സ്വര്‍ഗസ്ഥനായ പിതാവേയില്‍ ‘ഞാന്‍’ ഇല്ല: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍: ദൈവവുമായുളള സംഭാഷണത്തിനിടയില്‍ സ്വാര്‍ത്ഥതയ്ക്ക് ഇടമില്ല. സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ ഞാന്‍ എന്ന വാക്കിനോ മനോഭാവത്തിനോ സ്ഥാനമില്ല, ഞങ്ങള്‍ എന്ന വാക്കാണ് യേശു ഉപയോഗിച്ചതെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
ദൈവസന്നിധിയില്‍ നില്‍ക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും നാം മറ്റുള്ളവരെ കുറിച്ച് സ്നേഹപൂര്‍വം ചിന്തിക്കണമെന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ് യേശു സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന പഠിപ്പിച്ചതെന്നും പാപ്പാ വിശദമാക്കി.
പ്രാര്‍ത്ഥനയിലൂടെ ഒരു ക്രിസ്ത്യാനി തനിക്കു ചുറ്റുമുള്ളവരുടെ ദുഖങ്ങളും പ്രയാസങ്ങളും ദൈവസന്നിധിയിലേക്ക് കൊണ്ടു വന്ന് സമര്പിക്കുകയാണ് ചെയ്യുന്നത്. സായാഹ്നമാകുമ്പോള്‍ ആ ദിവസം താന്‍ അനുഭവിച്ച കഷ്ടതകള്‍ ദൈവത്തോട് ഏറ്റു പറയുകയാണ് ചെയ്യുന്നത്.
സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എ്ന്ന പ്രാര്‍ത്ഥനയുടെ ആദ്യഭാഗം അങ്ങയുടെ നാമം പൂജിതമാകണേ, അങ്ങയുടെ രാജ്യം വരേണമേ… എന്നെല്ലാമാണ്. അങ്ങ് എന്ന വാക്കിനാണ് അതില്‍ പ്രാധാന്യം.
എന്നാല്‍ രണ്ടാം ഭാഗത്ത് ഞാന്‍ അല്ല ഞങ്ങള്‍ ആണ് വരുന്നത്. നമുക്ക് ചുറ്റിനും സഹിക്കുന്നവരെയും കഷ്ടത അനുഭവിക്കുന്നവരെയും ഓര്‍ക്കാന്‍ യേശു നമ്മെ ക്ഷണിക്കുകയാണ്. അവരെ ഓര്‍ത്തു കൊണ്ടു വേണം നാം ദൈവസന്നിധിയില്‍ പ്രാര്‍ത്ഥനയ്ക്കായി നില കൊള്ളേണ്ടത്, പാപ്പ പറഞ്ഞു.