നീ ദൈവത്തോട് സംസാരിച്ചിട്ട് എത്ര നാളായി?
ആത്മഹത്യ ചെയ്യാതിരിക്കുക എന്നത് ഒരു വിപ്ലവമാണ് .ജീവിത പ്രതിസന്ധികളിൽ മരിക്കാൻ ആഗ്രഹിച്ച പലരുടെയും ജീവിതം തിരുവെഴുത്തി൯െറ താളുകളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നു
ഭൂമുഖത്ത് വെച്ച് ഏറ്റവും സൗമ്യൻ എന്ന് ദൈവം തന്നെ വിശേഷിപ്പിച്ച മോശയ്ക്ക് പോലും ജീവിതം മടുത്ത അവസരമുണ്ടായിട്ടുണ്ട്. പക്ഷേ തൻെറ ജീവൻെറ മേൽ സ്വയം കൈ വയ്ക്കുന്നതിനു പകരം ജീവൻ തന്നെവനോട് തിരിച്ചെടുക്കാൻ പ്രാർത്ഥിച്ചുകൊണ്ടാണ് ഹൃദയത്തിൽ രൂപംകൊണ്ട നിത്യ നാശത്തിലേക്ക് നയിക്കാൻ മതിയായ ആത്മഹത്യാ ചിന്ത മോശ നേരിട്ടത് .
(സംഖ്യ 11: 15) “കൃപ തോന്നി എന്നെ ഉടനെ കൊന്നുകളയുക ഈ കഷ്ടത ഞാൻ കാണാതിരിക്കട്ടെ”.
ദൈവം മോശയുടെ പ്രാർത്ഥന കേട്ട് മോശെയെ കൊല്ലുകയല്ല ചെയ്തത് ,ഒറ്റയ്ക്ക് വഹിച്ചിരുന്ന ജനത്തി൯െറ ചുമതല വഹിക്കാൻ എഴുപത് പേരെ കൂടി നൽകി .എന്നാൽ ഈ 70 പേർക്ക് ശക്തി നൽകിയത് “നിൻെറ മേലുള്ള ചൈതന്യത്തിൽ നിന്ന് ഒരു ഭാഗം അവരിലേക്ക് ഞാൻ പകരും “(സംഖ്യ 11: 17) ഫലത്തിൽ 70 പേരും മോശയും ഒരുമിച്ചു ചേരുമ്പോൾ ഉള്ള ശക്തി മുമ്പ് മോശയ്ക്ക് മാത്രം ഉണ്ടായിരുന്നു എന്ന് സാരം
ജീവിതത്തിൻെറ ആശയറ്റ സന്ദർഭങ്ങളിൽ തോബിതു൦ സാറയു൦ ജോബു൦ ഒക്കെ ദൈവത്തെ തേടി. ഇവരുടെയെല്ലാം ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിച്ചു.
കുളം മറ്റാറായോ എന്ന തോന്നലിൽ മീനുകൾക്ക് ഒരു വെപ്രാളം ഉണ്ട്. ആഴത്തിൽ മുറിവേൽക്കും എന്നറിയുമ്പോൾ ഉള്ള വെപ്രാളം .
നിശബ്ദമായ കരച്ചിൽ അടിത്തട്ടിൽ ചെളിയുമായി കൂടി ചേരും.
പിന്നെ …..
ദൈവത്തെ അന്വേഷിക്കുന്നതിന് പകരം കയർ അന്വേഷിക്കുന്നവർ…. വിശുദ്ധ കുർബാനയിൽ നിന്ന് ശക്തിപ്രാപിക്കണ്ടവർ വിഷകുപ്പി ചേർത്തുപിടിക്കുന്നു .
ജീവിക്കാനുള്ള അവസാന വഴിയും അടയുന്നത് മരിക്കാൻ തീരുമാനിക്കുന്നത് കൊണ്ട് മാത്രമാണ്. കാര്യകാരണങ്ങൾ ഇല്ലാത്ത ആത്മഹത്യകൾ കാണിച്ചുതരുന്നത് കാര്യ ബോധമില്ലാത്ത ഒരു തലമുറ വളർന്നു വരുന്നുണ്ട് എന്ന് തന്നെയാണ് .
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.