അനുദിന വളർച്ചയുടെ ജീവിതമാണ് വിശ്വാസത്തിന്റേത്: ഫ്രാൻസിസ് പാപ്പാ

റോമാ നഗരത്തിന്റെ മധ്യസ്ഥർ കൂടിയായ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരെപ്പോലെ, വിശ്വാസത്തിന്റെ ജീവിതത്തിൽ അനുദിനം വളരാൻ ഓരോ ക്രൈസ്തവനും പഠിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ.

വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-ആം തീയതി ബുധനാഴ്ച മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ ത്രികാലപ്രാർത്ഥന നയിക്കുന്നതിന് മുൻപായി, പത്രോസിന്റെ ചത്വരത്തിലെത്തിയ പതിനയ്യായിരത്തോളം വിശ്വാസികളെ അഭിസംബോധന ചെയ്യവേ, പത്രോസിന്റെയും പൗലോസിന്റെയും ജീവിതങ്ങൾ ഓരോ ക്രൈസ്തവനും വിശ്വാസ ജീവിതത്തിനുള്ള മാതൃകയാണെന്ന് പാപ്പാ പറഞ്ഞു.

വിശുദ്ധ പത്രോസിന്റെ ജീവിതത്തിൽ, ശിമെയോനെന്ന മത്സ്യബന്ധനത്തൊഴിലാളിയിൽനിന്ന് ക്രിസ്തുവിനായി ജീവൻ നൽകുന്ന വ്യക്തിയിലേക്ക് വളരുന്നതിനായി പത്രോസ്, ക്ഷമാപൂർവ്വം ഏറെക്കാലം വിശ്വാസം അഭ്യസിക്കേണ്ടിവരുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതുപോലെതന്നെ നമ്മുടെയും വിചിന്തനവും പ്രവർത്തികളും പൂർണ്ണമായും സുവിശേഷത്തിന്റേതുപോലെ ആകാൻ സമയവും, ക്ഷമയും, വളരെയധികം വിനയവും ആവശ്യമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു. പത്രോസിനെപ്പോലെതന്നെ, പാകപ്പെടലിന്റെയും, ആന്തരികസംഘട്ടനങ്ങളുടെയും അനുഭവങ്ങളിലൂടെ കടന്നുപോകുന്നതിലൂടെയാണ് ധൈര്യപൂർവ്വം കർത്താവിന് സാക്ഷ്യം നൽകാൻ ക്രൈസ്തവർക്ക് സാധിക്കുക.

വിശുദ്ധ പൗലോസിന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞ പാപ്പാ, അനിശ്ചിതത്വത്തിന്റെയും, സംശയങ്ങളുടെയും അനുഭവങ്ങൾ ജീവിച്ച്, വിശ്വാസത്തെ പാകപ്പെടുത്തിയെടുക്കുന്നതിലേക്ക് പൗലോസ് കടന്നുവരുന്ന മാർഗ്ഗം എളുപ്പമുള്ളതായിരുന്നില്ല എന്ന് ഓർമ്മിപ്പിച്ചു. വിശ്വാസയാത്ര, ഉദ്യാനത്തിലൂടെയുള്ള ഒരു നടത്തം പോലെയല്ലെന്നും, അത് നിഷ്കർഷതകൾ ഉള്ളതും, ബുദ്ധിമുട്ടേറിയതുമാണെന്നും, പാലോസിന്റെ ജീവിതം നമുക്ക് കാണിച്ചുതരുന്നുണ്ട്.

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ, ദൈവപുത്രനായ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്ന ഓരോ ക്രിസ്ത്യാനിയും, എല്ലാം തനിക്ക് മനസ്സിലായി എന്ന മനോഭാവത്തിൽനിന്ന്, ഇനിയും തനിക്ക് പഠിക്കാനുണ്ട് എന്ന മനോഭാവത്തിലേക്ക് വളരണമെന്നും, ബുദ്ധിമുട്ടുകളും പരീക്ഷണങ്ങളും, നിരാശയ്ക്കും പരാതികൾക്കും ഉള്ള കാരണമാകാതെ, കർത്താവിലുള്ള വിശ്വാസത്തിൽ ആഴപ്പെടാനും, വളരാനുമുള്ള അവസരമാക്കി മാറ്റാൻ നാം ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യം നമ്മോടുതന്നെ ചോദിക്കാമെന്നും പാപ്പാ പറഞ്ഞു. അപ്പസ്തോലന്മാരെ അനുകരിച്ചുകൊണ്ട്, വിശ്വാസവഴിയിൽ മുന്നേറാൻ, അപ്പസ്തോലന്മാരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയം, നമ്മെ സഹായിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles