വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് ലോകം മുഴുവനെയും ദൈവകരുണക്കായി സമര്‍പ്പിച്ചതിന് 20 വര്‍ഷം
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് ലോകം മുഴുവനെയും ദൈവകരുണക്കായി നടത്തിയ വിശേഷാല്‍ സമര്‍പ്പണത്തിന് ഇന്നേക്ക് 20 വര്‍ഷം. 2002 ആഗസ്റ്റ് 17നു ദൈവകരുണയുടെ അപ്പസ്തോല വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്ക നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കോണ്‍വെന്റിന് സമീപം, ക്രാക്കോവിന് സമീപമുള്ള ലഗിവ്നികിയിലെ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍വെച്ചായിരുന്നു സമര്‍പ്പണം. വിശുദ്ധ ഫൗസ്റ്റീനയിലൂടെ പ്രഘോഷിക്കപ്പെട്ട ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്നേഹത്തിന്റെ സന്ദേശം ഭൂമിയിലെ എല്ലാ നിവാസികള്‍ക്കും എത്തണമെന്ന തീവ്ര ആഗ്രഹത്തോടെയും, എല്ലാവരുടെയും ഹൃദയങ്ങളെ പ്രത്യാശകൊണ്ട് നിറക്കുവാനും വേണ്ടിയാണ് താന്‍ ഈ സമര്‍പ്പണം നടത്തുന്നതെന്നു സമര്‍പ്പണത്തിനിടെ നടത്തിയ പ്രസംഗത്തില്‍ പാപ്പ പറഞ്ഞിരിന്നു.
കര്‍ത്താവായ യേശു ക്രിസ്തുവിന്റെ ദൃഢമായ വാഗ്ദാനം നിറവേറ്റപ്പെടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും, കര്‍ത്താവിന്റെ അന്ത്യ വരവിനായി ലോകത്തെ ഒരുക്കുന്നതിനുള്ള തീപ്പൊരി ഇവിടുന്നാണ് വരേണ്ടതെന്നും പറഞ്ഞ പാപ്പ, ഈ കരുണയുടെ അഗ്നി ലോകത്തിനു കൈമാറണമെന്നും ദൈവത്തിന്റെ കരുണയില്‍ ലോകം സമാധാനവും, മനുഷ്യന് സന്തോഷവും കണ്ടെത്തുമെന്നും അന്നു കൂട്ടിച്ചേര്‍ത്തു. “ഞാന്‍ ഈ ദൗത്യം എന്റെ സഹോദരീ സഹോദരന്മാരായ നിങ്ങളേയും, പോളണ്ടിലെ സഭയേയും, പോളണ്ടിന് പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നിട്ടുള്ള ദൈവ കരുണയുടെ ഭക്തരേയും ഏല്‍പ്പിക്കുകയാണ്. കരുണയുടെ സാക്ഷികളാകുക” പാപ്പ പറഞ്ഞു.
ഒരു തരത്തില്‍ പറഞ്ഞാല്‍ ദൈവകരുണ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ വ്യക്തിപരമായ ദൗത്യമായിരുന്നെന്നു സാന്‍ ഫെലിപെ നേരി ഒറേറ്ററിയില്‍ നിന്നുള്ള ഡിവൈന്‍ മേഴ്സി വിദഗ്ദനും അര്‍ജന്റീനിയന്‍ വൈദികനുമായ ഫാ. മൗരോ കാര്‍ലോറോസി പറഞ്ഞു. ക്രാക്കോവിലെ മെത്രാപ്പോലീത്തയായിരുന്ന കാലത്ത് ജോണ്‍ പോള്‍ രണ്ടാമന് വിശുദ്ധയുടെ ജീവിതത്തേക്കുറിച്ചും പ്രശസ്തമായ ഡയറിയെ കുറിച്ചും ശാസ്ത്രീയവും, വിശദവുമായി പഠിച്ചിരിന്നു. ഇതിനെ തുടര്‍ന്നാണ് വിശുദ്ധയുടെ നാമകരണ നടപടികള്‍ ആരംഭിച്ചത്.
വിശുദ്ധന് തന്നെയാണ് 1993-ല്‍ സിസ്റ്റര്‍ ഫൗസ്റ്റീനയെ വാഴ്ത്തപ്പെട്ടവളായും, 2000 ഏപ്രില്‍ 30-ന് വിശുദ്ധയായും പ്രഖ്യാപിച്ചത്. മൂന്നാം സഹസ്രാബ്ദത്തിലെ ആദ്യ വിശുദ്ധയാണ് വിശുദ്ധ ഫൗസ്റ്റീന. അന്നേ ദിവസം തന്നെ കര്‍ത്താവ് വിശുദ്ധയോട് അരുളി ചെയ്തതനുസരിച്ച് ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന രണ്ടാം ഞായറാഴ്ച ദൈവകരുണയുടെ തിരുനാളായി പ്രഖ്യാപിച്ചിരിന്നു. വിശുദ്ധ ഫൗസ്റ്റീനയുടെ സന്ദേശത്തില്‍ നിന്നും സാക്ഷ്യത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ജോണ്‍ പോള്‍ രണ്ടാമന് തന്റെ രണ്ടാമത്തെ ചാക്രിക ലേഖനമായ ‘ഡൈവ്സ് ഇന്‍ മിസെരികോര്‍ഡിയ’ രചിച്ചത്.
വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനായതു മുതല്‍ ദൈവം തന്റെ കരുണയെ പ്രചരിപ്പിക്കുവാന്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, തന്നെ തന്റെ മരണ സമയത്ത് ദൈവകരുണക്കും, കന്യകാമാതാവിനും സമര്‍പ്പിക്കണമെന്നും പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പറഞ്ഞിരിന്നു. വിശുദ്ധ ഫൗസ്റ്റീന വഴിയാണ് കരുണ കൊന്ത ചൊല്ലുവാന്‍ കര്‍ത്താവ് ലോകത്തോട് ആഹ്വാനം ചെയ്തത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.