ദൈവവചനത്തിന്റെ പദങ്ങൾക്കപ്പുറമുള്ള ചൈതന്യം കണ്ടെത്തണം: ഫ്രാൻസിസ് പാപ്പാ
വിശുദ്ധ ഗ്രന്ഥവുമായി ബന്ധപ്പെട്ട ക്ഷമാപൂർവ്വമുള്ള പഠനങ്ങളം പുരാവസ്തു ഗവേഷണങ്ങളും വഴി കഫർണാമിലെ യേശുവിന്റെ ഭവനം കണ്ടെടുക്കുകയും ഇന്ന് നമുക്ക് സന്ദർശിക്കാൻ വഴിയൊരുക്കുകയും ചെയ്ത ഗവേഷണ പഠനകേന്ദ്രം നൽകുന്ന സംഭാവനകളെക്കുറിച്ച് തനിക്കുള്ള മതിപ്പ് പ്രകടിപ്പിച്ചു കൊണ്ടാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്. 1924ൽ ജനുവരി 7 ന് പഠന കേന്ദ്രത്തിന്റെ സ്ഥാപനത്തിൽ നിന്ന് റോമിലെ അന്തോണിയാനും പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് പ്രവർത്തനമാരംഭിച്ചതും പാപ്പാ ഓർമ്മിച്ചു. സ്ഥാപനത്തിന്റെ കഥയും ഫ്രാൻസിസ്കൻ മൈനർ സഹോദരരുടെ വിശുദ്ധ നാടുകളിലെ സാന്നിധ്യവുമായുള്ള അഭേദ്യമായ ബന്ധവും ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു.
പഠന കേന്ദ്രത്തിന്റെ ലൈബ്രറിയും, മ്യൂസിയവും പ്രധാനപ്പെട്ട പുരാവസ്തു ഗവേഷണങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങളും അതുവഴി 2001 ൽ ബൈബിളിന്റെയും പുരാവസ്തു ഗവേഷണത്തിന്റെയും ശാസ്ത്രീയ പഠന കേന്ദ്രമായി അംഗീകാരം ലഭ്യമാകുകയും ചെയ്ത ഒന്നാണ് ഫ്രാൻസിസ്കൻ ബൈബിൾ പഠന കേന്ദ്രം. അങ്ങനെ വിശുദ്ധ സ്ഥലങ്ങളിൽ വസിച്ചു കൊണ്ടു ബൈബിൾ പഠിക്കാനും പുരാവസ്തു ഗവേഷണം നടത്താനുള്ള അവരുടെ പഠന കേന്ദ്രത്തിന്റെ പ്രത്യേകത അവർക്ക് വിപുലവും ആഴത്തിലുള്ളതുമായ പരിപാടികളും രീതികളും അവലംബിക്കാൻ ഇടയാക്കി എന്നും പാപ്പാ അടിവരയിട്ടു.
ബൈബിൾ ഗ്രന്ഥങ്ങളും അതുമായി ബന്ധപ്പെട്ടയിടങ്ങളും അവർക്ക് വി. ഫ്രാൻസിസ് അസീസ്സിയുടെ തന്നെ ആഗ്രഹപ്രകാരമുള്ള ഒരു സ്നേഹത്തിന്റെ അടയാളമാണ്. ദൈവവചനത്തിന്റെ പദങ്ങൾക്കപ്പുറമുള്ള ചൈതന്യം കണ്ടെത്താതെ വാക്കുകളുടെ അക്ഷരാർത്ഥം മാത്രം അറിയാനും മറ്റുള്ളവർക്ക് വിശദീകരിക്കാനും ശ്രമിക്കുന്നവർ അക്ഷരത്തിൽത്തന്നെ മരിക്കുന്നവരാണെന്നും അറിയാവുന്നതും അറിയാൻ ആഗ്രഹിക്കുന്നതുമായ എല്ലാ ശാസ്ത്രങ്ങളും കർത്താവിന്റെ വാക്കിലും മാതൃകയിലും കാണുന്ന ദൈവവചനത്തിന്റെ ചൈതന്യത്താൽ തിരികെ നൽകാൻ ശ്രമിക്കുന്നവരാണ് സജീവരായ സന്യസ്തരെന്ന് എഴുതിയ വി. ഫ്രാൻസിസിനെ പാപ്പാ ഉദ്ധരിച്ചു.
വി. ഫ്രാൻസിസിനെ സംബന്ധിച്ചിടത്തോളം ദൈവവചനത്തിന്റെ അറിവും പഠനവും വെറും പാണ്ഡിത്യത്തിനു വേണ്ടിയുള്ള ഒന്നല്ല മറിച്ച് മനുഷ്യരെ സുവിശേഷം നന്നായി ജീവിക്കുവാനും അവരെ നല്ലവരാക്കാനും സഹായിക്കുന്ന വിജ്ഞാനത്തിന്റെ അനുഭവമാണ്. ഇത് നന്നായി മനസ്സിലാക്കിയ ശിഷ്യനായിരുന്നു വി. ബൊനവെന്തൂർ. ദൈവ വചനത്തിന്റെ ദാനം സ്വീകരിക്കാൻ ലളിതമായ വിശ്വാസത്തോടെ തെളിച്ചത്തിന്റെ പിതാവിനു സമീപം എളിമയാർന്ന ഹൃദയത്തോടെ പ്രാർത്ഥിക്കാനാണ് വിശുദ്ധൻ ആവശ്യപ്പെട്ടത്. കാരണം, പിതാവ് തന്റെ പുത്രൻ വഴി പരിശുദ്ധാത്മാവിൽ യേശുക്രിസ്തവിനെക്കുറിച്ചുള്ള യഥാർത്ഥ അറിവ് നൽകും, ആ അറിവ് സ്നേഹവും. വി. ബൊനവെന്തൂരിനെ ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു. ഇത്തരം ഒരു സമീപനം ദൈവവചനത്തോടു കാണിക്കാൻ ഈ ശതാബ്ദി അവസരത്തിൽ അവരെ പാപ്പാ ആഹ്വാനം ചെയ്തു. ബൈബിളിന്റെ ഉറവിടങ്ങളുടെ ശാസ്ത്രീയവും കഠിനവുമായ പഠനം ഏറ്റവും പുതിയ സമ്പ്രദായങ്ങളും വിവിധ ശിക്ഷണങ്ങളുമായി ബന്ധപ്പെടുത്തി മുന്നോട്ടു നീങ്ങുമ്പോൾ അത് ദൈവജനത്തിന്റെ ജീവിതവുമായി ബന്ധമുള്ളതും, അവരുടെ അജപാലനത്തിനും, സഭയിൽ അവർക്കുള്ള പ്രത്യേക സിദ്ധിയുമായി യോജിച്ചു പോകുന്നതും അതിനെ സഹായിക്കുന്നതുമാകട്ടെ എന്ന പാപ്പാ ആശംസിച്ചു.
കർത്താവ് നമ്മോടു തന്റെ വചനം ശ്രവിക്കാനും നന്നായി മനസ്സിലാക്കാനും ആവശ്യപ്പെടുന്ന ഈ കാലലട്ടത്തിൽ, ലോകത്തിൽ അത് കൂടുതൽ വ്യക്തമായി പ്രതിധ്വനിപ്പിക്കാൻ അവരുടെ പ്രവർത്തനങ്ങൾ എന്നത്തേക്കാളം വിലപ്പെട്ടതാണ് എന്ന് പാപ്പാ അവരെ ശ്ലാഘിച്ചു. അതിനാൽ അവരുടെ വിശുദ്ധ ഗ്രന്ഥപുരാവസ്തു ഗവേഷണങ്ങളിലും പഠനങ്ങളിലും മുന്നേറാൻ പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.