ്ങളും മാത്രമല്ല, വിശ്വാസത്തിനും, വിശ്വാസികൾക്കുമെതിരെ പ്രവർത്തിക്കുന്ന ആളുകളും നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ ഈ ചിന്തകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഒരു നല്ല സമരിയക്കാരനാകാനുള്ള വിളി അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കാനാന്നതും ഈയൊരു പശ്ചാത്തലത്തിലാണ്.
ഈയൊരു സാഹചര്യത്തിൽ, യോഹന്നന്റെ സുവിശേഷം പതിനേഴാം അദ്ധ്യായത്തിൽ നാം കാണുന്ന, “എല്ലാവരും ഒന്നായിരിക്കാൻവേണ്ടി”യുള്ള (യോഹ. 17, 21) ക്രിസ്തുവിന്റെ പ്രാർത്ഥനയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ദൈവത്തോടുള്ള സ്നേഹത്തിൽ ഒന്നായിരുന്ന ഒരു സമൂഹം, ക്രിസ്തുവിൽ ഒന്നായി ജീവിക്കുന്ന നല്ല അയൽക്കാർ, ദൈവത്താൽ സ്നേഹിക്കപ്പെടുന്ന ജനം, അതായിരിക്കണം ക്രൈസ്തവർ. പാരമ്പര്യങ്ങളിൽ വ്യത്യാസമുള്ളപ്പോഴും, ഒരേ വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ കഴിയുന്ന, ഒരുമിച്ച് നിന്ന്, നന്മയ്ക്കും സമാധാനത്തിനും സ്നേഹത്തിനും പ്രാധാന്യം കൊടുത്ത്, ദൈവത്തിലേക്ക് കണ്ണുകൾ നട്ട് ജീവിക്കാനും പ്രവർത്തിക്കാനും കഴിയുന്ന സഭകൾ എന്നത് ഈ ലോകത്ത് ഏറെ പ്രധാനപ്പെട്ടതാണ്.
നല്ല സമരിയക്കാരന്റെ ഉപമയിലേതുപോലെ, മാനവികത മുറിവേറ്റ് കിടക്കുന്ന ലോകപാതയിൽ, പുരോഹിതനെയും ലേവ്യനെയും പോലെ, കണ്ണുകളടച്ച്, അപരനെ കണ്ടില്ലെന്ന് നടിച്ച് ക്രൈസ്തവന് മുന്നോട്ടുപോകാനാകരുത്. എക്യൂമെനിസത്തിന്റെ പാതയിലും ഈ തത്വം ഏറെ പ്രധാനപ്പെട്ടതാണ്. ക്രൈസ്തവസമൂഹങ്ങൾക്കിടയിലെ മുറിവുകൾ ഉണക്കുവാനായി നല്ല സമരിയക്കാരനാകാൻ ഓരോരുത്തർക്കും കടമയുണ്ട്. യഥാർത്ഥ നല്ല സമരിയക്കാരനായ ക്രിസ്തുവിന് മുൻപിൽ നമ്മുടെ മുറിവേറ്റ ക്രൈസ്തവബന്ധങ്ങളെ സമർപ്പിക്കേണ്ടതുണ്ട്. വിശ്വാസത്തിൽ ഒരുമിച്ച് നിന്ന് ലോകത്തിന്, മാനവികതയ്ക്ക്, സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും, കരുണയുടെയും സ്നേഹത്തിന്റെയും മാതൃക നൽകുന്ന നല്ല സമരിയക്കാരായി നാമോരുത്തരും മാറേണ്ടതുണ്ട്.
യഥാർത്ഥ ദൈവ, മനുഷ്യസ്നേഹം സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതയിലേക്ക് മാനവികതയെ നയിക്കാൻ ക്രൈസ്തവരെ സഹായിക്കുമെന്നതിൽ സംശയമില്ല. എന്നാൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ ഒരേ മതത്തിൽപ്പെട്ടവർ, മണ്ണിന്റെയും, ധനത്തിന്റെയും, വ്യത്യസ്ത ആശയങ്ങളുടെയും അധികാരത്തിന്റെയും ഒക്കെ പേരിൽ പരസ്പരം പോരടിക്കുന്നത് നമുക്ക് മുൻപിലുണ്ട്. ക്രൈസ്തവരും ഇത്തരം സംഘർഷങ്ങളിൽ ഉൾപ്പെടുന്നുണ്ട് എന്നത്, യേശുവിന്റെ ഉദ്ബോധനങ്ങൾ നമ്മിൽ ഇനിയും ആഴത്തിൽ വേരോടിയിട്ടില്ലെന്നതിന്റെ തെളിവാണ്. വിവിധ ക്രൈസ്തവസമൂഹങ്ങൾ തമ്മിലുള്ള ഐക്യത്തിനായുള്ള പ്രാർത്ഥനാവാരം ഈയൊരു പശ്ചാത്തലത്തിൽ നമുക്കെല്ലാവർക്കും ഒരു ശക്തമായ വെല്ലുവിളിയാണുയർത്തുന്നത്. യഥാർത്ഥ നല്ല സമരിയക്കാരൻ പഠിപ്പിച്ചുതന്ന സ്നേഹത്തിന്റെ മാർഗ്ഗത്തിൽ ജീവിക്കാൻ, മുറിവേറ്റ മാനവികതയുടെ മുറിവിൽ സൗഖ്യത്തിന്റെയും ആശ്വാസത്തിന്റെയും തൈലം പകരുന്ന, അവരെ ചേർത്തുനിറുത്തുന്ന ഒരു ജീവിതശൈലി സ്വന്തമാക്കാൻ നമുക്ക് സാധിക്കട്ടെ. തീർത്ഥാടകയായ, ക്രിസ്തുവിന്റെ മൗതികശരീരമായ തിരുസഭയിലെ അംഗമായ, ക്രിസ്തുവിന്റെ ഒരു യഥാർത്ഥ അനുഗാമിയായ ഒരുവന്, ക്രിസ്തുവിന്റെ സ്നേഹപ്രമാണത്തിന് എതിർസാക്ഷ്യം നൽകിക്കൊണ്ട് ജീവിക്കാനാകില്ലെന്ന ബോധ്യത്തോടെ, പരസ്പരബഹുമാനവും, സ്നേഹവും ഐക്യവുമുള്ള ക്രൈസ്തവ സഭാസമൂഹങ്ങളായി, ലോകത്തിന് മുഴുവൻ യഥാർത്ഥ സുവിശേഷസാക്ഷ്യമേകിക്കൊണ്ട് ജീവിക്കാൻ എല്ലാ ക്രൈസ്തവർക്കും സാധിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.