നിരാശയുടെ കനലെരിയും കാലം…
കുറ്റബോധം ഒരു തടവറയാണ്.
പ്രത്യാശയുടെ വെളിച്ചം കടക്കാത്ത തടവറ.
അതിൽ നിന്നും കരകയറാൻ
ക്രിസ്തുവിൻ്റെ മഹത്വമേറിയ പ്രകാശം തന്നെ വേണം.
കുറ്റബോധം ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ തകർത്തു കളയും.
ജീവിതത്തിലെ നിർണായക ചുവടുകൾക്കായി ഒരുങ്ങുമ്പോഴെല്ലാം
കഴിഞ്ഞകാല വീഴ്ച്ചകളും, പരാജയങ്ങളും മനസ്സിൽ തെളിയും.
വാക്കുപാലിക്കാതെ പോയത് …,
വിശുദ്ധി നഷ്ടമാക്കിയത്…..,
തള്ളിപ്പറഞ്ഞത് …., ഒറ്റുകൊടുത്തത്….
വാക്കുപാലിക്കാതെ
നീയെങ്ങനെ വചനം പറയും….?
വിശുദ്ധി നഷ്ടപ്പെടുത്തിയ നീ എങ്ങനെ
പരിശുദ്ധനായി ജീവിക്കും….?
തള്ളിപ്പറഞ്ഞവന് എങ്ങനെ
ചേർത്തു പിടിക്കാൻ കഴിയും….?
ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത
സ്വപ്രവൃത്തികളിലേക്കും കുറവുകളിലേക്കും നോക്കി നീ ഭാരപ്പെടും.
കാലത്തെ പഴിച്ചും വീഴ്ച്ചയെ ശപിച്ചും
കാലം തള്ളി നീക്കുന്നത് എന്തിന്?
അതിജീവിക്കാൻ ശ്രമിക്കുമ്പോഴും നീ വീഴുന്നുണ്ട്.
എങ്കിലും നിരാശ വേണ്ട.
അതിക്രമങ്ങൾ തോളിലേറ്റാൻ ക്രിസ്തു കൂടെയുള്ളപ്പോൾ ,
കുറ്റബോധത്തിൻ്റെ ഭാരത്താൽ
നീ തല താഴ്ത്തരുത്.
നിത്യ വെളിച്ചമായവൻ്റെ പ്രകാശത്തിൽ
പുറത്തു കടക്കുക.
തടവറ ഭേദിക്കുക.
വീണ്ടെടുക്കാനാവാത്ത വിധം നീ
ഇനിയും വീണു പോയിട്ടില്ല.
” അതിക്രമങ്ങൾക്കു മാപ്പും
പാപങ്ങൾക്കു മോചനവും ലഭിച്ചവൻ ഭാഗ്യവാൻ “
( സങ്കീർത്തനം 32 : 1 )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.