ഇന്നത്തെ വിശുദ്ധന്‍: അക്വിറ്റൈനിലെ കുമ്പസാരകനായിരുന്ന വിശുദ്ധ പ്രോസ്പെര്‍

June 25: വിശുദ്ധ പ്രോസ്പെര്‍

എ‌ഡി 403-ലാണ് വിശുദ്ധ പ്രോസ്പെര്‍ ജനിച്ചതെന്ന് കരുതപ്പെടുന്നു. വിശുദ്ധന്‍ തന്റെ യുവത്വത്തില്‍ വ്യാകരണവും, വിശുദ്ധ ലിഖിതങ്ങളും പഠിച്ചിരുന്നുവെന്ന് അദേഹത്തിന്റെ രചനകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌. അദ്ദേഹത്തിന്റെ വിശുദ്ധിയും, ദിവ്യത്വവും കാരണം സമപ്രായക്കാര്‍വരെ വിശുദ്ധനെ ‘ആദരണീയന്‍’ അല്ലെങ്കില്‍ ‘ദിവ്യന്‍’ എന്നിങ്ങനെയൊക്കെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്. പിന്നീട് വിശുദ്ധന്‍ തന്റെ സ്വന്തം രാജ്യമായ അക്വിറ്റൈന്‍ ഉപേക്ഷിച്ച് പ്രോവെന്‍സിലോ ഒരുപക്ഷേ മാര്‍സെയില്ലെസിലോ താമസമുറപ്പിച്ചു.

അക്കാലത്ത് മാര്‍സെയില്ലെസിലെ ചില പുരോഹിതര്‍ അടങ്ങിയ ഒരുവിഭാഗം വിശുദ്ധ ഓസ്റ്റിന്‍ തന്റെ ഗ്രന്ഥത്തില്‍ പെലജിയാനിസത്തിനെതിരായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മനുഷ്യരുടെ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവിനെ ഹനിക്കുന്നതാണെന്ന് വാദിച്ചുകൊണ്ട് വിവാദങ്ങള്‍ ഉണ്ടാക്കികൊണ്ടിരുന്നു. ദൈവീക സഹായം കൂടാതെ തന്നെ നന്മയും, തിന്മയും തിരിച്ചറിയുവാനുള്ള കഴിവ് മനുഷ്യര്‍ക്കുണ്ട് എന്നതായിരുന്നു പെലജിയനിസക്കാരുടെ സിദ്ധാന്തം.

എന്നാല്‍ വിശ്വാസത്തിന്റെ തുടക്കം ദൈവാനുഗ്രഹമില്ലാതെ നമ്മുടെ സ്വന്തം ആഗ്രഹത്തിനനുസരിച്ചാണെന്നായിരുന്നു സെമിപെലജിയനിസക്കാരുടെ പ്രമാണം. ഈ രണ്ടു മതവിരുദ്ധ വിഭാഗങ്ങളുടേയും സിദ്ധാന്തങ്ങള്‍ യേശുവും, അപ്പസ്തോലന്‍മാരും പഠിപ്പിച്ചിട്ടുള്ള സിദ്ധാന്തങ്ങള്‍ക്കെതിരായിട്ടുള്ളതായിരുന്നു. ഹിലാരി എന്ന് പേരായ ഭക്തനും പണ്ഡിതനുമായിരുന്ന ഒരു അത്മായന്‍, വിശുദ്ധ ഓസ്റ്റിന്റെ സിദ്ധാന്തത്തേയും, തിരുസഭയോടുള്ള ഭക്തിയേയും സംരക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിവന്നിരുന്നു. നമ്മുടെ വിശുദ്ധനും അദ്ദേഹത്തിന്റെ ശ്രമങ്ങളില്‍ പങ്കാളിയായി. വിശുദ്ധന്റെ അറിവും, നന്മയും, അസാധാരണമായ കഴിവുകളും അദ്ദേഹത്തെ മതവിരുദ്ധവാദക്കാരെ പ്രതിരോധിക്കുവാന്‍ തക്ക ശക്തിയുള്ള ഒരു മനുഷ്യനാക്കി തീര്‍ത്തിരുന്നു.

ഹിലാരിയുടെ ഉപദേശത്താല്‍ വിശുദ്ധന്‍, മാര്‍സെയില്ലെസിലെ പുരോഹിതന്‍മാരുടെ തെറ്റുകളെ വിശദീകരിച്ചുകൊണ്ട് വിശുദ്ധ ഓസ്റ്റിന് ഒരു കത്തെഴുതി. അതേതുടര്‍ന്ന് അവരുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുവാനും, അവരെ പറഞ്ഞ് മനസ്സിലാക്കുവാനുമായി വിശുദ്ധ ഓസ്റ്റിന്‍ രണ്ട് ഗ്രന്ഥങ്ങള്‍ തയാറാക്കി. 428-429 കാലയളവിലാണ് ഇക്കാര്യങ്ങള്‍ സംഭവിച്ചത്. സെമിപെലാജിയന്‍സിനെ ബോധ്യപ്പെടുത്തുവാന്‍ ഈ രണ്ട് ഗ്രന്ഥങ്ങളും പര്യാപ്തമായിരുന്നുവെങ്കിലും, അവരുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുവാന്‍ ഈ ഗ്രന്ഥങ്ങള്‍ക്ക് കഴിഞ്ഞില്ല.

പാപ്പായുടെ തീരുമാനത്തിനനുസരിച്ച് മാത്രമേ തങ്ങള്‍ നില്‍ക്കുകയുള്ളൂവെന്നു സെമി-പെലാജിയന്‍സ് പ്രഖ്യാപിച്ചതോടെ വിശുദ്ധ പ്രോസ്പെറും, ഹിലാരിയും വളരെയേറെ ആവേശപൂര്‍വ്വം റോമില്‍ പോവുകയും, പാപ്പായെ ഈ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ അറിഞ്ഞ സെലസ്റ്റിന്‍ പാപ്പാ മാര്‍സെയില്ലെസിലേയും, സമീപ പ്രദേശങ്ങളിലേയും മെത്രാന്‍മാര്‍ക്ക് വിശുദ്ധന്‍ ഓസ്റ്റിന്റെ സിദ്ധാന്തങ്ങളെ ന്യായീകരിച്ചുകൊണ്ട് സൈദ്ധാന്തികമായ ഒരു കത്തെഴുതി. എന്നാല്‍ വേദപാരംഗതനായ വിശുദ്ധ ഓസ്റ്റിന്‍ 431-ല്‍ മരിച്ചതിനു ശേഷമാണ് ഈ സംഭവവികാസങ്ങള്‍ ഉണ്ടായത്.

പക്ഷേ പ്രശ്നങ്ങള്‍ അതുകൊണ്ടും തീര്‍ന്നില്ല, അതിനാല്‍ മതവിരുദ്ധവാദികളെ തന്റെ തൂലികകൊണ്ട് നേരിടുവാന്‍ വിശുദ്ധന്‍ തീരുമാനിച്ചു. തുടര്‍ന്നാണ്‌ ‘നന്ദിയില്ലാത്തവര്‍’ എന്ന കവിത വിശുദ്ധന്‍ രചിച്ചത്. ഏതാണ്ട് 431-ലാണ് ഈ കവിത തയാറാക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. കവിതയുടെ ശീര്‍ഷകത്തിലൂടെ സെമിപെലാജിയനിസക്കാരേയാണ് വിശുദ്ധന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇത് വിശുദ്ധന്റെ ഏറ്റവും വിശേഷപ്പെട്ട ഒരു രചനയായി പരിഗണിക്കപ്പെടുന്നു.

440-ല്‍ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട മഹാനായ വിശുദ്ധ ലിയോ, വിശുദ്ധ പ്രോസ്പറിനെ റോമിലേക്ക് ക്ഷണിക്കുകയും തന്റെ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് സഭയുടെ പല പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും വിശുദ്ധനെ ഏല്‍പ്പിക്കുകയും ചെയ്തു. തലസ്ഥാന നഗരിയില്‍ വീണ്ടും വളര്‍ച്ച പ്രാപിച്ച് കൊണ്ടിരിന്ന പെലജിയന്‍ മതവിരുദ്ധവാദത്തെ വിശുദ്ധന്‍ തന്നാല്‍ കഴിയും വിധം ഇല്ലാതാക്കി. വിശുദ്ധ പ്രോസ്പര്‍ ‘നന്ദിയില്ലാത്തവര്‍’ എന്ന കവിതക്ക് പുറമേ ചില ചെറിയ പദ്യങ്ങളും രചിച്ചിട്ടുണ്ട്. അതിലൊന്നാണ് ‘നെസ്റ്റൊറിയന്‍, പെലജിയന്‍ മതവിരുദ്ധ വാദങ്ങള്‍ക്കൊരു ചരമക്കുറിപ്പ്‌’ എന്ന ചെറു കവിത. കൂടാതെ വിശുദ്ധ ഓസ്റ്റിന്റെ ശത്രുക്കള്‍ക്കെതിരായി രണ്ട് ലഘു കവിതകളും വിശുദ്ധന്‍ രചിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിനിടെ സെമിപെലജിയന്‍ വാദികള്‍വിശുദ്ധനെതിരെ പല ദോഷാരോപണങ്ങളും പ്രസിദ്ധീകരിച്ചു. ഇതിനുപുറമേ ഗൗളിഷ്‌ പുരോഹിതന്‍ എന്ന് കരുതപ്പെടുന്ന വിന്‍സെന്റ് എന്ന് പേരായ ഒരാള്‍ വിശുദ്ധന്റെ രചനക്കെതിരായി പതിനാറോളം രചനകള്‍ പ്രസിദ്ധീകരിച്ചു. അതിനെതിരായി വിശുദ്ധ പ്രോസ്പര്‍ രണ്ട് ഗ്രന്ഥങ്ങള്‍ രചിച്ചുകൊണ്ട് അവരുടെ ആക്ഷേപങ്ങളെ ഖണ്ഡിച്ചു. അതിലൊന്ന് ഗൗളുകളുടെ ആക്ഷേപത്തിനുള്ള മറുപടിയും, മറ്റൊന്ന് വിന്‍സെന്റിന്റെ ആക്ഷേപത്തിനുള്ള മറുപടിയുമായിരുന്നു. ജെനോവയിലെ രണ്ട് പുരോഹിതന്‍മാര്‍ക്കായി വിശുദ്ധന്‍ എഴുതിയ ഒരു ഗ്രന്ഥത്തിന്റെ ഉള്ളടക്കം വിശുദ്ധ ഓസ്റ്റിന്റെ രചനകളിലെ ചില വാക്യങ്ങളുടെ വ്യാഖ്യാനമായിരുന്നു.

മാര്‍സെയില്ലെസിലെ ആശ്രമാധിപതിയായിരുന്ന കാസ്സിയന്‍ തന്റെ ഗ്രന്ഥം വഴി വിശ്വാസത്തിന്റെ തുടക്കം മനുഷ്യരില്‍ നിന്നുമാണെന്ന് വാദിച്ചപ്പോള്‍ വിശുദ്ധന്‍ അദ്ദേഹത്തിന്റെ രചനയില്‍ നിന്നും പന്ത്രണ്ട് ഭാഗങ്ങള്‍ എടുത്ത്‌, അവയിലെ തെറ്റുകള്‍ ചൂണ്ടികാട്ടുകയും, പെലജിയന്‍ വാദികള്‍ക്കെതിരായി പുറത്തിറക്കിയ പ്രമാണങ്ങള്‍ വഴി തിരുസഭ നിന്ദിച്ചിട്ടുള്ളവവയാണ് അദ്ദേഹത്തിന്റെ ആശയങ്ങളെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു. വിശുദ്ധ ഓസ്റ്റിന്റെ രചനകളെ അടിസ്ഥാനമാക്കി വിശുദ്ധ പ്രോസ്പര്‍ രചിച്ച നാനൂറോളം ആപ്തവാക്യങ്ങളടങ്ങിയ ഗ്രന്ഥം ‘ദൈവാനുഗ്രഹ സിദ്ധാന്തത്തിന്റെ’ വിശേഷപ്പെട്ട കൃതിയായി കണക്കാക്കപ്പെടുന്നു. വിശുദ്ധനെഴുതിയ ചരിത്രഗ്രന്ഥം ലോകത്തിന്റെ ആരംഭത്തേപ്പറ്റി വിവരിച്ചുകൊണ്ട് ആരംഭിച്ച് എ.ഡി 455 വരെയുള്ള കാര്യങ്ങള്‍ പ്രതിപാദിച്ചുകൊണ്ടവസാനിക്കുന്നു. വിശുദ്ധ പ്രോസ്പെറിന്റെ മരണത്തെ പറ്റി കാര്യമായ വിവരങള്‍ ലഭ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ നാമം റോമന്‍ രക്തസാക്ഷിത്വ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

വിശുദ്ധ പ്രോസ്പെര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles